ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമിയിലെ മൂന്നിടത്തും കോൺഗ്രസിനേറ്റ വൻ പരാജയത്തിനു പിന്നാലെ ഇ.വി.എമ്മിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് ദിഗ്‍വിജയ് സിങ്. 2003 മുതൽ താൻ ഇ.വി.എമ്മിൽ വോട്ട് ചെയ്യുന്നതിനെ എതിർക്കുന്നുണ്ടെന്നും ചിപ്പുള്ള എല്ലാ മെഷീനും ഹാക്ക് ചെയ്യാൻ കഴിയുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. വോട്ടിങ് യന്ത്രമാണ് പരാജയത്തിന് കാരണമെന്ന് 2012ൽ ബി.ജെ.പി ആരോപിച്ച വാർത്ത പങ്കുവച്ചാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
“2003 മുതൽ ഇ.വി.എമിൽ വോട്ട് ചെയ്യുന്നതിനെ ഞാൻ എതിർക്കുന്നു. ചിപ്പുള്ള എല്ലാ മെഷീനും ഹാക്ക് ചെയ്യാൻ കഴിയും. ഇന്ത്യൻ ജനാധിപത്യത്തെ പ്രൊഫഷണൽ ഹാക്കർമാർ നിയന്ത്രിക്കാൻ അനുവദിക്കാമോ! എല്ലാ രാഷ്ട്രീയ പാർട്ടികളും അഭിമുഖീകരിക്കേണ്ട അടിസ്ഥാനപരമായ ചോദ്യമാണിത്. തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രിംകോടതിയും ദയവായി ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കുമോ?- ട്വീറ്റിൽ പറയുന്നു.
അതേസമയം, ദിഗ്‍വിജയ് സിങ്ങിന്റെ വാദം ബി.ജെ.പി തള്ളി. കോൺഗ്രസിന്‍റെ നയങ്ങൾ പരാജയപ്പെട്ടതിനാണ് തെരഞ്ഞെടുപ്പിൽ തോറ്റതെന്ന് അവർ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെയും നയങ്ങളുടേയുമൊക്കെ പരാജയമാണ് തെരഞ്ഞെടുപ്പിൽ കണ്ടതെന്നും എന്നാൽ അവരത് പൊതുമധ്യത്തിൽ അംഗീകരിക്കില്ലെന്നും മധ്യപ്രദേശ് ബി.ജെ.പി അധ്യക്ഷൻ വി.ഡി ശർമ പറഞ്ഞു.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലാണ് കോൺഗ്രസ് കനത്ത തോൽവിയേറ്റുവാങ്ങിയത്. വിജയം പ്രതീക്ഷിച്ചിരുന്ന മധ്യപ്രദേശിൽ കേവലം 66 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്.
163 സീറ്റുകൾ നേടിയാണ് ബി.ജെ.പി അധികാരം നിലനിർത്തിയത്. ഭരണമുണ്ടായിരുന്ന രാജസ്ഥാനിൽ ദയനീയ പരാജയമാണ് കോൺഗ്രസിനുണ്ടായത്. 59 സീറ്റുകൾ നേടാനേ അവർക്കായുള്ളൂ.
115 സീറ്റുകളുമായി ബിജെപി ഭരണം പിടിച്ചു. ഛത്തീസ്ഗഢിലും സ്ഥിതി മറിച്ചായിരുന്നില്ല. 54 സീറ്റുകൾ ബി.ജെ.പി സ്വന്തമാക്കിയപ്പോൾ 35 സീറ്റുകൾ മാത്രമാണ് കോൺഗ്രസ് കീശയിൽ വീണത്. തെലങ്കാനയിൽ മാത്രമാണ് ആശ്വാസം.
ബി.ആർ.എസിനെ തകർത്ത് അധികാരത്തിലേറിയ കോൺഗ്രസ് 64 സീറ്റുകൾ പിടിച്ചെടുത്തു. മുഖ്യമന്ത്രിയായിരുന്ന കെ. ചന്ദ്രശേഖർ റാവുവിന്റെ ബി.ആർ.എസിന് 39 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.