ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. 301 കോളനിയിലെ ജോർജിന്റെ വീട്ടിലെ അടുക്കളയുടെ ഭാഗം ഇടിച്ച് തകർക്കുകയായിരുന്നു. തകര ഷീറ്റുകൾ താഴെ വീഴുന്ന ശബ്‌ദം കേട്ട് സമീപവാസികൾ എത്തിയാണ് കാട്ടാനയെ തുരത്തിയത്. ജോർജും കുടുംബവും ആശുപത്രി ആവശ്യങ്ങൾക്ക് പോയിരുന്നതിനാൽ വീട്ടിൽ ആളുണ്ടായിരുന്നില്ല. കാട്ടാന ആക്രമണം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അരിക്കൊമ്പനെ പിടിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്ക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പത്ത് ആദിവാസി കോളനികളിലായി 611 കുടുംബങ്ങളുള്ള പ്രദേശമാണ് പറമ്പിക്കുളം. പറമ്പിക്കുളം ആളിയാർ പ്രോജക്‌ട് കോളനികളും ഉണ്ട്. മൊത്തത്തിൽ മൂവായിരത്തിൽ അധികം ആളുകളാണ് ഇവിടെ താമസിക്കുന്നത്. ഇവിടെ വലിയ തരത്തിൽ കാട്ടാന ശല്യം ഉണ്ടെന്നും അതിനാൽ അരിക്കൊമ്പനെ എത്തിക്കുന്നത് ജീവിതം കൂടുതൽ ദുസ്സഹമാകുമെന്നാണ് സമരക്കാർ പറയുന്നത്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ കൂടുതൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നാണ് നാട്ടുകാർ പറയുന്നത്.
അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്ക്ക് കൊണ്ടുവരരുതെന്നും നടപടി തടയണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും കെ ബാബു എം എൽ എ കത്ത് നൽകിയിരിക്കുകയാണ്. ഇവിടെയും ജനങ്ങളുണ്ട്, പറമ്പിക്കുളത്തെ സമീപവാസികൾ ഭീതിയിലാണ്. ഇവിടെയും വീടുകളും സ്ഥാപനങ്ങളും ഉണ്ട്. അവയ്ക്കും സംരക്ഷണം വേണ്ടേയെന്നും എം എൽ എ കത്തിൽ ചോദിച്ചു.
പറമ്പിക്കുളത്തേയ്ക്ക് ആനയെ മാറ്റുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ദ്ധ സമിതി റിപ്പോർട്ടു നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അരിക്കൊമ്പനെ പിടികൂടി ആനക്കൂട്ടിലടയ്ക്കുന്നതിനെതിരെയുള്ള ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഹർജി മേയ് 26ന് വീണ്ടും പരിഗണിക്കും.