27.6 C
Kottayam
Wednesday, May 8, 2024

സസ്പെന്‍ഷന് പിന്നാലെ മെസിയ്ക്ക്‌ അടുത്ത തിരിച്ചടി;നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളില്‍ ഒന്ന് തിരിച്ചെടുത്ത് യുവേഫ

Must read

സൂറിച്ച്: അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി ബാഴ്സലോണക്കൊപ്പം നേടിയ നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിൽ ഒന്ന് തിരിച്ചെടുത്ത് യുവേഫ. മെസി മൂന്ന് ചാമ്പ്യൻസ് കിരീടമേ നേടിയിട്ടുള്ളൂ എന്നാണ് യുവേഫയുടെ നിലപാട്. ഒന്നര പതിറ്റാണ്ട് എഫ് സി ബാഴ്സലോണയിൽ നിറഞ്ഞുകളിച്ച താരമാണ് ലിയോണൽ മെസി. ഇക്കാലയളവിൽ 2006, 2009, 2011, 2015 സീസണുകളിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ ബാഴ്സലോണയായിരുന്നു.

എന്നാൽ 2006ലെ ചാമ്പ്യൻസ് ലീഗ് ട്രോഫിക്ക് മെസി അവകാശിയല്ല എന്നാണ് യുവേഫയുടെ നിലപാട്. 2006ലെ ഫൈനലിൽ മെസി കളിച്ചില്ല എന്നതാണ് ഇതിന് യുവേഫ നൽകുന്ന വിശദീകരണം. 2006ലെ  ഫൈനലിൽ ആഴ്‌സണലിനെ കീഴടക്കിയാണ് ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയത്. ഈ മത്സരത്തിൽ മെസി കളിച്ചിരുന്നില്ല.

എന്നാല്‍ ആ സീസണില്‍ ചാമ്പ്യന്‍സ് ലീഗിലെ ആറ് കളിയിൽ ഒരുഗോളും രണ്ട് അസിസ്റ്റും നേടിയ മെസിക്ക് പ്രീക്വാർട്ടറിൽ ഗുരുതര പരിക്കേറ്റിരുന്നു. ഇതേത്തുടർന്നാണ് സീസണിലെ ബാക്കി ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ മെസിക്ക് കളിക്കാന്‍ കഴിയാതെ പോയത്. ഇതുചൂണ്ടിക്കാട്ടിയാണ് മെസിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം യുവേഫയിപ്പോൾ റദ്ദാക്കിയിരിക്കുന്നത്.

ഒരു ചാമ്പ്യൻസ് ലീഗ് കിരീടം കൂടി സ്വന്തമാക്കിയാൽ മെസിക്ക്, പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡിനൊപ്പം എത്താമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു നിൽക്കെയാണ് യുവേഫയുടെ തീരുമാനം.രണ്ടുവര്‍ഷം മുമ്പ് ബാഴ്സ വിട്ട് ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിയിലേക്ക് പോയ മെസിക്ക് അവരെ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്‍മാരാക്കാനായില്ല. ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിട്ടാണ് പി എസ് ജി മെസിയെയും നെയ്മറെയും എംബാപ്പെയും പോലെയുള്ള വമ്പന്‍ താരങ്ങളെ ടീമിലെത്തിച്ചത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ ക്വാര്‍ട്ടറിലും ഈ സീസണില്‍ പ്രീ ക്വാര്‍ട്ടറിലും പി എസ് ജി വീണു.

അതേസമയം, അനുമതിയില്ലാതെ സൗദി അറേബ്യ സന്ദര്‍ശനത്തിന് പോയെന്നതിന്‍റെ പേരില്‍ പി എസ് ജി രണ്ടാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്ത മെസി ക്ലബ്ബുമായുള്ള കരാര്‍ റദ്ദു ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സൗദി ക്ലബ്ബായ അല്‍ ഹിലാലിലേക്കാവും മെസി പോകുകയെന്നാണ് റിപ്പോര്‍ട്ട്. പഴയ ക്ലബ്ബായ ബാഴ്സലോണ മെസിയെ സ്വീകരിക്കാന്‍ തയാറാണെങ്കിലും സ്പാനിഷ് ലാ ലിഗയിലെ സാമ്പത്തിക നടപടിക്രമങ്ങള്‍ മെസിയുടെ തിരിച്ചുവരവിന് തടസമാകുമെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week