കൊച്ചി: രാമനാട്ടുകര സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കി കസ്റ്റംസിന് മുന്നില്‍ ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ രണ്ട് അഭിഭാഷകര്‍ക്കൊപ്പമാണ് അര്‍ജുന്‍ എത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു.
കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസിലാണ് കസ്റ്റംസ് അര്‍ജുനെ ചോദ്യം ചെയ്യുന്നത്. കേസില്‍ പിടിയിലായ മുഹമ്മദ് ഷെഫീഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അര്‍ജുനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചത്. അര്‍ജുന്‍ നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. നേരത്തേ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ കസ്റ്റംസിന് മുന്നില്‍ ഹാജരാകുമെന്ന് അര്‍ജുന്‍ അറിയിച്ചിരുന്നു.
കള്ളക്കടത്ത് സ്വര്‍ണം കവര്‍ച്ച ചെയ്യാന്‍ അര്‍ജുന്‍ ആയങ്കി ഉപയോഗിക്കുന്ന ഓപ്പറേഷന്‍ രീതി വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത് വന്നിരുന്നു. ചെര്‍പ്പുളശേരി സംഘത്തില്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്ത ശേഷം അതേ സംഘത്തെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക വ്യക്തമാക്കുന്നതാണ് ശബ്ദരേഖ.
സ്വര്‍ണക്കടത്തുകാരെ സ്വാധീനിച്ച് കള്ളക്കടത്ത് സ്വര്‍ണം വെട്ടിക്കുന്നതാണ് അര്‍ജുന്റെ പതിവ്. സ്വര്‍ണം കടത്തുന്ന കരുവി സംഘങ്ങള്‍ക്ക് കവര്‍ച്ച ചെയ്യുന്ന സ്വര്‍ണത്തിന്റെ കമ്മിഷന്‍ നല്‍കും. സ്വര്‍ണം കവര്‍ച്ച ചെയ്ത ശേഷം കള്ളക്കടത്തു സംഘത്തെ അര്‍ജുന്‍ ഭീഷണിപ്പെടുത്തുന്നത് ശബ്ദരേഖയില്‍ വ്യക്തമാണ്. നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യൂ എന്നും തങ്ങള്‍ക്ക് പറ്റുന്നത് തങ്ങളും ചെയ്യുമെന്നുമാണ് അര്‍ജുന്‍ പറയുന്നത്. തട്ടിയെടുത്ത സ്വര്‍ണം കടലില്‍ എറിഞ്ഞാലും നിങ്ങള്‍ക്ക് തരില്ലെന്നും ശബ്ദരേഖയിലുണ്ട്.
അതേസമയം, അര്‍ജുന്‍ ആയങ്കി സ്വര്‍ണം തട്ടിയെടുത്തത് 22 തവണയെന്ന് കണ്ടെത്തല്‍. പതിനേഴ് കിലോയിലധികം സ്വര്‍ണമാണ് അര്‍ജുന്‍ തട്ടിയെടുത്തത്. കൊടുവള്ളി സംഘത്തിന്റെ സ്വര്‍ണമാണ് അധികവും തട്ടിയെടുത്തത്.