കണ്ണൂര്‍: മതപരിവര്‍ത്തന കുറ്റം ആരോപിച്ച് അറസ്റ്റിലായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനും പ്രീതി മേരിക്കും ജാമ്യം ലഭിക്കാത്തതില്‍ വിമര്‍ശനം ഉന്നയിച്ച് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. അമിത് ഷായുടെ വാക്കുകള്‍ പോലും കാറ്റില്‍ പറത്തിയാണ് ഇന്നു ഛത്തീസ്ഗഡ് സര്‍ക്കാര്‍ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ കോടതിയില്‍ എതിര്‍ത്തത്. തീവ്രവാദ സംഘടകള്‍ക്ക് ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കാന്‍ സാഹചര്യം ഒരുക്കുന്ന നിയമങ്ങള്‍ പിന്‍വലിക്കണമെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
”ജാമ്യം നിഷേധിക്കപ്പെട്ടു എന്നത് ദുഃഖകരമാണ്. അമിത് ഷാ ഇടപെട്ടതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ ജാമ്യത്തെ എതിര്‍ക്കില്ലെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അമിത് ഷായുടെ വാക്കുകള്‍ കാറ്റില്‍പറത്തിയിരിക്കുന്നു. ഇത് ദുഃഖകരമാണ്. കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണം. ജനാധിപത്യ സംവിധാനത്തില്‍ ഭരണകൂടത്തെയാണ് സമീപിക്കേണ്ടത്. അല്ലാതെ ഞങ്ങള്‍ എന്ത് ചെയ്യും. നീതി നിഷേധം നടന്നാല്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കേണ്ടി വരും.” – മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
”നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന് വിളിച്ചു കൂവിയാല്‍ അത് അങ്ങനെ ആകില്ല. ചില തീവ്രവാദ സംഘടനകളെ നിലയ്ക്കു നിര്‍ത്താന്‍ സര്‍ക്കാരിന് സാധിക്കണം. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ ദുര്‍വ്യാഖ്യാനമാണ് നടക്കുന്നത്. ആരാണ് ഈ വ്യാഖ്യാനം നല്‍കിയത്. ആള്‍ക്കൂട്ട വിചാരണയിലൂടെ ഇത് നടക്കുന്നത് അപകടകരമായ അവസ്ഥയാണ്. ആള്‍ക്കൂട്ടങ്ങള്‍ക്കും തീവ്രവാദ സംഘടനകള്‍ക്കും ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കാന്‍ സാഹചര്യം ഒരുക്കുന്ന നിയമങ്ങള്‍ പിന്‍വലിക്കപ്പെടണം. ആരും ഇവിടെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ വക്താക്കളല്ല.” – മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.


