അരിക്കൊമ്പൻ കുമളി ടൗണിന് സമീപമെത്തി മടങ്ങി,ജാഗ്രതയോടെ വനംവകുപ്പ്

ഇടുക്കി : ചിന്നക്കനാലിൽ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പൻ കുമളി ടൗണിന് സമീപമെത്തി മടങ്ങി. കുമളി ടൌണിൽ നിന്നും ആകാശദൂര പ്രകാരം 6 കിലോമീറ്റർ അകലെ വരെ ആനയെത്തിയെന്നാണ് സിഗ്നലുകളിൽ നിന്നും വനംവകുപ്പിന് വ്യക്തമായത്.

ഇന്നലെ രാത്രിയിൽ ലഭിച്ച സിഗ്നൽ പ്രകാരമാണിത്. ഇതിനുശേഷം ആനയെ തുറന്നു വിട്ട മേദകാനം ഭാഗത്തേക്ക് തന്നെ അരിക്കൊമ്പൻ മടങ്ങി.
പെരിയാർ കടുവ സാങ്കേതത്തിന്റെ ഭാഗമായ വനത്തിനുള്ളിൽ തന്നെയാണ് നിലവിൽ ആനയുള്ളത്. വനം വകുപ്പ് സംഘം നിരീക്ഷണം തുടരുകയാണ്.

അരിക്കൊമ്പന്റെ പേരില്‍ വാട്ട്‌സാപ്പ് കൂട്ടായ്മ രൂപീകരിച്ച് പണം പിരിച്ചെന്ന പരാതിയില്‍ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിരുന്നു. അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരികെയെത്തിക്കാനുള്ള നിയമനടപടികള്‍ക്കും അരി വാങ്ങി നല്‍കാനെന്നും പറഞ്ഞാണ് പണപ്പിരിവ് നടന്നത്. പൊതുപ്രവര്‍ത്തകനും അഭിഭാഷകനുമായ ശ്രീജിത്ത് പെരുമന ഡിജിപിയ്ക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം.

ചിന്നക്കനാലില്‍ നിന്ന് മയക്കുവെടിവെച്ച് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന് വേണ്ടിയാണ് വാട്ട്‌സാപ്പ് കൂട്ടായ്മ പണം പിരിച്ചത്. ഏപ്രില്‍ 30 നാണ് എന്നും അരിക്കൊമ്പനൊപ്പം എന്ന പേരില്‍ വാട്ട്‌സാപ്പ് കൂട്ടായ്മ രൂപീകരിക്കുന്നത്. എറണാകുളം സ്വദേശികളാണ് ഗ്രൂപ്പ് അഡ്മിനുകള്‍. സംസ്ഥാനത്തുടനീളമുള്ള മൃഗസ്‌നേഹികളെ പിന്നീട് ഗ്രൂപ്പിന്റെ ഭാഗമാക്കി. അരിക്കൊമ്പനെ ചിന്നക്കനാലില്‍ തിരികെ കൊണ്ടുവരുന്നതിന് സുപ്രീംകോടതിയില്‍ കേസ് നടത്താനെന്ന പേരിലും അരി എത്തിച്ച് നല്‍കാമെന്നും പറഞ്ഞായിരുന്നു പണപ്പിരിവ്. പ്രവാസികളില്‍ നിന്നടക്കം 8 ലക്ഷത്തോളം രൂപ ഇതിനോടകം പിരിച്ചുവെന്നാണ് പരാതി. ഗ്രൂപ്പ് അംഗങ്ങളായ ചിലരാണ് പൊതുപ്രവര്‍ത്തകനായ ശ്രീജിത്ത് പെരുമനയെ വിവരം അറിയിക്കുന്നത്.

അന്വേഷണം തുടങ്ങിയ സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് അരിക്കൊമ്പനെ മുന്‍ നിര്‍ത്തി തയ്യാറാക്കിയ വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ നിരീക്ഷിക്കുന്നുണ്ട്. ഇതിനിടെ തങ്ങള്‍ക്ക് നേരെ നടക്കുന്നത് വ്യാജ ആരോപണങ്ങളാണെന്ന് ഉന്നയിച്ച് ഗ്രൂപ്പ് അഡ്മിന്‍ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അരികൊമ്പന് വേണ്ടി പണം പിരിച്ചിട്ടില്ല. കെയര്‍ ആന്റ് കണ്‍സേര്‍ണ്‍ ഫോര്‍ ആനിമല്‍സ് എന്ന പേരില്‍ ട്രസ്റ്റ് രൂപീകരിക്കാനാണ് ശ്രമമെന്ന് ഗ്രൂപ്പ് അഡ്മിന്‍ വ്യക്തമാക്കി.

ചിന്നക്കനാലില്‍ സ്ഥിരം ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ ഏപ്രില്‍ അവസാനത്തോടെയാണ് മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് തുറന്ന് വിട്ടത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷമായിരുന്നു അരിക്കൊമ്പനെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്ന് വിട്ടത്. ആനയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു വനം വകുപ്പിന്റെ നടപടി. മംഗളാദേവി ക്ഷേത്രത്തിന് സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉള്‍ക്കാട്ടിലാണ് ആനയെ തുറന്നു വിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News