ന്യൂഡൽഹി∙ ഏക സിവിൽ കോഡിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ ചോദ്യംചെയ്ത് ഡിഎംകെ. ഏക സിവിൽ കോഡ് ആദ്യം നടപ്പിലാക്കേണ്ടത് ഹിന്ദുമതത്തിലാണെന്നും അങ്ങനെയെങ്കിൽ എല്ലാ ജാതികളിൽപ്പെട്ടവർക്കും ക്ഷേത്രത്തിൽ പ്രാർഥിക്കാൻ അനുവാദം ലഭിക്കുമെന്നും ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവൻ പറഞ്ഞു.
‘‘ഹിന്ദുമതത്തിലാണ് ഏക സിവിൽ കോഡ് ആദ്യം കൊണ്ടുവരേണ്ടത്. പട്ടികജാതി–പട്ടികവിഭാഗത്തിൽപ്പെട്ടവർക്കടക്കം അമ്പലത്തിൽ പൂജ ചെയ്യാൻ അനുവാദം ലഭിക്കും’’– ഇളങ്കോവൻ വിശദീകരിച്ചു.
ഏക സിവിൽ കോഡെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ കോൺഗ്രസും വിമർശനവുമായെത്തി. രാജ്യത്തെ തൊഴിലില്ലായ്മയെക്കുറിച്ചും ദാരിദ്രത്തെക്കുറിച്ചും വിലക്കയറ്റത്തെക്കുറിച്ചും പ്രധാനമന്ത്രി ആദ്യം ഉത്തരം പറയണം.
മണിപ്പൂർ വിഷയത്തെക്കുറിച്ച് പ്രധാനമന്ത്രി ഒന്നും സംസാരിക്കുന്നില്ല. മണിപ്പൂർ കത്തുകയാണ്. ഇത്തരം വിഷയങ്ങളിൽനിന്നു ജനശ്രദ്ധ തിരിക്കാനാണു പ്രധാനമന്ത്രി ശ്രമിക്കുന്നത്’’– കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.
ഒരു കുടുംബത്തിലെ വ്യത്യസ്ത അംഗങ്ങൾക്ക് വ്യത്യസ്തമായ നിയമം ഉണ്ടാകുന്നതു ശരിയല്ലെന്നും ഒരു രാജ്യത്തിന് രണ്ടു നിയമങ്ങളിൽ പ്രവർത്തിക്കാൻ കഴിയില്ലെന്നുമായിരുന്നു ഏക സിവിൽ കോഡിനായി സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞത്.
90 ശതമാനം സുന്നി മുസ്‌ലിംകളുള്ള ഈജിപ്തിൽ 90 വർഷം മുൻപു മുത്തലാഖ് നിർത്തലാക്കിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മുത്തലാഖിനു വേണ്ടി വാദിക്കുന്നവർ വോട്ടുബാങ്കിനായാണ് പ്രവർത്തിക്കുന്നതെന്നും മുസ്‌ലിം പെൺകുട്ടികളോട് ഇവർ കടുത്ത അനീതിയാണ് കാണിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.