പത്തനംതിട്ട: ആറന്മുള ഉതൃട്ടാതിയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ ശനിയാഴ്ച കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആറന്മുള ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ചാണ് അവധി. പത്തനംതിട്ട ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി. പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും ഉത്തരവില്‍ അറിയിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിൽ ആലപ്പുഴ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജലമേളയുടെ സുരക്ഷാ ഉറപ്പാക്കാൻ പോലീസും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ നേതൃത്വത്തിൽ ഒരു അഡിഷണൽ എസ്പി, 8 ഡിവൈഎസ്പി മാർ, 21 ഇൻസ്പെക്ടർമാർ, 137 എസ്ഐ, എഎസ്ഐ ഉൾപ്പെടെ 619 പോലീസ് ഉദ്യോഗസ്ഥരെയാണ് ജലമേളയുടെ ഡ്യൂട്ടിക്കായി വിന്യസിച്ചിട്ടുള്ളത്.
ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 9 ഡിവിഷനുകളായി തിരിച്ചാണ് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളത്. ജലമേളയുടെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ബ്രീഫിംങ് ഇന്ന് രണ്ടിന് തെക്കേമല എംജിഎം ഓഡിറ്റോറിയത്തിൽ നടത്തും.