പാലക്കാട്: ശക്തി പ്രകടനത്തിന് കൂലിക്ക് ആളെ എത്തിച്ചെന്ന പരിഹാസത്തിന് മറുപടിയുമായി പി വി അൻവർ എംഎൽഎ. ഡിഎംകെ റാലിയിൽ സിപിഎം ചിലരെ തിരുകി കയറ്റി. അവരാണ് കൂലിക്ക് വന്നതെന്ന് പറഞ്ഞത്. ഇതിന് പിന്നില്‍ സിപിഎം ആണെന്നും ഒരാളേയും പണം കൊടുത്ത് എത്തിച്ചിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു. അപമാനം സഹിച്ചാണ് പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതെന്നും നാണക്കേട് സഹിച്ചത് ബിജെപിയെ തടയാനെന്നും പി വി അന്‍വര്‍ കൂട്ടിച്ചേർത്തു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജിൻ്റെ സ്ഥാനാർത്ഥിത്വം ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള ഇന്നലെ പിൻവലിച്ചിരുന്നു. ചേലക്കരയിൽ ഡിഎംകെ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും അൻവർ ഇന്നലെ വ്യക്തമാക്കിയിരുന്നു. ചേലക്കരയിലുള്ളത് പിന്നറായിസമാണ്. അതിനെ തടയാൻ എൻ കെ സുധീറിനെ സ്ഥാനാർത്ഥിയാക്കണമെന്ന് യുഡിഎഫിനോട് കെഞ്ചി പറഞ്ഞു. ചേലക്കരയിൽ ഇനി ചർച്ചയില്ലെന്നുമാണ് അൻവർ പറുയുന്നത്.
വാദ്യമേളങ്ങളുമായി പി.വി. അൻവർ എം.എൽ.എയുടെ ഡി.എം.കെ പാലക്കാട്ട് നടത്തിയ റോഡ് ഷോയിൽ നൂറുകണക്കിനാളുകൾ എത്തിയെങ്കിലും റാലിക്കായി ആളെയിറക്കിയെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. റോഡ് ഷോയിൽ പങ്കെടുത്ത പലരും അൻവർ ഉയർത്തുന്ന രാഷ്ട്രീയം അറിയാത്തവരാണെന്നും ആരോപണമുണ്ട്.
എത്തിയവരിൽ നല്ലൊരു ഭാഗം സ്ത്രീകളായിരുന്നു. എന്തിന് എത്തിയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് കാര്യമായി മറുപടി പറയാൻ അവർക്കില്ലായിരുന്നു. ചലച്ചിത്ര ഷൂട്ടിങ്ങുകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി പോകുന്ന സംഘവും റോഡ് ഷോയിൽ പങ്കെടുത്തിരുന്നു. ഷൂട്ടിങ്ങിനെന്ന് പറഞ്ഞ് എത്തിച്ചതാണെന്നായിരുന്നു അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
ഏജന്റുമാർ വഴിയാണ് വരുന്നതെന്ന് പറഞ്ഞ ചിലർ എത്ര പണം കിട്ടുമെന്ന് അറിയിച്ചിട്ടില്ലെന്നും പറഞ്ഞു. ഡി.എം.കെയെയും പി.വി. അന്‍വർ ഉയർത്തുന്ന രാഷ്ട്രീയവും തിരിച്ചറിഞ്ഞ് എത്തിയവരും ഏറെയായിരുന്നു. അഞ്ചുവിളക്കിൽനിന്ന് സ്റ്റേഡിയം വരെ ഒരു കിലോമീറ്റർ വരുന്ന ഘോഷയാത്രയാണ് സംഘടിപ്പിച്ചത്.