25.4 C
Kottayam
Sunday, May 19, 2024

അരിക്കൊമ്പൻ വീണ്ടും കേരളത്തിലേക്ക് കടന്നു,40 കിലോമീറ്റര്‍ സഞ്ചരിച്ചു,നാട്ടുകാര്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം

Must read

കുമളി: ഇടുക്കിയിലെ ചിന്നക്കനാലിൽനിന്നു പിടികൂടി പെരിയാർ ടൈഗർ റിസർവ് വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പൻ തമിഴ്നാട് വനമേഖലയിലേക്കു പോയശേഷം വീണ്ടും പെരിയാർ റേഞ്ചിലെത്തിയെന്ന് വനംവകുപ്പ്. ഇന്നലെ രാത്രിയോടെ തമിഴ്നാട് വനമേഖലയിൽനിന്നു കേരളത്തിലേക്കു കടക്കുകയായിരുന്നു. നാലു ദിവസം കൊണ്ട് അരിക്കൊമ്പൻ സഞ്ചരിച്ചത് 40 കിലോമീറ്ററാണ്. ജനവാസമേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ തമിഴ്നാട് നിരീക്ഷണം ശക്തമാക്കിയിരുന്നു.

പെരിയാർ കടുവാസങ്കേതത്തോടു ചേർന്നുകിടക്കുന്ന മേഘമല വന്യജീവി സങ്കേതത്തിന്റെ താഴ്‌വാരത്ത് ചുരുളിയാർ ഭാഗത്ത് ഇന്നലെ ആനയെ കണ്ടിരുന്നു. ഈ ഭാഗത്തു താമസിക്കുന്നവരോടു ജാഗ്രത പാലിക്കാൻ തമിഴ്നാട് വനം വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

ജനവാസ മേഖലകളിൽനിന്ന് അധികം ദൂരെയല്ലാത്ത വനപ്രദേശത്തുനിന്നാണ് നിലവിൽ അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളർ സിഗ്നലുകൾ ലഭിക്കുന്നത്. വിവിധ സംഘങ്ങളായി അരിക്കൊമ്പനെ വനം വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുണ്ട്. സിഗ്നലുകൾ തേക്കടിയിലെ നിരീക്ഷണ കേന്ദ്രത്തിലാണ് ലഭിക്കുന്നത്. ആനയെ നേരിട്ടു കാണാനും നിരീക്ഷക സംഘത്തിനു കഴിഞ്ഞിരുന്നു.

അതേസമയം, പെരിയാർ വനത്തിനുള്ളിലെ മംഗളാദേവിയിൽ ഉത്സവം നടക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ വനപാലകരെ വിന്യസിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ഭക്തർ വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ഉത്സവത്തിന് എത്തുന്ന പശ്ചാത്തലത്തിലാണ് ആനയെ കൂടുതൽ നിരീക്ഷിക്കുന്നത്. മേഖലയിലേക്ക് അരിക്കൊമ്പൻ കടന്നുവന്നാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് കാരണമാണ് കൂടുതൽ സുരക്ഷ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week