കൊച്ചി: സിനിമാ താരങ്ങള്‍ പലപ്പോഴും നേരിടുന്ന ആരോപണങ്ങളില്‍ ഒന്നാണ് നികുതി തട്ടിപ്പ്. സൂപ്പര്‍താരങ്ങള്‍ക്ക് വരെ ഇത്തരം ആരോപണങ്ങളില്‍ നിന്ന് രക്ഷ നേടാനായിട്ടില്ല. ഇപ്പോഴിതാ തെന്നിന്ത്യയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്ന നടി അപര്‍ണ്ണ ബാലമുരളിയും നികുതി വെട്ടിപ്പ് കുരുക്കില്‍ കുടുങ്ങിയിരിക്കുകയാണ്.
2017 മുതല്‍ 2022 വരെ ഉള്ള കാലയളവില്‍ 91 ലക്ഷത്തോളം രൂപയുടെ വരുമാനം അപര്‍ണ ബാലമുരളി മറച്ച് വെച്ചു എന്നാണ് കണ്ടെത്തല്‍. സംസ്ഥാന ജി എസ് ടി വിഭാഗം ആണ് വരുമാനം മറച്ച് വെച്ച അപര്‍ണ് ബാലമുരളി നികുതി വെട്ടിപ്പ് നടത്തി എന്ന് കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ട്.
നടി നിമിഷ സജയന് പിന്നാലെ ആണ് നടി അപര്‍ണ്ണ ബാലമുരളിയും നികുതി വെട്ടിപ്പ് കുരുക്കില്‍ ഉള്‍പ്പെടുന്നത്. തമിഴ് സിനിമയിലെ അഭിനയത്തിന് ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള നടിയാണ് അപര്‍ണ്ണ ബാലമുരളി. അഞ്ച് വര്‍ഷത്തെ വരുമാനം മറച്ചുവെച്ച് അപര്‍ണ ബാലമുരളി 16,49,695 രൂപ നികുതി വെട്ടിച്ചതായാണ് സംസ്ഥാന ജി എസ് ടി വിഭാഗം കണ്ടെത്തിയിരിക്കുന്നത്.
ഇത് സംബന്ധിച്ച സമന്‍സ് കൈപ്പറ്റിയതിന് പിന്നാലെ നികുതി അടക്കാം എന്ന് അപര്‍ണ്ണ ബാലമുരളി അറിയിച്ചു എന്നാണ് സംസ്ഥാന ജി എസ് ടി വിഭാഗം വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസമാണ് നടി നിമിഷ സജയന് എതിരേയും സമാന ആരോപണം വന്നത്.
ബി ജെ പി വക്താവ് സ്ഥാനത്ത് നിന്നും അടുത്തിടെ പുറത്താക്കിയ സന്ദീപ് വാര്യര്‍ ആയിരുന്നു നിമിഷ സജയന് എതിരെ നികുതി വെട്ടിപ്പ് ആരോപണം ഉന്നയിച്ചിരുന്നത്. നിമിഷ സജയന്‍ ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജി എസ് ടി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി എന്നായിരുന്നു സന്ദീപ് വാര്യര്‍ പറഞ്ഞത്. 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയന്‍ വെട്ടിച്ചു എന്നായിരുന്നു ആരോപണം.
നിമിഷ സജയന്റെ തട്ടിപ്പ് സംബന്ധിച്ച് ഇന്റലിജന്‍സ് വിവരം ലഭിച്ച ജി എസ് ടി വകുപ്പ് അവര്‍ക്ക് സമന്‍സ് നല്‍കി. പിന്നീട് നിമിഷയുടെ അമ്മ ആനന്ദവല്ലി എസ് നായര്‍ കേസില്‍ ഹാജരാവുകയും ചെയ്തു. വരുമാനം രേഖപ്പെടുത്തിയതില്‍ പിശക് സംഭവിച്ചതായി അമ്മ സമ്മതിച്ചു എന്നും സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു. നേരത്തെ സുരേഷ് ഗോപി, ഫഹദ് ഫാസില്‍ എന്നിവരും നികുതി വെട്ടിപ്പില്‍ കുടുങ്ങിയിരുന്നു.