ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ, കാമുകൻ അബോധാവസ്ഥയിൽ; മുറിക്കുള്ളിൽ കയറും ഗുളികകളും; പ്രണയപ്പകയോ ആത്മഹത്യയോ? അന്വേഷണത്തിന് പൊലീസ്

ബെംഗളൂരു: ബെംഗളൂരു ചിക്കബല്ലാപ്പൂർ ജില്ലയിലെ മുദ്ദനഹള്ളിക്ക് സമീപമുള്ള ഹോംസ്റ്റേയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ഇതേ ഹോംസ്റ്റേയിൽ യുവതിയുടെ കാമുകനെ അബോധാവസ്ഥയിലും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹോംസ്റ്റേയ്ക്കുള്ളിലാണ് യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്.

സംഭവസ്ഥലത്തുനിന്ന് ഒരു കയറും ചില ഗുളികകളും കണ്ടെടുത്തു. ഇരുവരും വിഷം കഴിച്ചിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. അബോധാവസ്ഥയിലായ സഞ്ജീത് അലി എന്ന യുവാവിനെ നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ, അതോ ഇരുവരും ഒരുമിച്ച് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതാണോ എന്നതടക്കമുള്ള നിരവധി സാധ്യതകൾ പൊലീസ് പരിശോധിച്ചുവരികയാണ്. ചിക്കബല്ലാപ്പൂർ എസ്‌പി കുശാൽ ചൗക്‌സി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

ഇരുവരും കഴിഞ്ഞ കുറച്ചുകാലമായി പ്രണയത്തിലായിരുന്നുവെന്നും എന്നാൽ ഇവരുടെ കുടുംബങ്ങൾ ഈ ബന്ധത്തെ ശക്തമായി എതിർത്തിരുന്നുവെന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന് മുൻപും യുവതി ഈ യുവാവിനൊപ്പം വീടുവിട്ടിറങ്ങിയിട്ടുള്ളതായാണ് സൂചന. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവർ ഈ ഹോംസ്റ്റേയിൽ മുറിയെടുത്തത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News