KeralaNews

അരിക്കൊമ്പനെ മയക്ക് വെടി വയ്ക്കുന്നതിനുള്ള വനം വകുപ്പ് സംഘങ്ങളുടെ രൂപീകരണം ഇന്ന് നടക്കും, എട്ടു സംഘങ്ങൾ രൂപീകരിയ്ക്കും

മൂന്നാർ: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ ആക്രമണകാരിയായ അരിക്കൊമ്പനെ മയക്ക് വെടി വയ്ക്കുന്നതിനുള്ള
വനം വകുപ്പ് സംഘങ്ങളുടെ രൂപീകരണം ഇന്ന് നടക്കും. എട്ടു സംഘങ്ങളെയാണ് രൂപീകരിക്കേണ്ടത്. ഏതൊക്കെ ആളുകൾ എന്തൊക്കെ ജോലികൾ ചെയ്യണം എന്നത് വിശദീകരിച്ചു നൽകും. മറ്റു വകുപ്പുകളെ ഉൾപ്പെടുത്തി നാളെ മോക്ക് ഡ്രിൽ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. 

കോടതിവിധി അനുകൂലമാക്കുന്നതിന് വേണ്ട എല്ലാ വിവരങ്ങളും വനം വകുപ്പ് തയ്യാറാക്കി നൽകിയിട്ടുണ്ട്. അനുകൂല വിധി വന്നാൽ അടുത്ത ദിവസം തന്നെ മയക്ക് വെടി വക്കുന്ന ദൗത്യത്തിലേക്കും കടക്കും. നിലവിൽ 301 കോളനിക്ക് സമീപമാണ് അരിക്കൊമ്പനുള്ളത്.. ആനയുടെ നിരീക്ഷണത്തിനായി വാച്ചർമാരുടെ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. വയനാട്ടിൽ നിന്നെത്തിയ ആർആ‌ർടിയും ഡോ. അരുൺ സഖറിയയും ചിന്നക്കനാലിൽ തുടരുകയാണ്. 

പതിനെട്ട് വർഷം കൊണ്ട് 180ഓളം കെട്ടിടങ്ങളാണ് അരിക്കൊമ്പൻറെ ആക്രമണത്തിൽ തകർന്നതെന്നാണ് കണക്ക്. കൃത്യമായ രേഖകളുള്ളതും നഷ്ട പരിഹാരത്തിന് വനംവകുപ്പിൽ അപേക്ഷ ലഭിച്ചതുമായ കണക്ക് മാത്രമാണിത്.2005 മുതൽ വീടും റേഷൻകടയും ഏലം സ്റ്റോറുമൊക്കെയായി 180 കെട്ടിടങ്ങൾ അരിക്കൊമ്പൻ തകർത്തെന്നാണ് വനം വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 23 എണ്ണം ഈ വർഷം തകർത്തതാണ്.  ആക്രമണത്തിൽ വീടുകളും മറ്റും തകർന്നു വീണ് 30  ഓളം പേർക്ക് പരുക്കേറ്റു. അരിക്കൊമ്പൻറെ ആക്രമണം സംബന്ധിച്ച്  ഹൈക്കോടതിയിൽ സമർപ്പിക്കാനായി വനംവകുപ്പ് തയ്യാറാക്കിയ കണക്കാണിത്.  നൂറിലധികം പേരുടെ ഏക്കറു കണക്കിന് സ്ഥലത്തെ കൃഷിയും നശിപ്പിച്ചിട്ടുണ്ട്. 

അക്ഷയ സെൻറർ വഴി അപേക്ഷ സമർപ്പിച്ചവരുടെ മാത്രം എണ്ണമാണുൾപ്പെടുത്തിയിട്ടുള്ളത്. ആനയിറങ്കൾ, പന്നിയാർ എന്നിവിടങ്ങളിലെ റേഷൻ കടകൾ പലതവണയാണ് അരിക്കൊമ്പൻ തകർത്തത് . പല സ്ഥലത്തായി വാഹനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായെങ്കിലും നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാത്തതിനാൽ കണക്കിലുൾപ്പെടുത്തിയിട്ടില്ല.  വീട്ടു നമ്പരില്ലാത്ത കെട്ടിടങ്ങൾ ഷെഡുകൾ പട്ടയമില്ലാത്ത സ്ഥലത്ത് തകർത്ത വീടുകൾ എന്നിവയുടെ എണ്ണവും കാണിച്ചിട്ടില്ല. 2010 മുതൽ ഈ മാർച്ച് 25 വരെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലായി 29 പേരാണ് കാട്ടാനകളുടെ ആക്രമണത്തിൽ മരിച്ചത്. ഇതു സംബന്ധിച്ച് രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങളും കോടതിക്ക് കൈമാറും. ഇവയൊക്കെ പരിഗണിച്ച് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് വനംവകുപ്പിൻറെയും നാട്ടുകാരുടെയും പ്രതീക്ഷ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button