കമ്പം: അരിക്കൊമ്പനെ ഇന്ന് വനത്തിൽ തുറന്നുവിടില്ല. ആനയെ കാട്ടിൽ തുറന്ന് വിടുന്നത് തടയണം എന്നാവശ്യപ്പെട്ടുള്ള ഹർജി നാളെ പരിഗണിക്കും വരെ ആനയെ കാട്ടിൽ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കോടതി നിർദേശം നൽകിയ സാഹചര്യത്തിലാണ് വനം വകുപ്പിന്‍റെ നടപടി.എറണാകുളം സ്വദേശിയും മൃഗസ്‌നേഹിയുമായ റെബേക്ക ജോസഫാണ് ഹര്‍ജി സമര്‍പ്പിച്ചത്.
അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നാവശ്യപ്പെട്ടാണ് ഇവർ പൊതുതാൽപര്യ ഹർജി നൽകിയത്. അരിക്കൊമ്പനെ എത്രയും പെട്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തിന് കൈമാറണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അരിക്കൊമ്പന്റെ ആരോഗ്യ നിലയില്‍ പ്രശ്‌നങ്ങളുണ്ടെന്നും ആന തമിഴ്‌നാട് വനംവകുപ്പിന് കീഴില്‍ എത്രത്തോളം സുരക്ഷിതനായിരിക്കുമെന്ന് ആശങ്കയുണ്ടെന്നും ഹർജിയിൽ പറയുന്നു. കോടതി ചൊവ്വാഴ്ച കേസില്‍ വിശദമായ വാദം കേള്‍ക്കും. അതുവരെ വനംവകുപ്പിന്‍റെ കസ്റ്റഡിയില്‍ ആനയെ പാര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
മയക്കുവെടി വെച്ചശേഷം അരിക്കൊമ്പനെ കളക്കാട് ടൈഗര്‍ റിസര്‍വ് കേന്ദ്രത്തിലേക്കെത്തിക്കാന്‍ അര മണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു കോടതിയുടെ ഉത്തരവ് പുറത്തുവന്നത്. ചൊവ്വാഴ്ച വനംവകുപ്പിന്റെയും തമിഴ്‌നാട് സര്‍ക്കാരിന്റെയും വാദം കേട്ട ശേഷമാകും അന്തിമ ഉത്തരവുണ്ടാകുക.
അരിക്കൊമ്പനെ നിലവില്‍ തിരുനെല്‍വേലിയില്‍ നിന്ന് നാല്‍പത് കിലോമീറ്ററോളം മാറി ഗംഗൈകൊണ്ടൻ മേഖലയില്‍ എത്തിച്ചിട്ടുണ്ട്. അവിടെ വനംവകുപ്പിന്റെ ഡീര്‍ പാര്‍ക്കിലാണ് അരിക്കൊമ്പന്‍. തിരുനെല്‍വേലിയിലേക്കുള്ള യാത്ര തുടരാന്‍ തന്നെയാണ് വനംവകുപ്പിന്റെ തീരുമാനം. മണിമുത്താര്‍ അംബാസമുദ്രം മേഖലയിലേക്കാണ് ആനയെ കൊണ്ടുപോകുന്നത്.
അരിക്കൊമ്പനെ ഇന്ന് പുലർച്ചെ തേനിയിലെ പൂശാനം പെട്ടിയിൽ നിന്നാണ് തമിഴ്നാട് വനംവകുപ്പ് പിടികൂടിയത്. ഇടുക്കിയിൽ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടിവെച്ചത്. പൂശാനംപെട്ടിക്ക് സമീപത്തെ കൃഷിത്തോട്ടത്തിൽ ഇറങ്ങിയപ്പോള്‍ വനംവകുപ്പ് മയക്കുവെടി വയ്ക്കുകയായിരുന്നു. രണ്ട് തവണ മയക്കുവെടിവെച്ചു എന്നാണ് വിവരം.
കമ്പത്ത് ജനവാസമേഖലയില്‍ ഇറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചതോടെയാണ് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാന്‍ തമിഴ്നാട് വനംവകുപ്പ് ഉത്തരവിറക്കിയത്. കഴിഞ്ഞ കുറേയെറെ ദിവസങ്ങളായി ഷണ്മുഖ നദി തീരത്തെ വനമേഖലയിലൂടെ സഞ്ചരിക്കുകയായിരുന്നു അരികൊമ്പൻ. ആറ് ദിവസമായി ജനവാസ മേഖലയിലേക്ക് ഇറങ്ങിയിരുന്നില്ല. ഇന്ന് പുലർച്ചെയോടെയാണ് ആന വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ആനയെ 24 മണിക്കൂറും നിരീക്ഷിക്കുന്ന 85 പേരടങ്ങുന്ന തമിഴ്നാട് സംഘത്തിന്റെ ശ്രദ്ധയിൽ ഇത് പെടുകയും ആനയെ മയക്കുവെടി വെക്കുകയുമായിരുന്നു.
കഴിഞ്ഞ ഏപ്രിൽ 29 നാണ് ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ മയക്കുവെടിവെച്ച് പെരിയാർ റിസർവിലേക്ക് മാറ്റിയത്. സാറ്റലൈറ് കോളർ സിഗ്നൽ അനുസരിച്ച് നിരീക്ഷിച്ച് വരുന്നതിനിടെ, കഴിഞ്ഞ ദിവസം അരിക്കൊമ്പൻ തമിഴ്നാട്ടിലെ കമ്പം മജനവാസ മേഖലയിലേക്ക് ഇറങ്ങി. കമ്പം ടൗണിലൂടെ വിരണ്ട് ഓടുന്നതിനിടെ എതിരെ ബൈക്കിൽ വന്ന പാൽരാജിനെ തട്ടിയിടുകയും തലക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇയാൾ മരിക്കുകയും ചെയ്തു. ഇതോടെ ആനയെ മയക്കുവെടിവെച്ച് ഉൾക്കാട്ടിലേക്ക് എത്തിക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിക്കുകയായിരുന്നു.