മിശിഖായ്ക്ക് പകരക്കാരനിതാ!വീണ്ടും മാർട്ടിനെസ്; പെറുവിനെതിരെ ഡബിളടിച്ചു; അർജന്റീനയ്ക്ക് മൂന്നാംജയം

ഫ്‌ലോറിഡ:കോപ്പ അമേരിക്കയില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരത്തെ പ്രവേശിച്ച അര്‍ജന്റീന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പെറുവിനെ തകര്‍ത്തു. എതിരില്ലാ രണ്ടു ഗോളുകള്‍ക്കായിരുന്നു ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ അര്‍ജന്റീനയുടെ ജയം. ഇതോടെ പെറു ടൂര്‍ണ്ണമെന്റില്‍നിന്ന് പുറത്തായി.

സൂപ്പര്‍ താരം മെസിയെ കളത്തിലിറക്കാതെയാണ് ലിയോണല്‍ സ്‌കലോണി പെറുവിനെതിരേ തന്ത്രം മെനഞ്ഞത്. ഗോള്‍ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. 47, 86 മിനിറ്റില്‍ ലൗട്ടാരോ മാര്‍ട്ടിനെസാണ് ഇരു ഗോളും നേടിയത്. മാര്‍ട്ടിനെസ് മൂന്ന് മത്സരങ്ങളിലും അര്‍ജീന്റീനയ്ക്കായി ഗോള്‍ നേടിയിട്ടുണ്ട്.

നിലവില്‍ ഗ്രൂപ്പ് എയില്‍ മുന്നില്‍ നില്‍ക്കുന്ന അര്‍ജന്റീന ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച് ക്വാര്‍ട്ടര്‍ ഉറപ്പിച്ചതാണ്. ഗ്രൂപ്പ് ബിയില്‍ ഞായറാഴ്ച നടക്കുന്ന മെക്‌സിക്കോ ഇക്വഡോര്‍ മത്സരത്തിലെ വിജയികളെ ജൂലൈ 4-ന് അര്‍ജന്റീന നേരിടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News