ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് അപ്പാനി ശരത്ത്. അപ്പാനി രവി എന്നായിരുന്നു ചിത്രത്തിൽ താരം അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. പിന്നീട് അതിലെ അപ്പാനി പേരിനൊപ്പം ചേർത്ത് ആളുകൾ ശരത്തിനെ നിരന്തരം വിളിക്കാൻ തുടങ്ങിയതോടെ അപ്പാനി ശരത്ത് എന്ന് അറിയപ്പെടാൻ തുടങ്ങുകയായിരുന്നു.
2017ൽ സിനിമയിൽ എത്തിയ താരം ആറ് വർഷം കൊണ്ട് തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകൾ ചെയ്ത് കഴിഞ്ഞു. കാക്കിപ്പടയാണ് അപ്പാനി ശരത്തിന്റെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ.
സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് മിർച്ചി മലയാളത്തിന് അപ്പാനി ശരത്ത് നൽകിയ അഭിമുഖമാണ് വൈറലാകുന്നത്. ‘അപ്പാനി ശരത്ത് എന്നത് ജനങ്ങൾ ഇട്ടതാണ്. അത് വലിയൊരു ഭാഗ്യമാണ്. അതിനാൽ പേര് മാറ്റാൻ ഉദ്ദേശിക്കുന്നില്ല. കാക്കിപ്പടയുടെ പ്രത്യേകത അതിന്റെ സ്ക്രിപ്റ്റാണ്.’
‘സിനിമയുടെ കഥ പറയാൻ അണിയറപ്രവർത്തകർ വന്നപ്പോൾ എന്നോട് പറഞ്ഞത് ഇതൊരു പോലീസ് സ്റ്റോറിയാണെന്നാണ്. അപ്പോൾ ഞാൻ കരുതി ഞാൻ കള്ളനായിരിക്കുമെന്ന്.’
‘പക്ഷെ പിന്നീട് അവർ പറഞ്ഞു. കാക്കിപ്പട കുറച്ച് പോലീസുകാരുടെ കഥയാണ്. അതിൽ പ്രധാന രണ്ട് കഥാപാത്രങ്ങൾ ചെയ്യുന്നത് ഞാനും നിരഞ്ജുമാണെന്ന്. എന്റെ കഥാപാത്രത്തിന്റെ പേര് അമീർ എന്നാണ്. അമീറിന് അമീറിന്റേതായ ഇമോഷൻസുണ്ട്. അദ്ദേഹം എങ്ങനെയാണ് പോലീസായതെന്നും പറയുന്നുണ്ട്.’
‘ഞാൻ ആദ്യമായാണ് പോലീസ് വേഷം ചെയ്യുന്നത്. മാത്രമല്ല സിനിമയിൽ എത്തിയ ശേഷം ആദ്യമായി താടി ഷേവ് ചെയ്ത് അഭിനയിച്ചു. കാക്കിപ്പട കമ്മിറ്റ് ചെയ്തതോടെ മറ്റ് സിനിമകൾ ഒരുപാട് നഷ്ടപ്പെട്ടു. അങ്കമാലിക്ക് ശേഷം ഒരുപാട് വില്ലൻ വേഷങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. സമരത്തിന് പോയിട്ട് ലാത്തിക്ക് അടി കിട്ടിയിട്ടുണ്ട്.’
‘പോലീസ് ഒരുപാട് ഓടിച്ചിട്ടുണ്ട്. ഒരുപാട് നല്ല പോലീസ് സുഹൃത്തുക്കളും എനിക്കുണ്ട്. പെറ്റിയും കിട്ടിയിട്ടുണ്ട് ഒരുപാട്. നായകസങ്കൽപങ്ങൾ ഇപ്പോൾ ആവശ്യമുള്ളതായി തോന്നുന്നില്ല. നായകസങ്കൽപങ്ങളിലല്ല പെർഫോമൻസിലല്ലേ കാര്യം. സിനിമയിൽ നിന്ന് കിട്ടുന്ന പ്രതിഫലമോ പ്രയോരിറ്റിയെ കുറിച്ചോ ഒരിക്കലും ചിന്തിച്ചിട്ടില്ല.’
‘കുട്ടിക്കാലം മുതൽ അഭിനയത്തിന്റെ ഭാഗമാണ് ഞാൻ. നാടകത്തിലൊക്കെ ഉണ്ടായിരുന്നു. പ്ലസ് ടു കഴിഞ്ഞപ്പോഴാണ് അഭിനയം ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ പറ്റാത്ത ഒന്നായി മാറിയത്.’
‘ഫാമിലി വളരെ താഴെത്തട്ടിലായിരുന്നു. അതിനാൽ സ്വപ്നങ്ങൾക്കും അതിരുണ്ടായിരുന്നു. പക്ഷെ ഞാൻ അതൊക്കെ ബേധിച്ച് പുറത്ത് വന്നയാളാണ്. അതുകൊണ്ടാണ് ഞാൻ ഇന്ന് നടനായത്. കുറ്റം പറച്ചിലും കൂവലും ഒരുപാട് കേട്ടിട്ടുണ്ട്.’
‘ഞാൻ ഇപ്പോഴും സ്ട്രഗിൾ ചെയ്യുന്നുണ്ട്. ഞാൻ മൃഗമായി മാറിയെന്ന തമിഴ് പടം കഴിഞ്ഞ ദിവസം കേരളത്തിൽ റിലീസുണ്ടായിരുന്നു. ഞാൻ തിയേറ്ററിൽ ചെന്നപ്പോൾ വിരലിലെണ്ണാവുന്ന ആളുകളെ സിനിമയ്ക്കുള്ളു.’
‘മുപ്പത് പേരില്ലാതെ പടം ഇടില്ലെന്ന് തിയേറ്ററുകാർ പറഞ്ഞു. പിന്നെ കൂട്ടുകാരെ വിളിച്ച് വരുത്തി ആളെ തികച്ച ശേഷമാണ് ഞാൻ ആ സിനിമ കണ്ടത്. ആ പടം റിലീസായതുപോലും ആരും അറിഞ്ഞില്ല.’
‘വരും വർഷങ്ങളിൽ എന്റെ പടത്തിന് ടിക്കറ്റ് കിട്ടാത്ത അവസ്ഥയുണ്ടാക്കണം എന്നതാണ് ആഗ്രഹം. തോറ്റ് ഇരുന്നിട്ട് കാര്യമല്ല. നന്നായി ഹാർഡ് വർക്ക് ചെയ്യണം. എനിക്ക് ആരും സപ്പോർട്ടില്ലായിരുന്നു. റെയിൽവെയിൽ ചായ വിറ്റശേഷം പിന്നീടുള്ള സമയത്ത് നാടകം അഭിനയിക്കാൻ പോയിട്ടുണ്ട്.’
‘അത് ജീവിക്കാനുള്ള വഴി മാത്രമായിരുന്നു. ഇത് സ്ട്രഗിളിങ് എന്ന് പറയാൻ എനിക്ക് താൽപര്യമില്ല. അനുഭവമാണ് ഇതൊക്കെ. ഇപ്പോൾ നാട്ടിൽ എല്ലാവർക്കും വലിയ കാര്യമാണ്.’
‘നടനെന്ന രീതിയിൽ നാട്ടിൽ പെരുമാറാറില്ല. ജി.വി പ്രകാശിനൊപ്പം സിനിമ ചെയ്യുന്നുണ്ട് ഇപ്പോൾ. സിനിമ കണ്ടിട്ട് കൊള്ളില്ലെന്ന് പറഞ്ഞാൽ വിഷമമില്ല. കാണാതെ കുറ്റം പറയുമ്പോഴാണ് വിഷമം’ അപ്പാനി ശരത്ത് പറഞ്ഞു.