മയാമി: അടിക്ക് തിരിച്ചടി കണ്ട, നെഞ്ചിടിപ്പേറ്റിയ പോരാട്ടത്തിനൊടുവിൽ അർജന്റീന പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി. ഒരു ഘട്ടത്തിൽ പിന്നിലായ ശേഷം ഉഗ്രൻ പ്രകടനത്തോടെ തിരിച്ചടിച്ച കേപ് വെർദെ, ശക്തരായ അർജന്റീനയെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. അർജന്റീനയ്ക്കായി സൂപ്പർ താരം ലയണൽ മെസ്സി, ലിസാൻഡ്രോ മാർട്ടിനസ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഡിനെയുടെ സെൽഫ് ഗോളും അർജന്റീനയ്ക്ക് നേട്ടമായി. കേപ് വെർദെയുടെ പോരാട്ടം ഡിറോയ് ഡ്വാർട്ടെ, സിഡ്‌നി ലോപ്പസ് കബ്രാൾ എന്നിവരുടെ ഗോളുകളിലൂടെയായിരുന്നു.
ത്രില്ലർ പോരാട്ടത്തിനൊടുക്കമാണ് നിലവിലെ ചാമ്പ്യന്മാരുടെ കഷ്ടിച്ചുള്ള ജയം (3-2). ടൂർണമെന്റിലെ കേപ് വെർദെയുടെ ആദ്യ തോൽവികൂടിയാണിത്. കളിയുടെ 28-ാം മിനിറ്റിൽ ലോങ് ബോൾ മനോഹരമായി നിയന്ത്രിച്ചെടുത്ത് ലയണൽ മെസ്സി നേടിയ തകർപ്പൻ ഗോളിലൂടെ അർജന്റീനയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 59-ാം മിനിറ്റിൽ റയാൻ മെൻഡിസിന്റെ ക്രോസിൽനിന്ന് ഡ്വാർട്ടെ വലകുലുക്കിയതോടെ കേപ് വെർദെ ഒപ്പമെത്തി. നിശ്ചിത സമയത്ത് സ്‌കോർ 1-1 ആയതോടെ കളി എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. കേപ് വെർദെയുടെ പോരാട്ടവീര്യത്തിന് മുന്നിൽ പതറിയ ലോകചാമ്പ്യന്മാർ ഒടുവിൽ കടുത്ത സമ്മർദത്തിനൊടുവിലാണ് ജയം പിടിച്ചെടുത്തത്.
എക്‌സ്ട്രാ ടൈമിന്റെ മൂന്നാംമിനിറ്റിൽ കോർണറിൽനിന്ന് ലഭിച്ച പന്ത് ലിസാൻഡ്രോ മാർട്ടിനെസ് വലയിലെത്തിച്ച് അർജന്റീനയ്ക്ക് ലീഡ് നൽകി (2-1). എന്നാൽ വിട്ടുകൊടുക്കാൻ ഭാവമില്ലാതിരുന്ന കേപ് വെർദെ 14-ാം മിനിറ്റിൽ സിഡ്‌നി ലോപ്പസിന്റെ ഒരു ലോങ് റേഞ്ച് ഷോട്ടിലൂടെ വീണ്ടും അർജന്റീനയെ ഞെട്ടിച്ചു (2-2). ഒടുവിൽ എക്‌സ്ട്രാ ടൈമിന്റെ 21-ാം മിനിറ്റിൽ ഒരു കോർണറിൽനിന്നുള്ള ഡിനെയുടെ ഓൺ ഗോളിൽ അർജന്റീന രക്ഷപ്പെടുകയായിരുന്നു. കളിയിലുടനീളം മിന്നും സേവുകളുമായി തിളങ്ങിയ കേപ് വെർദെ ഗോൾകീപ്പർ വൊസിന്യയുടെ പ്രകടനം അർജന്റീനയെ വിറപ്പിച്ചു. പ്രീക്വാർട്ടറിൽ ഈജിപ്താണ് ഇനി അർജന്റീനയുടെ എതിരാളികൾ.


