അരിക്കൊമ്പൻ പറമ്പിക്കുളത്തേയ്ക്ക്,വിദഗ്ധ സമിതിയുടെ ശുപാര്‍ശ കോടതി അംഗീകരിച്ചു

കൊച്ചി: ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളില്‍ ഭീതി സൃഷ്ടിക്കുന്ന അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേയ്ക്ക് മാറ്റാനുള്ള വിദഗ്ധ സമിതിയുടെ ശുപാര്‍ശ ഹൈക്കോടതി അംഗീകരിച്ചു. പറമ്പിക്കുളത്ത് അരിക്കൊമ്പന് കഴിയാനുള്ള ആവാസ വ്യവസ്ഥയാണുള്ളത്. വെള്ളവും ഭക്ഷണവും പറമ്പിക്കുളത്ത് സുലഭമാണെന്നും അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആനയെ പിടികൂടി പറമ്പിക്കുളത്തേക്ക് കൊണ്ടുപോകുമ്പോൾ ആഹ്ലാദപ്രകടനമോ മധുരവിതരണമോ നടത്തരുതെന്നും കോടതി ഉത്തരവിട്ടു.

അരിക്കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേ, പ്രശ്‌നത്തിന് സമഗ്രമായ പരിഹാരം കാണാന്‍ ലക്ഷ്യമിട്ടാണ് ഹൈക്കോടതി വിദഗ്ധ സമിതിക്ക് രൂപം നല്‍കിയത്. സമിതി പ്രദേശത്ത് നേരിട്ട് പോയി പഠിച്ചതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേയ്ക്ക് മാറ്റാന്‍ ശുപാര്‍ശ ചെയ്തത്. അതേസമയം അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്ക്ക് മാറ്റാനുള്ള ശുപാര്‍ശയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചു.

മദപ്പാടുള്ള ആനയെ പറമ്പിക്കുളം വരെ എങ്ങനെ എത്തിക്കുമെന്ന ചോദ്യമാണ് മുഖ്യമായി കോടതി ഉന്നയിച്ചത്.  പറമ്പിക്കുളം എന്തുകൊണ്ട് ശുപാര്‍ശ ചെയ്‌തെന്നും ചോദിച്ച കോടതി, പെരിയാര്‍ ടൈഗര്‍ റിസര്‍വ് പറ്റില്ലേയെന്നും ആരാഞ്ഞു.

കൂടാതെ അരിക്കൊമ്പനെ പിടികൂടുന്നതും മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റുന്നതും അടക്കമുള്ള വിഷയങ്ങള്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തീരുമാനിക്കട്ടെയെന്നും കോടതി നിര്‍ദേശിച്ചു. അരിക്കൊമ്പന്‍ മാത്രമല്ല ഭീഷണി. നിലവില്‍ നിരവധി കാട്ടാനകള്‍ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ വിഷയത്തില്‍ സമഗ്രമായ ചിത്രം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News