FootballNewsSports

പെനാൽറ്റി പാഴാക്കിമെസ്സി; രക്ഷകനായി മാർട്ടിനസ്; അർജന്റീന സെമിയിൽ

ന്യൂജേഴ്സി: പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ എക്വഡോറിനെ കീഴടക്കി അര്‍ജന്റീന കോപ്പ അമേരിക്ക ഫുട്‌ബോള്‍ സെമിയില്‍. നിശ്ചിത സമയത്ത് 1-1ന് സമനിലയിലായ മത്സരത്തില്‍ ഷൂട്ടൗട്ടില്‍ നേടിയ 4-2 ജയത്തോടെയാണ് മെസ്സിയുടെയും സംഘത്തിന്റെയും സെമി പ്രവേശനം. സൂപ്പര്‍താരം ലയണല്‍ മെസ്സി ഷൂട്ടൗട്ടിലെ ആദ്യ കിക്ക് പാഴാക്കിയ മത്സരത്തില്‍ എക്വഡോറിന്റെ രണ്ട് കിക്കുകള്‍ തടുത്തിട്ട് എമിലിയാനോ മാര്‍ട്ടിനസാണ് അര്‍ജന്റീനയുടെ രക്ഷകനായത്. ജൂലിയന്‍ അല്‍വാരസ്, മാക് അലിസ്റ്റര്‍, ഗോണ്‍സാലോ മൊണ്ടിയെല്‍, നിക്കോളാസ് ഒട്ടമെന്‍ഡി എന്നിവര്‍ അര്‍ജന്റീനയ്ക്കായി ലക്ഷ്യം കണ്ടു. ഏയ്ഞ്ചല്‍ മെന, അലന്‍ മിന്‍ഡ എന്നിവരുടെ കിക്കുകളാണ് മാര്‍ട്ടിനസ് തടുത്തിട്ടത്. ജോണ്‍ യെബോയും ജോര്‍ഡി കായ്‌സെഡോയും ലക്ഷ്യം കണ്ടെങ്കിലും ഒടുവില്‍ എക്വഡോര്‍ നിരാശയോടെ മടങ്ങി.

ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇരമ്പിയെത്തിയ എക്വഡോര്‍ ടീമിനെതിരേ ഒരുവിധത്തിലാണ് അര്‍ജന്റീന പിടിച്ചുനിന്നത്. പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനായിട്ടില്ലെന്ന് തോന്നിച്ച ലയണല്‍ മെസ്സി നിരാശപ്പെടുത്തിയ മത്സരത്തില്‍ 35-ാം മിനിറ്റില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസിന്റെ ഹെഡര്‍ ഗോളാണ് അര്‍ജന്റീനയ്ക്ക് ലീഡ് നല്‍കിയത്.എന്നാല്‍ ഇന്‍ജുറി ടൈമില്‍ കെവിന്‍ റോഡ്രിഗസ് നേടിയ ഗോളില്‍ എക്വഡോര്‍ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീട്ടുകയായിരുന്നു.

ആദ്യ 14 മിനിറ്റുവരെ വിരസമായി തുടര്‍ന്ന മത്സരം അതിനു ശേഷമാണ് ചൂടുപിടിച്ചത്. തുടക്കത്തില്‍ അര്‍ജന്റീനയുടെ പന്തടക്കത്തില്‍ പ്രതിരോധിച്ചുനിന്ന എക്വഡോര്‍ 15-ാം മിനിറ്റുമുതല്‍ ആക്രമണം തുടങ്ങി. ആദ്യം ജെറെമി സാര്‍മിയെന്റോയുടെ ഷോട്ട് അര്‍ജന്റീന ഗോളി എമിലിയാനോ മാര്‍ട്ടിനസ് രക്ഷപ്പെടുത്തിയെങ്കിലും തൊട്ടുപിന്നാലെ കെന്‍ഡ്രി പയെസിലൂടെ അടുത്ത ആക്രമണവുമെത്തി.

പിന്നാലെ ടോറസ് നല്‍കിയ ത്രൂബോള്‍ സ്വീകരിച്ച് മുന്നോട്ടുകയറിയ എന്നര്‍ വലന്‍സിയ നല്‍കിയ ക്രോസ് പക്ഷേ വലയിലെത്തിക്കാന്‍ പ്രെസിയാഡോയ്ക്ക് സാധിക്കാതെ പോയി.ഇതിനിടയില്‍ വന്ന അര്‍ജന്റീന ആക്രമണങ്ങളുടെയെല്ലാം മുനയൊടിക്കാനും എക്വഡോര്‍ പ്രതിരോധത്തിനായി. പരിക്ക് മാറി മടങ്ങിയെത്തിയ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്കും തുടക്കത്തില്‍ കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല.

34-ാം മിനിറ്റിലാണ് അര്‍ജന്റീനയുടെ ഒരു കാര്യമായ മുന്നേറ്റം വന്നത്. കൗണ്ടര്‍ അറ്റാക്കില്‍ പന്തുമായി മുന്നേറിയ എന്‍സോ ഫെര്‍ണാണ്ടസിന് പക്ഷേ ഫൈനല്‍ തേര്‍ഡില്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. കൃത്യസമയത്ത് വില്ലിയന്‍ പാച്ചോയുടെ ഇടപെടലുമെത്തി.

തൊട്ടടുത്ത മിനിറ്റില്‍ നിലവിലെ ചാമ്പ്യന്‍മാര്‍ എക്വഡോര്‍ വലകുലുക്കി. മെസ്സിയെടുത്ത കോര്‍ണറില്‍ നിന്ന് മാക് അലിസ്റ്റര്‍ ഹെഡറിലൂടെ ഫ്‌ളിക് ചെയ്ത് നല്‍കിയ പന്ത് മറ്റൊരു ഹെഡറിലൂടെ ലിസാന്‍ഡ്രോ മാര്‍ട്ടിനസ് വലയ്ക്കുള്ളിലെത്തിക്കുകയായിരുന്നു. എക്വഡോര്‍ ഗോളി അലക്‌സാണ്ടര്‍ ഡൊമിന്‍ഗ്വെസ് പന്ത് തട്ടിയെങ്കിലും അപ്പോഴേക്കും പന്ത് ഗോള്‍ലൈന്‍ കടന്നിരുന്നു. അര്‍ജന്റീന ജേഴ്‌സിയില്‍ ലിസാന്‍ഡ്രോയുടെ ആദ്യ ഗോള്‍കൂടിയായിരുന്നു ഇത്.

ഗോളിനു ശേഷം മറ്റൊരു മികച്ച അര്‍ജന്റീന മുന്നേറ്റത്തിനൊടുവില്‍ എന്‍സോയ്ക്ക് പന്ത് ലഭിച്ചെങ്കിലും ഇത്തവണയും താരത്തിന് ലക്ഷ്യം കാണാനായില്ല.

60-ാം മിനിറ്റില്‍ ഒരു കോര്‍ണര്‍ ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ റോഡ്രിഗോ ഡിപോളിന്റെ കൈയില്‍ പന്ത് തട്ടിയതിന് എക്വഡോറിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. പക്ഷേ എന്നര്‍ വലന്‍സിയയുടെ മോശം കിക്ക് പോസ്റ്റിലിടിച്ച് പുറത്തേക്ക് പോയതോടെ എക്വഡോറിന് നിരാശ.

മത്സരം അവസാന മിനിറ്റുകളിലേക്കടുത്തതോടെ തുടര്‍മാറ്റങ്ങള്‍ വരുത്തിയ എക്വഡോര്‍ ആക്രമണങ്ങള്‍ ശക്തമാക്കി. ഇന്‍ജുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ തന്നെ അവര്‍ സമനില ഗോള്‍ കണ്ടെത്തുകയും ചെയ്തു. യെബോ ബോക്‌സിലേക്ക് നല്‍കിയ ക്രോസ് കെവിന്‍ റോഡ്രിഗസ് ഹെഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടു. ഇതോടെ മത്സരം പെനാല്‍റ്റിയിലേക്ക്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button