NationalNews

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനില്‍ ഭരണം ഉറപ്പിച്ച് ആപ്പ്; ഫലം പ്രഖ്യാപിച്ച 130 സീറ്റില്‍ 75 ഇടത്തും ജയം

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ആധിപത്യം ഉറപ്പിച്ച് ആം ആദ്മി പാർട്ടി. ഫലം പ്രഖ്യാപിച്ച 130 സീറ്റിൽ 75 ഇടത്തും ആപ്പ് ജയിച്ചു. 55 സീറ്റുകളിൽ ബിജെപിയും വിജയിച്ചു. അതേസമയം, കോൺഗ്രസ് തകർന്നടിഞ്ഞു. ഒമ്പത് സീറ്റുകളില്‍ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണൽ തുടരുകയാണ്.

ഡല്‍ഹിയിൽ ആംആദ്മി പ്രവർത്തകർ വിജയാഘോഷം തുടങ്ങിക്കഴിഞ്ഞു. പതിനഞ്ച് വർഷത്തെ ദുർഭരണത്തിൽ നിന്ന് ഡല്‍ഹി നഗരസഭ മോചിതമായെന്ന് എഎപി എംഎൽഎ ദിലീപ് പാഢ്യ  പ്രതികരിച്ചു. ആം ആദ്മി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കഴിഞ്ഞു. ജനങ്ങളുടെ ഫലമാണിത്. ഡല്‍ഹി മുനിസിപ്പൽ കോർപറേഷനില്‍ എ എ പി തന്നെ ഭരിക്കുമെന്നും ദിലീപ് പാഢ്യ പറഞ്ഞു.

ആം ആദ്മിയും ബി.ജെ.പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കനക്കുമ്പോള്‍ ആളൊഴിഞ്ഞ് നേതാക്കളാരുമില്ലാതെ തലസ്ഥാനത്തെ കോണ്‍ഗ്രസ് ഓഫീസ്. കോണ്‍ഗ്രസിന്റെ ഓഫീസ് പൂട്ടിയിട്ടിരിക്കുന്ന അവസ്ഥയാണ്. പാര്‍ട്ടി പ്രവര്‍ത്തകരോ നേതാക്കളോ ഓഫീസ് പരിസരത്തെങ്ങുമില്ല.

250 വാര്‍ഡുള്ള കോര്‍പറേഷനിലേക്ക് 1349 സ്ഥാനാര്‍ഥികളായിരുന്നു മത്സരിച്ചത്. ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും മുഴുവന്‍ വാര്‍ഡിലും കോണ്‍ഗ്രസ് 247 സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്തി.15 വര്‍ഷമായി തുടര്‍ച്ചയായി ബിജെപിയാണ് ഡല്‍ഹി കോര്‍പ്പറേഷന്‍ ഭരിക്കുന്നത്. 2017-ല്‍ നടന്ന അവസാന എം.സി.ഡി. തിരഞ്ഞെടുപ്പില്‍ 53 ശതമാനമായിരുന്നു പോളിങ്. അന്നു ബി.ജെ.പിക്ക് 181 വാര്‍ഡുകള്‍ നേടാനായി. രണ്ടാംസ്ഥാനത്തെത്തിയ എ.എ.പി.ക്ക് 48 വാര്‍ഡിലും കോണ്‍ഗ്രസിന് 27 വാര്‍ഡിലുമായിരുന്നു ജയിക്കാനായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button