ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു;മുഹമ്മദ് ഷമിക്കും മുരളി ശ്രീശങ്കറിനും അര്‍ജുന അവാര്‍ഡ്

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളി ലോങ്ജമ്പ് താരം മുരളി ശ്രീശങ്കര്‍ അര്‍ജുന അവാര്‍ഡിന് അര്‍ഹനായി. ഈ വര്‍ഷത്തെ അര്‍ജുന അവാര്‍ഡ് പട്ടികയിലെ ഏക മലയാളിയാണ് മുരളി ശ്രീശങ്കര്‍. ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും അര്‍ജുന അവാര്‍ഡ് ലഭിച്ചു. 26 കായികതാരങ്ങളാണ് അര്‍ജുന അവാര്‍ഡിന് അര്‍ഹരായത്.

ദേശീയ കായിക പുരസ്‌കാരത്തില്‍ ഏറ്റവും വലിയ ബഹുമതിയായ ഖേല്‍രത്‌ന അവാര്‍ഡ് ബാഡ്മിന്റണ്‍ താരജോഡികളായ ചിരാഗ് ഷെട്ടിയും സാത്വിക് സായിരാജ് രങ്കിറെഡിയും പങ്കിട്ടു. ദേശീയ കായിക മന്ത്രാലയമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 2024 ജനുവരി ഒന്‍പതിന് രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.

ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയ്ക്കായി മിന്നും പ്രകടനമാണ് ഷമി കാഴ്ചവച്ചത്. ഏഴ് കളികളില്‍ നിന്ന് മാത്രം 24 വിക്കറ്റാണ് ഷമി വീഴ്ത്തിയത്. അതേസമയം മികച്ച പരിശീലകര്‍ക്ക് നല്‍കുന്ന ദ്രോണാചാര്യ പുരസ്‌കാരം ലളിത് കുമാര്‍ (റെസ്ലിംഗ്), ആര്‍ ബി രമേശ് (ചെസ്) എന്നിവര്‍ക്കാണ് ലഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News