ഇടുക്കി: മൂന്നാര്‍ മേഖലകളെ വിറപ്പിക്കുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം പുരോഗമിക്കുന്നു. ഒമ്പതോളം ആനകൾക്കൊപ്പമുള്ള അരിക്കൊമ്പനെ ഒറ്റപ്പെടുത്താൻ വേണ്ടി ദൗത്യസംഘം വെടിപൊട്ടിച്ചുവെങ്കിലും ശ്രമം വിജയിച്ചില്ല.
പിടികൊടുക്കാതെ അരിക്കൊമ്പൻ അലഞ്ഞുതിരിയുകയാണ്. ചിന്നക്കനാൽ സിമന്റ് പാലത്തിൽ വേസ്റ്റ് കുഴിക്ക് സമീപത്തായി കണ്ടെത്തിയ അരിക്കൊമ്പൻ ഇപ്പോൾ കൂടുതൽ മരങ്ങളുള്ള ഭാഗത്തേക്ക് നീങ്ങിയതായാണ് വിവരം.
പ്രദേശത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ നാലര മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സഞ്ചാരികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ നൂറ്റമ്പതോളം പേരാണ് കാടുകയറിയത്. പ്രദേശത്ത് കാലാവസ്ഥ അനുകൂലമാണ്. മഴ ഇത്തരത്തില്‍ മാറിനിന്നാല്‍ വൈകാതെ ദൗത്യം പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷയെന്ന് കോട്ടയം ഡി.എഫ്.ഒ. എന്‍ രാജേഷ് അറിയിച്ചു. ദൗത്യത്തില്‍ നാല് കുങ്കിയാനകളുമുണ്ട്.
സിമന്റുപാലം മേഖലയില്‍വെച്ച് മയക്കുവെടി വയ്ക്കാനാണ് തീരുമാനം. അതേസമയം ആനയെ പിടികൂടിയ ശേഷം എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് വനംവകുപ്പ് വെളിപ്പെടുത്തിയിട്ടില്ല. കോടതി നിര്‍ദേശപ്രകാരം രഹസ്യമായാണ് നടപടികള്‍.