മുംബൈ: ടിആർപി തട്ടിപ്പിൽ റിപ്പബ്ലിക് ടിവി എഡിറ്റർ അർണാബ് ഗോസ്വാമിയുടേതെന്ന പേരിൽ വാട്സ് ആപ്പ് സന്ദേശങ്ങൾ സമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നു. അർണാബും ബാർക് മുൻ സിഇഒ പാർഥോ ദാസ് ഗുപ്തയും നടത്തിയന്ന് പറയുന്ന ചാറ്റാണ് പ്രചരിക്കുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് ശേഖരിച്ച തെളിവാണ് പുറത്ത് വന്നതെന്നാണ് പ്രചാരണം. എന്നാൽ, മുംബൈ പൊലീസ് ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
പ്രശാന്ത് ഭൂഷൺ ഉൾപ്പടെയുള്ള പ്രമുഖർ പങ്കുവച്ചിരിക്കുന്ന 500 ലേറെ പേജുള്ള വാട്സ് ആപ്പ് ചാറ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. അർണാബും പാർഥോ ദാസ് ഗുപ്തയും നടത്തിയതെന്ന് പറയപ്പെടുന്ന ഈ ചാറ്റ് വിവരങ്ങൾ ട്വിറ്ററിനെ ഇളക്കിമറിക്കുകയാണ്. റേറ്റിംഗ് ഏജൻസിയായ ബാർക്കിന്‍റെ പ്രവർത്തനം കൂടുതൽ സുതാര്യവും കാര്യക്ഷമവും ആക്കാനായി കഴിഞ്ഞ വർഷം ട്രായ് ചില നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചിരുന്നു. ഇത് തിരിച്ചടിയാകുമെന്നും സഹായിക്കണമെന്നും അർണാബിനോട് ആവശ്യപ്പെടുന്ന ഭാഗമാണ് കൂടുതൽ വിവാദം. ബാർക് അർണാബിന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ടെന്ന് പാർഥോ ദാസ് ഗുപ്ത പറയുന്നു. ട്രായുടെ ഇടപെടൽ തടയാൻ പ്രധാനമന്ത്രിയുടെ സഹായം അർണാബും ഉറപ്പ് നൽകുന്നു. രാഷ്ട്രീയമായി തീരുമാനമുണ്ടാക്കാവുന്ന തിരിച്ചടി എ എസ് എന്നൊരാളെ ബോധ്യപ്പെടുത്തണമെന്ന് പാർഥോ ദാസ് പറയുന്നുണ്ട്. ഇത് അമിത് ഷായെ ഉദ്ദേശിച്ചാണെന്നാണ് ഒരു വാദം.
ചുരുക്കത്തിൽ ബിജെപിയ്ക്കായി അർണാബും, അർണാബിനായി ബാർകും പ്രവർത്തിച്ചെന്ന് വ്യക്തമായെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമർശനം. ജമ്മു കശ്മീരിന്‍റെ പ്രത്യേക അധികാരം ഒഴിവാക്കുന്ന കാര്യം അർണാബിന് നേരത്തെ ചോർന്ന് കിട്ടിയെന്ന സൂചനയും ചാറ്റുകളുണ്ട്. മുംബൈ പൊലീസിന്‍റെ അന്വേഷണത്തിനെതിരായ അർണാബിന്‍റെ ഹർജി ബോംബെ ഹൈക്കോടതി പരിഗണിച്ചിരുന്നു. ഹർജി ഇനി പരിഗണിക്കുന്ന 29 വരെ അറസ്റ്റ് ചെയ്യില്ലെന്ന് മുംബൈ പൊലീസും കോടതിയെ അറിയിച്ചു. പിന്നാലെയാണ് ചാറ്റുകൾ പുറത്ത് വന്നതെന്നതും ശ്രദ്ധേയമാണ്. അറസ്റ്റിലായ പാർഥോ ദാസ് ഗുപ്തയ്ക്ക് അർണാബ് വൻ തോതിൽ പണം നൽകിയെന്ന് തെളിവുകൾ സഹിതം പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.