ബ്രസീലിയ:അര്‍ജന്റീനയെ പരാജയങ്ങള്‍ വിട്ടൊഴിയുന്നില്ല.കോപ അമേരിക്കയില്‍ ആദ്യ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പായ അര്‍ജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. കൊളംബിയ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മെസ്സിയെയും കൂട്ടരെയും തകര്‍ത്തുവിട്ടു. 71-ാം മിനിറ്റില്‍ റോജര്‍ മാര്‍ട്ടിനസും 86-ാം മിനിറ്റില്‍ ഡുവാന്‍ സപാട്ടയുമാണ് കൊളംബിയക്ക് വേണ്ടി ഗോള്‍ നേടിയത്.
തുടക്കത്തില്‍ അര്‍ജന്റീന ആക്രമിച്ച് കളിച്ച് കളി തങ്ങളുടെ വരുതിയിലാക്കുമെന്ന് തോന്നിയെങ്കിലും പിന്നീടങ്ങോട്ട് കൊളംബിയന്‍ ആക്രമണഇത്തിന് മൂര്‍ച്ച കൂടി. 14-ാം മിനിറ്റില്‍ കൊളംബിയയുടെ ലൂയിസ് മൂരിയലിന് പരിക്കേറ്റ് പുറത്തുപോയി. 39-ാം മിനിറ്റില്‍ ഫാല്‍ക്കോ ഹെഡറിലൂടെ ലക്ഷ്യം കാണാന്‍ ശ്രമിച്ചെങ്കിലും വിഫലമായി.
രണ്ടാംപകുതിയില്‍ ഡി മരിയയെ പിന്‍വലിച്ച അര്‍ജന്റീന പകരം റോഡ്രിഗോ ഡീ പോളിനെ കളത്തിലിറക്കി. എന്നാല്‍ കൊളംബിയയെ പിടിച്ചുകെട്ടാനായില്ല. 46-ാം മിനിറ്റില്‍ പരേദേസിന്റെ ഷോട്ട് കൊളംബിയന്‍ ഗോള്‍പോസ്റ്റിന് അരികിലൂടെ പുറത്തേക്കുപോയെങ്കിലും ഗോളായില്ല. 62-ാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് ലയണല്‍മെസിയും ഷോട്ട് തൊടുത്തെങ്കിലും കൊളംബിയന്‍ ഗോളി ഒസ്മിന റാമിറസ് രക്ഷപ്പെടുത്തി.
രണ്ടാം പകുതിയുടെ 71-ാം മിനിറ്റിലായിരുന്നു കൊളംബിയയുടെ ആദ്യ ഗോള്‍ പിറന്നത്. ജെയിംസ് റോഡ്രിഗസ് ബോക്‌സിന്റെ ഇടതുഭാഗത്ത് നിന്ന് തൊടുത്ത ഷോട്ട് റോജര്‍ മാര്‍ട്ടിനസാണ് ലക്ഷ്യത്തിലെത്തിച്ചത്. 86-ാം മിനിറ്റില്‍ ഡുവാന്‍ സപാട്ടയുടെ ക്ലോസ് റേഞ്ച് ഷോട്ട് അര്‍ജന്റീനയുടെ തോല്‍വി ഉറപ്പിച്ചു.മത്സരത്തില്‍ 4-2-3-1 ശൈലിയിലാണ് അര്‍ജന്റീന കളിക്കാനിറങ്ങിയത്. കൊളംബിയ 4-3-3 ശൈലിയിലും കളത്തിലിറങ്ങി.