ചെന്നൈ:റോജ എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ മധുബാല. മണിരത്നം ചിത്രത്തിൽ അരവിന്ദ് സ്വാമിക്കൊപ്പമാണ് മധു ഈ സിനിമയിൽ അഭിനയിച്ചത്. രണ്ട് പേരുടെയും കരിയറിലെ നാഴിക കല്ലായി ആ സിനിമ മാറി, ഇപ്പോഴും റോജ എന്ന സിനിമയ്ക്ക് നിരവധി ആരാധകരുണ്ട്. തമിഴ്, തെലുങ്ക് സിനിമകളിൽ കൂടുതലും ശ്രദ്ധ നേടിയ മധു മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷമാണ് മധു സിനിമകളിൽ നിന്ന് മാറി നിൽക്കാൻ തുടങ്ങിയത്.
1999 ലാണ് ബിസിനസ്കാരനായ അനന്ദ് ഷായുമായി വിവാഹം കഴിക്കുന്നത്. ഇപ്പോൾ സിനിമകളിൽ വീണ്ടും സജീവമാവുകയാണ് മധു. ഇപ്പോഴിതാ സിനിഉലകം ചാനലിന് മധു നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. കരിയറിൽ തിളങ്ങി നിന്ന കാലഘട്ടത്തെക്കുറിച്ചും ഒപ്പം അഭിനയിച്ചവരെക്കുറിച്ചും മധു സംസാരിച്ചു.
ജെന്റിൽ മാൻ എന്ന 1993 ലിറങ്ങിയ സിനിമയെക്കുറിച്ചും ഒപ്പം അഭിനയിച്ച നടൻ അർജുനെക്കുറിച്ചും മധു സംസാരിച്ചു. ആ പടത്തിൽ ഞാൻ ഡാൻസ് ചെയ്ത പാട്ടുകൾ എനിക്ക് വളരെ ഇഷ്ടമാണ്. അതിൽ അർജുൻ എന്റെ ഇടുപ്പിൽ പിച്ചുന്ന സീൻ ഉണ്ടായിരുന്നു.
നിന്റെ ഇടുപ്പ് ഇങ്ങനെയാണോ എന്ന് അർജുൻ ചോദിക്കുമായിരുന്നു. എന്നെ കണ്ടാൽ അർജുൻ എപ്പോഴും ചിരിക്കുമായിരുന്നു.
എന്തിനാണ് എന്നെ കാണുമ്പോഴൊക്കെ ചിരിക്കുന്നതെന്ന് ഞാൻ ചോദിച്ചു. എനിക്ക് അദ്ദേഹവുമായി നല്ല ബന്ധം ആയിരുന്നു. ഒരു ആക്ടറിനോട് ഫ്രണ്ട്ലി ആയിരിക്കാൻ പറ്റുമെന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായത്. ഇമോഷണൽ സീനുകളിൽ എന്റെ ശബ്ദത്തിന്റെ സീൽക്കാരം കൂടും. അതെന്താ എലി കരയുന്ന പോലൊരു ശബ്ദം എന്നാണ് അർജുൻ ചോദിച്ചിരുന്നത്.
‘മിസ്റ്റർ റോമിയോയിൽ ഒരു ഫുൾ ഡാൻസ് സീൻ ഉണ്ടായിരുന്നു. ഞാൻ സ്റ്റെപ്പ് പഠിക്കാൻ സമയമെടുക്കുമെന്ന് പ്രഭുദേവ കരുതി. ഡാൻസ് കൊറിയോഗ്രഫി ചെയ്ത അസിസ്റ്റന്റ്സിനെ ഏൽപ്പിച്ച് എവിടെയോ പോയി. എന്റെ ഈഗോ ഹർട്ട് ആയി. എനിക്ക് ഡാൻസ് അറിയില്ലെന്നാണോ അദ്ദേഹം കരുതിയതെന്ന് തോന്നി’
‘അദ്ദേഹത്തോടൊപ്പം എനിക്ക് മാച്ച് ചെയ്യാൻ പറ്റില്ലെന്നത് ശരിയാണ്. പക്ഷെ എനിക്കത് അൺകംഫർട്ടബിൾ ആയി. അതിന് ശേഷം ഡാൻസ് നടന്നു. റിലീസ് ആയി, എല്ലാവർക്കും ഇഷ്ടമായി. ഷൂട്ടിംഗിൽ എന്റെ അനുഭവം ഇതായിരുന്നു. എന്റെ ഈഗോ ഹർട്ട് ആയി’
‘മമ്മൂട്ടിയോടൊപ്പം വർക്ക് ചെയ്യുമ്പോൾ ഞാൻ പുതുമുഖം ആണ്. അദ്ദേഹം ഘനഗാംഭീര്യമുള്ള ശബ്ദമുള്ള ആളാണ്. ഫ്രണ്ട്ലി ആയിരുന്നില്ല. ദുൽഖർ വളരെ ഈസി ഗോയിംഗ് ആണ്. ഒപ്പം അഭിനയിക്കുമ്പോൾ അഭിനയിക്കുകയാണെന്നേ തോന്നില്ല, അത്രയും നാച്വറലായി അഭിനയിക്കാൻ പറ്റുമെന്ന് അപ്പോഴാണ് മനസ്സിലായത്,’ മധു പറഞ്ഞു.
സിനിമകൾ ഇന്ന് ഒരുപാട് മാറിയെന്നും ബോളിവുഡിൽ ദീപിക പദുകോൺ, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര തുടങ്ങിയവർ വിവാഹ ശേഷവും അഭിനയ രംഗത്ത് തുടരുന്നുണ്ടെന്നും മധു ചൂണ്ടിക്കാട്ടി. സ്ത്രീകൾ ഒരുമിച്ച് നിൽക്കേണ്ടതുണ്ട്, പലപ്പോഴും സ്ത്രീകളുടെ ശത്രുക്കൾ സ്ത്രീകൾ തന്നെയാണ്. ഒരുമിച്ച് നിന്നാൽ എല്ലാവരും ശക്തരാണെന്നും നടി വ്യക്തമാക്കി. ഗൗതമിയാണ് ഷോയിൽ അവതാരക ആയെത്തിയത്. സിനിമകളിൽ നിറഞ്ഞ് നിന്ന കാലഘട്ടത്തിലെ നടിയുടെ ഫോട്ടോകളും ഗൗതമി ഷോയിൽ കാണിച്ചു.