‘യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു’ ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവത്തിൽ പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ;

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവത്തിൽ പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ; 'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'

കൊച്ചി: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിൽ എസ്എച്ച്ഒ ആയിരിക്കെ ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവത്തിൽ പ്രതികരിച്ച് ആരോപണ വിധേയനായ നിലവിലെ അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ. കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ യുവതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോള്‍ പെട്ടെന്നുണ്ടായ പ്രതികരണമായിരുന്നുവെന്നും വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തുവെന്നും പ്രതാപചന്ദ്രൻ പറഞ്ഞു.

കൈക്കുഞ്ഞുങ്ങളെ യുവതി താഴെ എറിയാൻ ശ്രമിച്ചുവെന്നും സ്റ്റേഷനിൽ അതിക്രമിച്ച് കയറി അക്രമം തുടര്‍ന്നതോടെയാണ് ആ സാഹചര്യത്തിൽ പെട്ടെന്ന് പ്രതിരോധിക്കാനായി അത്തരത്തിൽ പ്രതികരിച്ചതെന്നും പ്രതാപചന്ദ്രൻ പറഞ്ഞു. അതിക്രമത്തിന്‍റെ ദൃശ്യങ്ങള്‍ തെളിവായുണ്ടെന്നാണ് പൊലീസ് പറയുന്നത്.

നിലവിൽ അരൂര്‍ എസ്എച്ച്ഒ ആയ പ്രതാപചന്ദ്രൻ 2024ൽ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിൽ എസ്എച്ച്ഒ ആയിരിക്കെ ഗര്‍ഭിണിയായ സ്ത്രീയെ മുഖത്തടിച്ചക്കുകയും നെഞ്ചിൽ പിടിച്ചു തള്ളുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. കസ്റ്റഡിയിലെടുത്തയാളുടെ ഭാര്യയെ ആണ് പ്രതാപചന്ദ്രൻ ക്രൂരമായി തല്ലിയത്. കോടതി ഉത്തരവിലൂടെയാണ് മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പരാതിക്കാരിക്ക് ലഭിച്ചത്.

ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പ്രതാപചന്ദ്രനെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ ഡിജിപിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശം നൽകി. എസ്എച്ച്ഒക്കെതിരെ ഉടൻ നടപടിയുണ്ടാകുമെന്നാണ് വിവരം. അതേസമയം, നിലവിൽ എസ്എച്ച്ഒയ്ക്കെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പരാതികളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നുമാണ് ആലപ്പുഴ എസ്‍പി മോഹനചന്ദ്രൻ പ്രതികരിച്ചത്. ഒന്‍പത് മാസം മുമ്പാണ് പ്രതാപചന്ദ്രൻ അരൂര്‍ എസ്എച്ച്ഒ ആയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News