ഇടുക്കി: കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പന്റെ തുമ്പിക്കൈയിൽ മുറിവ്. മുൻപ് ചക്കക്കൊമ്പനുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഏറ്റ മുറിവാണിതെന്നാണ് കരുതുന്നത്. അതേസമയം പുളിമരത്തോപ്പിൽ ഒളിച്ചുനിൽക്കുന്ന അരിക്കൊമ്പനെ വെടിവെച്ച് തുരത്താൻ തമിഴ്നാട് വനം വകുപ്പ് അധികൃതർ ശ്രമിച്ചെങ്കിലും ആന അനങ്ങിയില്ല. കമ്പത്തെ സ്ഥിതി വിലയിരുത്താൻ വനം വന്യജീവി വകുപ്പ് മേധാവിക്ക് വനം മന്ത്രി എകെ ശശീന്ദ്രൻ നിർദേശം നൽകി.
കമ്പം മേഖല പ്രധാന വാണിജ്യ കേന്ദ്രമാണ്. 68000 പേർ താമസിക്കുന്ന ഇവിടം മുനിസിപ്പാലിറ്റിയാണ്. ആനയുടെ സാന്നിധ്യത്തെ കുറിച്ച് പറഞ്ഞറിഞ്ഞ് നിരവധി പേരാണ് ഇവിടേക്ക് എത്തിയിരിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതും ആനയെ തുരത്തുന്നതും ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും പൊലീസിനും വെല്ലുവിളിയാണ്. അതേസമയം പുളിമരത്തോപ്പിൽ ഒളിച്ചിരിക്കുന്ന ആന ഇവിടെ നിന്ന് നീങ്ങിയിട്ടില്ല.
തമിഴ്നാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനയെ സർക്കാർ മയക്കുവെടി വെച്ച് കുങ്കിയാനയാക്കുന്നതാണ് പതിവ്. അതിനാൽ തന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ തമിഴ്നാട് വനം വകുപ്പ് കടുത്ത നടപടിയിലേക്ക് കടന്നേക്കുമെന്നും കരുതുന്നു. അതേസമയം കുമളി മേഖലയിലുള്ള കേരള വനം വകുപ്പ് ഉദ്യോഗസ്ഥർ കമ്പത്ത് എത്തിയിട്ടുണ്ട്. ആനയെ എവിടേക്ക് തുരത്തണം എന്ന കാര്യത്തിൽ ഇപ്പോഴും ആശങ്കയുണ്ട്.
ആന നിലയുറപ്പിച്ചിരിക്കുന്ന പുളിമരത്തോപ്പിലേക്ക് കടക്കുന്നതിന് ഒരു വഴി മാത്രമാണ് ഉള്ളത്. ഇവിടെ നിന്ന് പുറത്തേക്ക് കടക്കാൻ മറ്റ് വഴികളില്ല. ഇന്ന് രാവിലെയാണ് കമ്പത്തെ ജനവാസ മേഖലയിൽ അരിക്കൊമ്പൻ എത്തിയത്. ലോവർ ക്യാമ്പിൽ നിന്നും വനാതിർത്തിയിലൂടെ ഇവിടെ എത്തിയെന്നാണ് നിഗമനം. തമിഴ്നാട്ടിലെ ലോവർ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ഇന്നലെ രാത്രി ആനയുണ്ടായിരുന്നത്. രാവിലെ ആനയുടെ സിഗ്നൽ നഷ്ടമായതോടെ വനം വകുപ്പ് നടത്തിയ തിരച്ചിൽ നടത്തിയിരുന്നു. ആന കമ്പത്ത് ജനവാസ മേഖലയിൽ എത്തിയെന്ന് വ്യക്തമായത്.