ക്രിക്കറ്റ് ടൂർണമെന്റിനിടെ തർക്കം; സഹകരണ ബാങ്ക് ജീവനക്കാരനെ കുത്തിക്കൊന്നു

കാസർകോട്: കുമ്പടാജയിൽ ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് സഹകരണ ബാങ്ക് ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി. പ്രാദേശിക ബിജെപി നേതാവുകൂടിയായ മാർപ്പനഡുക്ക സ്വദേശി സുരേഷാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ജോലി സ്ഥലത്തുവെച്ചാണ് പ്രതികൾ സുരേഷിനെ ക്രൂരമായി ആക്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇവർ കർണാടകയിലേക്ക് കടന്നതായി സംശയിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

കുമ്പടാജ സഹകരണ ബാങ്കിലെ നൈറ്റ് വാച്ച്മാനായിരുന്നു കൊല്ലപ്പെട്ട സുരേഷ്. ഞായറാഴ്ച രാത്രി ഒൻപതരയോടെ മാർപ്പനഡുക്ക ജംഗ്ഷനിൽ വെച്ച് സുരേഷ് ജോലിക്കായി ബാങ്കിലെത്തിയപ്പോഴായിരുന്നു കൊലപാതകം.

ഞായറാഴ്ച രാവിലെ നടന്ന ഒരു ക്രിക്കറ്റ് ടൂർണമെന്റിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. പ്രാദേശിക ബിജെപി നേതാവുകൂടിയായ സുരേഷ് ഈ ടൂർണമെന്റിന്റെ പ്രധാന സംഘാടകരിൽ ഒരാളായിരുന്നു. ടൂർണമെന്റിനിടെയുണ്ടായ പ്രശ്‌നങ്ങൾ പോലീസ് ഇടപെട്ട് പരിഹരിച്ചിരുന്നുവെങ്കിലും, അതിന്റെ പ്രതികാരം മനസിൽ വെച്ച പ്രതികൾ സുരേഷിനെ ആക്രമിക്കാൻ പദ്ധതിയിടുകയായിരുന്നു.

ജോലിക്ക് കയറാനായി ബാങ്കിന് മുന്നിലെത്തിയ സുരേഷിനെ പ്രതികൾ പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ട് വരികയും പിച്ചാത്തി കൊണ്ട് കുത്തുകയുമായിരുന്നു. നാട്ടുകാർ ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയിരിക്കുകയാണ്. കർണാടക അതിർത്തിയോട് ചേർന്നുള്ള പ്രദേശമായതിനാൽ പ്രതികൾ അവിടേക്ക് കടക്കാനുള്ള സാധ്യത പോലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News