ദോഹ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയില്‍ ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം അര്‍ജന്റീനയുടെ ഗംഭീര തിരിച്ചുവരവ്. മെക്‌സിക്കോയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന ജയിച്ചുകയറിയത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയാണ് അര്‍ജന്റീനയുടെ ഹീറോ. എന്‍സോ ഫെര്‍ണാണ്ടസിന്റെ വകയായിരുന്നു രണ്ടാം ഗോള്‍. ആദ്യ മത്സരത്തില്‍ തോറ്റ അര്‍ജന്റീന ജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കി. പോയിന്റ് നിലയില്‍ പോളണ്ടിന് പിന്നില്‍ രണ്ടാമതുമെത്തി.
32-ാം മിനിറ്റിലാണ് അര്‍ജന്റീനയക്ക് ആദ്യ കോര്‍ണര്‍ ലഭിക്കുന്നത് പോലും. മാത്രമല്ല, മെക്‌സിക്കന്‍ താരങ്ങളുടെ പരുക്കന്‍ അടവുകളും അര്‍ജന്റീനയ്ക്ക് വെല്ലുവിളിയായി. 35-ാം മിനിറ്റിലാണ് മെക്‌സിക്കന്‍ പോസ്റ്റിലേക്ക് പന്തെത്തിക്കാന്‍ അര്‍ജന്റീനയ്ക്കാവുന്നത്. ബുദ്ധിമുട്ടേറിയ കോണില്‍ നിന്ന് മെസിയെടുത്ത ഫ്രീകിക്ക് മെക്‌സിക്കന്‍ ഗോള്‍കീപ്പര്‍ ഗില്ലര്‍മോ ഒച്ചോവ തട്ടിയകറ്റി. ഡി മരിയയെ മെക്‌സിക്കന്‍ പ്രതിരോധതാരം വീഴ്ത്തിയതിനായിരുന്നു ഫ്രീകിക്ക്. 41 മിനിറ്റില്‍ ഡി മരിയ മെക്‌സിക്കന്‍ ബോക്‌സിലേക്ക് നീട്ടിനല്‍കിയ ക്രോസില്‍ ലാതുറോ മാര്‍ട്ടിനെസ് തലവച്ചെങ്കിലും പന്ത് പുറത്തേക്ക്.
44-ാം മിനിറ്റില്‍ അറോഹയുടെ ഫ്രീകിക്ക് ഏറെ പണിപ്പെട്ട് അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമി മാര്‍ട്ടിനെസ് കയ്യിലൊതുക്കി. മെക്‌സിക്കോയുടെ ആദ്യ ഗോള്‍ ശ്രമമായിരുന്നത്. ആദ്യ 30 മിനിറ്റിലും ഇരു ടീമുകള്‍ക്കും ഗോള്‍ കീപ്പറെ പരീക്ഷിക്കാന്‍ പോലും സാധിച്ചില്ല. മുന്നേറ്റത്തിലേക്ക് പന്തെത്തിക്കാന്‍ പോലും അര്‍ജന്റൈന്‍ മധ്യനിരയ്ക്ക് സാധിച്ചില്ല. ഡി മരിയ ചില ഒറ്റപ്പെട്ട നീക്കങ്ങള്‍ നടത്തിയെങ്കിലും ഫലത്തില്‍ ഒരു സ്വാധീനവും ചെലുത്തിയില്ല. മെക്‌സിക്കന്‍ പ്രതിരോധത്താല്‍ മെസി ചുറ്റപ്പെട്ടത്തോടെ നീക്കങ്ങള്‍ക്കെല്ലാം ചെറുതായെങ്കിലും ചുക്കാന്‍ പിടിച്ചത് ഡി മരിയയായിരുന്നു. ഡി പോള്‍ കാഴച്ചക്കാരന്‍ മാത്രമായി. അര്‍ജന്റൈന്‍ പ്രതിരോധത്തില്‍ മാര്‍ട്ടിനെസിന്റെ പ്രകടനം മാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്.
രണ്ടാംപാതിയുടെ ആദ്യ മിനിറ്റുകളില്‍ തന്നെ അര്‍ജന്റീന തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചു. 52-ാം മിനിറ്റില്‍ അപകടകരമായ പൊസിഷനില്‍, ബോക്‌സിന് തൊട്ടുമുന്നില്‍ വച്ച് അര്‍ജന്റീനയ്ക്ക് ഫ്രീകിക്ക്. കിക്കെടുത്ത മെസിക്ക് ആത്മവിശ്വാസത്തിന്റെ കണിക പോലുമില്ലായിരുന്നു. കിക്ക് ക്രോസ് ബാറിന് ഏറെ മുകളിലൂടെ പുറത്തേക്ക്. 56-ാം മിനിറ്റില്‍ ഡി മരിയയുടെ നിലംപറ്റെയുള്ള ഷോട്ട് മെക്‌സിക്കന്‍ ബോക്‌സിലേക്ക്. എന്നാല്‍ ഷോട്ടുതിര്‍ക്കാന്‍ താരങ്ങളുണ്ടായില്ലെന്ന് മാത്രം. മാക് അലിസ്റ്റര്‍ ഓടിയെത്തുമ്പോഴേക്കും മെക്‌സിക്കന്‍ താരം ഇടപ്പെട്ടിരുന്നു.
64-ാം മിനിറ്റിലായിരുന്നു അര്‍ജന്റൈന്‍ ആരാധകര്‍ കാത്തിരുന്ന ഗോളെത്തിയത്. അതും മെസിയുടെ ഇടങ്കാലില്‍ നിന്നുള്ള വെടിച്ചില്ല്. വലത് വിംഗില്‍ നിന്നും ഡി മരിയ നല്‍കിയ പാസാണ് ഗോളില്‍ കലാശിച്ചത്. ബോക്‌സിന് പുറത്തുനിന്നുള്ള മെസിയുടെ നിലംപറ്റെയുള്ള ഷോട്ടിന് ഒച്ചോവ മുഴുനീളെ ഡൈവിംഗ് നടത്തിയെങ്കിലും കാര്യമുണ്ടായില്ല. 70-ാം മിനിറ്റില്‍ മൊളീനയുടെ ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പുറത്തേക്ക്. ഗോളിന് പിന്നാലെ ക്രിസ്റ്റ്യന്‍ റൊമേറോയെ ഇറക്കി അര്‍ജന്റൈന്‍ കോച്ച് പ്രതിരോധം ശക്തമാക്കി. ഡി മരിയക്ക് പകരമാണ് റൊമേറോയെത്തിയത്.
തുടര്‍ന്ന് മെക്‌സിക്കോ നടത്തിയ ശ്രമങ്ങളെല്ലാം ചെറുക്കുന്ന ജോലി പ്രതിരോധം ഭംഗിയായി ചെയ്തു. അര്‍ജന്റൈന്‍ മധ്യനിരയില്‍ എന്‍സോ ഫെര്‍ണാണ്ടസും എസെക്വിയല്‍ പലാസിയോസും എത്തിയതോടെ കൂടുതല്‍ മികച്ച നീക്കങ്ങളുമുണ്ടായി. മുന്നേറ്റത്തില്‍ ജൂലിയന്‍ അല്‍വാരസിന്റെ വേഗമേറിയ നീക്കങ്ങളും അര്‍ജന്റീനയ്ക്ക് ഉണര്‍വ് നല്‍കി. പിന്നാലെ എന്‍സോയുടെ ഗോള്‍. 87-ാം മിനിറ്റിലാണ് മെസിയുടെ അസിസ്റ്റില്‍ എന്‍സോ വല കുലുക്കിയത്. മത്സരം ജയിക്കാന്‍ ഗോളുകള്‍ ധാരാളമായിരുന്നു.
പ്രതിരോധിക്കാന്‍ തുനിഞ്ഞാണ് മെക്‌സികോ ഇറങ്ങിയത്. പതിവിന് വിപരീതമായി അഞ്ച് പേര്‍ പ്രതിരോധത്തിലുണ്ടായിരുന്നു. അര്‍ജന്റീന അഞ്ച് മാറ്റങ്ങള്‍ വരുത്തി. ക്രിസ്റ്റിയന്‍ റൊമേറോ, നിക്കോളാസ് ടാഗ്ലിയാഫിക്കോ, നെഹ്വല്‍ മൊളിന, ലിയാന്‍ഡ്രോ പരെഡെസ്, പപ്പു ഗോമസ് എന്നിവര്‍ പുറത്തായി. പ്രതിരോധത്തില്‍ റൊമേറൊയ്ക്ക് പകരം ലിസാന്‍ഡ്രോ മാര്‍ട്ടിനസെത്തി. മൊളിനയ്ക്ക് പകരം ഗോണ്‍സാലോ മോന്റീല്‍. ടാഗ്ലിയാഫിക്കോയ്ക്ക് പകരം മാര്‍കോസ് അക്യൂനയും പ്രതിരോധത്തില്‍. മധ്യനിരയില്‍ ഗ്വെയ്‌ഡോ റോഡ്രിഗസും മാക് അലിസ്റ്റും.