തിരുവന്തപുരം: ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനങ്ങള്‍ക്കായുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരം കെഎസ്ആര്‍ടിസി ഏറ്റുവാങ്ങി. കേന്ദ്ര ഭവന-നഗര കാര്യവകുപ്പാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. സിറ്റി സര്‍ക്കുലര്‍ സര്‍വീസിനും ഗ്രാമവണ്ടി പദ്ധതിക്കുമാണ് പുരസ്‌കാരം ലഭിച്ചത്. ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനമുള്ള നഗരം എന്ന വിഭാഗത്തില്‍ സിറ്റി സര്‍ക്കുലര്‍ സര്‍വീസിന് നഗര ഗതാഗത പുരസ്‌കാരവും ഏറ്റവും മികച്ച പൊതുജന പങ്കാളിത്തത്തോടെയുള്ള ഗതാഗത ആസൂത്രണ വിഭാഗത്തില്‍ ഗ്രാമവണ്ടിക്ക് ഏറ്റവും മികച്ച നഗരഗതാഗത പുരസ്‌കാരവുമാണ് ലഭിച്ചത്.
ഇന്ത്യയിലെ എല്ലാ നഗര പ്രദേശങ്ങളിലേയും പൊതു ഗതാഗതം ശക്തിപ്പെടുത്തുന്നതിനായി ആവിഷ്‌കരിച്ച പദ്ധതികളാണ് അവാര്‍ഡിന് പരിഗണിച്ചിരുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഗ്രാമവണ്ടി എന്ന പേരില്‍ ആരംഭിച്ച നൂതന സംരംഭത്തിനും ഏറ്റവും മാതൃകാപരമായതും പൊതു ജനപങ്കാളിത്തമുള്ളതുമായ പദ്ധതി എന്ന നിലയിലുള്ള പുരസ്‌കാരമാണ് ലഭിച്ചത്. ഈ പദ്ധതിയില്‍ പൊതു ജനങ്ങളും,വകുപ്പുകളും, സ്ഥാപനങ്ങളും, വ്യക്തികളും, പൊതുജനസേവത്തിനായി മുതല്‍ മുടക്കുന്നത് ഇന്ത്യയിലെ നഗര ഗതാഗത സംവിധാനത്തിലെ അതി നൂതന ചുവടുവെപ്പാണ്.
തിരുവന്തപുരം നഗരത്തിലെ സിറ്റി സര്‍വീസുകള്‍ സമഗ്രമായി പരിഷ്‌കരിക്കുകയും 66 ബസുകള്‍ ഉപയോഗിച്ച് രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ഏഴു മണി വരെ സിറ്റി സര്‍ക്കുലര്‍ സര്‍വീസ് നടത്തുകയും, പ്രതിദിനം ഏകദേശം 4000 യാത്രക്കാരില്‍ നിന്ന് 34000 യാത്രക്കാര്‍ എന്ന നിലയിലേക്ക് വളരുകയും ചെയ്തതും, ഇതിന് അനുബന്ധം ആയി 150 ഓളം സിറ്റി ഷട്ടില്‍, സിറ്റി റേഡിയേല്‍ എന്നീ സര്‍വീസുകളും തിരുവന്തപുരം നഗരത്തില്‍ ഓപ്പറേറ്റ് ചെയ്തത് വഴി നഗര ഗതാഗത്തിന്റെ പുതിയ മുഖം നല്‍കിയതിനുമാണ് ഏറ്റവും നല്ല ഗതാഗത സംവിധാനം എന്ന വിഭാഗത്തിലുള്ള അവാര്‍ഡ് ലഭിച്ചത്.
കൊച്ചിയില്‍ നടന്ന അര്‍ബന്‍ മൊബിലിറ്റി ഇന്ത്യയുടെ കോണ്‍ഫെറെന്‍സില്‍ വച്ച് കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെയും കെ.എസ്.ആര്‍.ടി.സി. മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകറിന്റെയും സാന്നിധ്യത്തില്‍ കെ.എസ്.ആര്‍.ടി.സി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഓപ്പറേഷന്‍) ജി. പി പ്രദീപ് കുമാറും, എ. താജുദ്ദീന്‍ സാഹിബ് (സ്‌പെഷ്യല്‍ ഓഫീസര്‍ ഗ്രാമവണ്ടി), ജേക്കബ് സാം ലോപ്പസ് ( സിടിഎം സിറ്റി സര്‍വ്വീസ്) ടോണി അലക്‌സ് ( എടിഒ, ചീഫ് ഓഫീസ്)എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. കേന്ദ്ര ഭവനവും നഗരകാര്യ വകുപ്പ് മന്ത്രിയുമായ കൗശല്‍ കിഷോറും ചടങ്ങില്‍ പങ്കാളിയായി.