ന്യൂഡല്‍ഹി: ഏറെക്കാലത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഡല്‍ഹിക്ക് മേയറെ കിട്ടി. എഎപിയുടെ ഷെല്ലി ഒബ്രോയിയെ പുതിയ ഡല്‍ഹി മേയറായി തിരഞ്ഞെടുത്തു. ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥി രേഖ ഗുപ്തയ്‌ക്കെതിരേ 34 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഡല്‍ഹിയുടെ ആദ്യ വനിതാ മേയറായി ഷെല്ലി ഒബ്രോയ് തിരഞ്ഞെടുക്കപ്പെട്ടത്.
ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഡിസംബറില്‍ നടന്നിരുന്നെങ്കിലും എഎപി-ബിജെപി തര്‍ക്കങ്ങളെ തുടര്‍ന്ന് മേയര്‍ തിരഞ്ഞെടുപ്പ് മൂന്നു തവണ മാറ്റിവെക്കേണ്ടിവന്നിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി നിര്‍ദേശപ്രകാരം ലെഫ്. ഗവര്‍ണര്‍ വി.കെ. സക്‌സേന തിരഞ്ഞെടുപ്പിനായി ബുധനാഴ്ച സഭായോഗം വിളിക്കുകയായിരുന്നു.
ഡല്‍ഹി ഈസ്റ്റ് പട്ടേല്‍ നഗര്‍ വാര്‍ഡില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഷെല്ലി ഒബ്‌റോയി ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്. 2013 മുതല്‍ എഎപിയില്‍ പ്രവര്‍ത്തിക്കുന്ന ഷെല്ലിയുടെ ആദ്യ തിരഞ്ഞെടുപ്പ് വിജയമായിരുന്നു ഇത്.
കോര്‍പ്പറേഷനിലേക്ക് ലെഫ്. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത ബി.ജെ.പിക്കാരായ പത്ത് അംഗങ്ങളുടെ പേരിലാണ് മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കലഹം ആരംഭിച്ചത്. ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായ ജനവിധി അട്ടിമറിക്കാന്‍ ബി.ജെ.പി. ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം. 250 വാര്‍ഡില്‍ ആപ് 134 വാര്‍ഡിലും ബി.ജെ.പി. 104 സീറ്റിലുമായിരുന്നു ജയിച്ചത്. കോണ്‍ഗ്രസിന് ഒമ്പത് സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്.
ഡിസംബറില്‍ തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരുമാസത്തിനുശേഷം ജനുവരി ആറിനായിരുന്നു ആദ്യത്തെ കൗണ്‍സില്‍ യോഗംചേര്‍ന്നത്. എന്നാല്‍ നാമനിര്‍ദേശം ചെയ്യുപ്പെട്ട അംഗങ്ങളെ ആദ്യംതന്നെ സത്യപ്രതിജ്ഞചെയ്യാന്‍ വിളിച്ചതോടെ പ്രതിഷേധം ഉടലെടുക്കുകയും സഭ പിരിയുകയും ചെയ്തു. ജനുവരി 24-നു ചേര്‍ന്ന രണ്ടാംയോഗവും ബഹളത്തില്‍ കലാശിച്ചു.
ഈമാസമാദ്യം ചേര്‍ന്ന മൂന്നാം യോഗത്തില്‍, നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്കും വോട്ടവകാശമുണ്ടായിരിക്കുമെന്ന ബി.ജെ.പി. അംഗം കൂടിയായ വരണാധികാരി സത്യ ശര്‍മയുടെ പ്രഖ്യാപനത്തെച്ചൊല്ലിയാണ് ബഹളം തുടങ്ങിയത്. നിലവിലെ വരണാധികാരിയുടെ അധ്യക്ഷതയില്‍തന്നെ തിരഞ്ഞെടുപ്പുകള്‍ തുടര്‍ച്ചയായി നടത്തുമെന്നുള്ള പ്രഖ്യാപനവും വലിയ എതിര്‍പ്പിനുവഴിവെച്ചു. മൂന്നാംയോഗവും ബഹളത്തില്‍ പിരിഞ്ഞതോടെയാണ് ആം ആദ്മി പാര്‍ട്ടി സുപ്രീം കോടതിയെ സമീപിച്ചത്.
കഴിഞ്ഞദിവസം ഹര്‍ജിപരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ക്ക് വോട്ടവകാശമുണ്ടായിരിക്കില്ലെന്ന് വ്യക്തമാക്കി. ആദ്യം മേയര്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും പിന്നീട് മേയറുടെ അധ്യക്ഷതയില്‍ വേണം ബാക്കി തിരഞ്ഞെടുപ്പുകളെന്നും കോടതി ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് വൈകരുതെന്ന കോടതി നിര്‍ദേശത്തിനുപിന്നാലെയാണ് സര്‍ക്കാരിന്റെ ശുപാര്‍ശപ്രകാരം ബുധനാഴ്ച മേയര്‍ തിരഞ്ഞെടുപ്പ് നിശ്ചയിച്ച് ലെഫ്. ഗവര്‍ണറുടെ വിജ്ഞാപനം വന്നത്.