ഷോര്‍ട്‌സ് ഇട്ടാല്‍ കാലു കാണുമെന്നുള്ളത് ശരി തന്നെ,പക്ഷേ സാരിയുടുത്താല്‍ വയര്‍ കാണില്ലേ ?മനസ്സ് തുറന്ന് അപര്‍ണ ബാലമുരളി
കൊച്ചി:ചുരുങ്ങിയ വേഷങ്ങള്‍കൊണ്ട് മലയാളത്തില്‍ ശ്രദ്ധേയ സാന്നിദ്ധ്യമായ നടിയാണ് അപര്‍ണ ബാലമുരളി.എന്ത് വസ്ത്രം ധരിക്കണം എന്നുള്ളത് ഓരോരുത്തരുടെയും സ്വാതന്ത്ര്യം ആണെന്നും അതില്‍ തലയിടാന്‍ മറ്റാരും വരരുത് എന്നും അപര്‍ണ ബാലമുരളി ഇപ്പോള്‍ തുറന്നു പറയുന്നു. ഷോര്‍ട്‌സ് ഇട്ടാല്‍ കാലു കാണുമെങ്കില്‍ പരമ്പരാഗത വസ്ത്രമായ സാരി ഉടുത്താല്‍ വയറ് കാണുമല്ലോ എന്നാണ് താരം ചോദിക്കുന്നത്. ഒരു ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറയുന്നത്.
അപര്‍ണ്ണയുടെ വാക്കുകള്‍ ഇങ്ങനെ
‘ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ എന്തൊക്കെ കമന്റുകള്‍ വന്നു. ഒരാള്‍ എന്തു ധരിക്കുന്നു എന്നുള്ളത് അവരുടെ സ്വാതന്ത്ര്യമാണ്. അവനവന് കംഫര്‍ട്ടബിള്‍ ആയ വേഷമാണ് ഓരോരുത്തരും ധരിക്കുക. ബാക്കിയുള്ളവര്‍ അത് അംഗീകരിക്കാന്‍ ശ്രമിക്കുക. ഷോര്‍ട്‌സ് ഇട്ടാല്‍ കാലു കാണുമെന്നുള്ളത് ശരി തന്നെ, പക്ഷേ സാരിയുടുത്താല്‍ വയര്‍ കാണില്ലേ ? സാരി ഒരു പരമ്പരാഗത വസ്ത്രമാണ്. പക്ഷേ അതുടുക്കുമ്പോള്‍ എന്തൊക്കെ കാണുന്നുണ്ട്. ഇതിനൊക്കെ എങ്ങനെ സമയം കിട്ടുന്നുവെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ഇഷ്ടമുള്ള യോജിക്കുന്ന വേഷം ഏതാണോ അതു ധരിക്കുക. ഇതു പോലുള്ള ക്യാംപെയ്‌നുകള്‍ എപ്പോഴും നല്ലതാണ്. നാം ചിന്തിക്കുന്നതിന് സമാനമായി ചിന്തിക്കുന്ന വ്യക്തികള്‍ ഉണ്ട് എന്ന് അറിയുന്നത് എപ്പോഴും അശ്വാസകരമാണ്.’
‘നമ്മളൊക്ക മനുഷ്യരാണ്. ആരും പെര്‍ഫെക്ടറ്റല്ല. ഒരു പബ്ലിക്ക് ഫിഗറാണെന്നുള്ളതു കൊണ്ട് അവരെക്കുറിച്ച് മോശം പറയാന്‍ ആര്‍ക്കും അവകാശമില്ല. എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ കമന്റുകള്‍ ഞാന്‍ ലിമിറ്റ് ചെയ്തു വച്ചിരിക്കുകയാണ്. കാരണം നമ്മള്‍ എത്ര നല്ല പോസ്റ്റ് ഇട്ടാലും അതിനൊരു മോശം കമന്റിടാന്‍ എപ്പോഴും ആരെങ്കിലും ഉണ്ടാകും. മോശം കമന്റുകള്‍ വ്യക്തിപരമായി ഒരു നെഗറ്റിവിറ്റി നല്‍കുന്നതാണ്. അതൊഴിവാക്കാനാണ് കമന്റുകള്‍ ലിമിറ്റ് ചെയ്തു വച്ചിരിക്കുന്നത്. ചിലപ്പോ അതെന്റെ വീക്ക് പോയിന്റ് ആയിരിക്കും, പക്ഷേ എന്നാലും അത്രയും നെഗറ്റിവിറ്റി കുറയ്ക്കുക എന്നതു മാത്രമേ ഞാന്‍ ഉദ്ദേശിക്കുന്നുള്ളു‘.