FootballNewsSports

ലോകകപ്പിലെ തോൽവി, ബ്രസീൽ പരിശീലകസ്ഥാനമൊഴിഞ്ഞ് ടിറ്റെ

ദോഹ: ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി പുറത്തായതിന് പിന്നാലെ ബ്രസീല്‍ പരിശീലക സ്ഥാനം ഒഴിഞ്ഞ് ടിറ്റെ. 2016 മുതല്‍ ആറ് വര്‍ഷം ബ്രസീല്‍ ടീമിനെ പരിശീലിപ്പിച്ച ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. 2019-ല്‍ ടിറ്റെയുടെ കീഴില്‍ ബ്രസീല്‍ കോപ്പ അമേരിക്ക ജേതാക്കളായിരുന്നു. 2020ലെ കോപ്പയില്‍ ചിരവൈരികളായ അര്‍ജന്റീനയോടും ടിറ്റെയുടെ ബ്രസീല്‍ ഫൈനലില്‍ തോറ്റിരുന്നു.

ഖത്തര്‍ ലോകകപ്പിന് ശേഷം സ്ഥാനം ഒഴിയുമെന്ന് താന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണെന്നാണ് രാജി തീരുമാനത്തെ കുറിച്ച് ടിറ്റെ പ്രതികരിച്ചത്.

2018 റഷ്യന്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തോടും ബ്രസീല്‍ തോറ്റിരുന്നു. ഇത്തവണ കപ്പ് നേടാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ മുന്നില്‍ നിന്ന ശേഷമാണ് ബ്രസീല്‍ ക്രൊയേഷ്യയോട് തോറ്റ് പുറത്തായത്.

കളം നിറഞ്ഞുകളിച്ച്, ഗോളവസരങ്ങളുടെ ചാകര തീര്‍ത്തിട്ടും പെനല്‍റ്റി ഷൂട്ടൗട്ടെന്ന കടമ്പയില്‍ തട്ടി ക്രൊയേഷ്യക്കു മുന്നില്‍ മഞ്ഞപ്പട മുട്ടുമടക്കി. ഗോള്‍രഹിതമായ നിശ്ചിതസമയത്തിനു ശേഷം കളി എക്‌സ്ട്രാ ടൈമിലേക്കു നീണ്ടു. സൂപ്പര്‍ താരം നെയ്മറുടെ ഗോളില്‍ എക്‌സ്ട്രാ ടൈമിന്റെ ആദ്യപകുതിയില്‍ ബ്രസീല്‍ മുന്നിലെത്തെങ്കിലും രണ്ടാംപകുതിയില്‍ പെറ്റോകോവിച്ചിന്റെ ഗോള്‍ കളി പെനല്‍റ്റിയിലെത്തിച്ചു.

ഷൂട്ടൗട്ടില്‍ 4-2ന്റെ മിന്നുന്ന വിജയമാണ് ക്രൊയേഷ്യ സ്വന്തമാക്കിയത്. ക്രൊയേഷ്യക്കായി കിക്കെടുത്ത നാലു പേരും ലക്ഷ്യംകണ്ടപ്പോള്‍ ബ്രസീലിനായി കസേമിറോയ്ക്കും പെഡ്രോയ്ക്കും മാത്രമേ സ്‌കോര്‍ ചെയ്യാനായുള്ളൂ. റോഡ്രിഗോയുടെ ആദ്യ കിക്ക് ഗോള്‍കീപ്പര്‍ ലിവാകോവിച്ച് ബ്ലോക്ക് ചെയ്തപ്പോള്‍ മാര്‍ക്കീഞ്ഞോസിന്റെ കിക്ക് പോസ്റ്റില്‍ തട്ടിത്തെറിച്ചതോടെ ക്രൊയേഷ്യ സെമിയിലേക്കു ടിക്കറ്റെടുക്കുകയും ചെയ്തു.

ബ്രസീലിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രകടനമായിരുന്നു ലൂക്ക മോഡ്രിച്ചും സംഘവും കാഴ്ചവച്ചത്. ആദ്യ പകുതിയില്‍ ബ്രസീല്‍ വിറപ്പിച്ച ക്രൊയേഷ്യ രണ്ടാംപകുതിയില്‍ കടുത്ത ഡിഫന്‍സീവ് ഗെയിമിലൂടെ ഗോള്‍ വഴങ്ങാതെ കരുത്ത് കാണിക്കുകയും ചെയ്തു. രണ്ടാം പകുതിയില്‍ ബ്രസീലിന്റെ സമഗ്രാധിപത്യമാണ് കണ്ടത്. ഗോള്‍ നേടാന്‍ ഒരുപാട് അവസരങ്ങള്‍ അവര്‍ക്കു ലഭിച്ചെങ്കിലും ഗോള്‍കീപ്പര്‍ ലിവാക്കോവിച്ചിന്റെ ചില തകര്‍പ്പന്‍ സേവുകള്‍ ഗോള്‍ നിഷേധിക്കുകയായിരുന്നു. ഒരു ഗോള്‍ ശ്രമം പോലും രണ്ടാം പകുതിയില്‍ ക്രൊയേഷ്യയുടെ ഭാഗത്തു നിന്നും കണ്ടില്ല. ഇതോടെ കളി എക്‌സ്ട്രാ ടൈമിലേക്കും നീളുകയായിരുന്നു.

മാറ്റമില്ലാതെ ബ്രസീല്‍

നേരത്തേ നടന്ന പ്രീക്വാര്‍ട്ടറില്‍ സൗത്ത് കൊറിയക്കെതിരേ 4-1ന്‍െ മിന്നുന്ന വിജയം ആഘോഷിച്ച അതേ ടീമിനെ തന്നെ നിലനിര്‍ത്തിയാണ് കോച്ച് ടിറ്റെ ഇലവനെ പ്രഖ്യാപിച്ചത്. 4-2-3-1 എന്നതായിരുന്നു ടീം കോമ്പിനേഷന്‍.എന്നാല്‍ പ്രീക്വാര്‍ട്ടറിലെ ക്രൊയേഷ്യയെയയല്ല ഈ കളിയില്‍ കണ്ടത്. രണ്ടു മാറ്റങ്ങള്‍ അവര്‍ ഇലവനില്‍ വരുത്തിയിരുന്നു. സോസ, പെസാലിച്ച് എന്നിവരാണ് ടീമിലേക്കു വന്നത്.

ആദ്യ ഗോള്‍ ഷോട്ട്

കളി തുടങ്ങി അഞ്ചാമത്തെ മിനിറ്റില്‍ത്തന്നെ ആദ്യത്തെ ഗോള്‍ ഷോട്ട് കണ്ടു. ക്രൊയേഷ്യന്‍ ഗോളിക്കാണ് ആദ്യത്തെ സേവ് നടത്തേണ്ടി വന്നത്. 25 വാര അകലെ നിന്നവം വിനീഷ്യസ് ഒരു കര്‍ലിങ് ഷോട്ട് പരീക്ഷിക്കുകയായിരുന്നു. പക്ഷെ അത്ര പവര്‍ഫുളായിരുന്നില്ല ഈ ഷോട്ട്. ഗോള്‍കീപ്പര്‍ ഇതു അനായാസം പിടിച്ചെടുക്കുകയും ചെയ്തു.

ക്രൊയേഷ്യയുടെ ഹൈ പ്രസിങ് ഗെയിം

പതിഞ്ഞ താളത്തില്‍ തുടങ്ങിയ മല്‍സരം പത്തു മിനിറ്റായപ്പോഴേക്കും ചൂടുപിടിച്ചു. ഹൈ പ്രസിങ് ഗെയിമായിരുന്നു ക്രൊയേഷ്യ പുറത്തെടുത്തത്. ബ്രസീല്‍ കുറിയ പാസുകളുമായി കളിച്ചപ്പോള്‍ ലോങ് പാസുകള്‍ കളിച്ച് വിങുകളിലൂടെ ആക്രമിക്കുകയായിരുന്നു ക്രൊയേഷ്യയുടെ തന്ത്രം. ക്രൊയേഷ്യയുടെ ഈ ശൈലി ബ്രസീലിനു കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.

സുവര്‍ണാവസരം

കളിയില്‍ ലീഡ് നേടാനുള്ള ആദ്യത്തെ സുവര്‍ണാവസരം ലഭിച്ചത് ക്രൊയേഷ്യക്കാണ്. 13ം മിനിറ്റിലായിരുന്നു ഇത്. വലതു വിങിലൂടെ വന്ന ഒരു അതിവേഗ മുന്നേറ്റമായിരുന്നു ഇത്. വലതു വിങില്‍ നിന്നും പസാലിച്ച് ബോക്‌സിനു കുറുകെ നീട്ടിനല്‍കിയ മനോഹരമായ ക്രോസ് ക്ലിയര്‍ ചെയ്യാന്‍ ബ്രസീലിനായില്ല. ആറു വാര മാത്രം അകലെ നിന്നും പെരിസിച്ച് ഇതു വലയിലേക്കു തട്ടിയിടാന്‍ ശ്രമിച്ചെങ്കിലും ശരിയായി കണക്ട് ചെയ്യാനായില്ല. താരത്തിന്റെ കാലില്‍ തട്ടിത്തെറിച്ച ബോള്‍ പുറത്തു പോവുകയായിരുന്നു.

വിറപ്പിച്ച് ക്രൊയേഷ്യ

തുടര്‍ന്നും ഹൈ പ്രസിങ് ഗെയിം കളിച്ച ക്രൊയേഷ്യ ബ്രസീലിന്റെ സ്വതസിദ്ധമായ താളം നഷ്ടപ്പെടുത്തുകയും ചെയ്തു. രണ്ടു തവണയാണ് സ്വന്തം പെനല്‍റ്റി ബോക്‌സിനു അരികില്‍ നിന്നും ബ്രസീല്‍ ബോള്‍ നഷ്ടപ്പെടുത്തിയത്. ഒരു തവണ ഗോള്‍കീപ്പര്‍ അലിസണിന്റെ ക്ലിയറന്‍സ് അവര്‍ തട്ടിയെടുക്കുകയായിരുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് ബ്രസീല്‍ ഗോള്‍ വഴങ്ങാതെ രക്ഷപ്പെട്ടത്.

നെയ്മറുടെ ഗോള്‍ശ്രമം

21ാം മിനിറ്റില്‍ ബ്രസീലിന്റെ ഗോള്‍ശ്രമം ഗോള്‍കീപ്പര്‍ ലിവാക്കോവിച്ചിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. ഇടതു വിങിലൂടെ കട്ട് ചെയ്തു കയറിയ നെയ്‌നര്‍ ഗോളിലേക്കു വലംകാല്‍ ഷോട്ട് പരീക്ഷിക്കുകയായിരുന്നു. പക്ഷെ പവര്‍ കുറഞ്ഞ ഷോട്ട് അനായാസം ഗോളിയുടെ കൈകളിലൊതുങ്ങി.

മറുഭാഗത്ത് ക്രൊയേഷ്യ ബോള്‍ ലഭിച്ചപ്പോഴെല്ലാം അപകടകരമായ രീതിയില്‍ മുന്നേറ്റം നടത്തിക്കൊണ്ടിരുന്നു. മധ്യത്തില്‍ ഒരുപാട് സ്‌പേസ് പലപ്പോഴും ലഭിച്ചത് ക്രൊയേഷ്യക്കു കാര്യങ്ങള്‍ എളുപ്പമാക്കി തീര്‍ക്കുന്നതാണ് കണ്ടത്.

ബ്രസീലിന് ഫ്രീകിക്ക്

42ാം മിനിറ്റില്‍ ബ്രസീലിനു മികച്ചൊരു പൊസിഷനില്‍ നിന്നും ഫ്രീകിക്ക്. വിനീഷ്യസിനെ വീഴ്ത്തിയതിനെ തുടര്‍ന്നു ബോക്‌സിനു തൊട്ടരികില്‍ നിന്നം ബ്രസീലിനു ഫ്രീകിക്ക് ലഭിക്കുകയായിരുന്നു. ഇടതു ഭാഗത്തു നിന്നും ലഭിച്ച ഈ കിക്കെടുത്തത് നെയ്മറായിരുന്നു. പക്ഷെ ഈ കിക്ക് ഒരു ക്രൊയൊഷ്യന്‍ താരത്തിന്റെ ദേഹത്തു തട്ടി അല്‍പ്പം ദിശ മാറിയെങ്കിലും നേരെ ഗോളിയുടെ കൈകളിലേക്കാണ് വന്നത്. ആദ്യപകുതിയിലെ അവസാന ഗോള്‍ ശ്രമവും ഇതായിരുന്നു. 50-50 ആയിരുന്നു ഒന്നാം പകുതിയിലെ പൊസെഷന്‍. അഞ്ചു ഷോട്ടുകളാണ് ബ്രസീല്‍ ആദ്യപകുതിയില്‍ തൊടുത്തത്. മൂന്നെണ്ണം ഓണ്‍ ടാര്‍ജറ്റുമായിരുന്നു. ക്രൊയേഷ്യയുടെ മൂന്നു ശ്രമവും ഓണ്‍ ടാര്‍ജറ്റായരുന്നില്ല.

നന്നായി തുടങ്ങി

രണ്ടാം പകുതിയില്‍ ബ്രസീല്‍ നന്നായി തന്നെയാണ് തുടങ്ങിയത്. രണ്ടു മിനിറ്റിനകം തുടരെ രണ്ടു സേവുകള്‍ ക്രൊയേഷ്യന്‍ ഗോളി ലിവാക്കോവിച്ചിനു നടത്തേണ്ടി വരികയും ചെയ്തു. 47ാം മിനിറ്റില്‍ ബ്രസീലിന്റെ അപകടകരമായ ക്രോസ് സെല്‍ഫ് ഗോളില്‍ കലാശിക്കേണ്ടതായിരുന്നു. പക്ഷെ ബോക്‌സിനകത്തു നിന്നും ക്രൊയേഷ്യന്‍ താരം ഗ്വാര്‍ഡിയോളിന്റെ കാലില്‍ തട്ടിത്തെറിച്ച ബോള്‍ ഗോളി കാല്‍ കൊണ്ടു ബ്ലോക്ക് ചെയ്യുകയായിരുന്നു. തൊട്ടടുത്ത മിനിറ്റില്‍ റിച്ചാര്‍ളിസണിന്റെ ഒരു ഗോള്‍ശ്രമവും ഗോളി രക്ഷപ്പെടുത്തി.

രക്ഷകനായി ഗോളി

55ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ വീണ്ടും ക്രൊയേഷ്യയുടെ രക്ഷകനായി. ഇടതു വിങില്‍ നിന്നും റിച്ചാര്‍ളിസണ്‍ നല്‍കിയ പാസിനൊടുവില്‍ നെയ്മറുടെ ഷോട്ട് ഗോള്‍കീപ്പര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. തുടര്‍ന്നും ബ്രസീല്‍ തന്നെ കളി നിയന്ത്രിച്ചു. ആദ്യ പകുതിയിലേതു പോലെ ചടുലമായ നീക്കങ്ങള്‍ നടത്താനുളള പഴുതുകളൊന്നും ക്രൊയേഷ്യക്കു അവര്‍ നല്‍കിയില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button