ഹനുമാനാണ് ആദ്യമായി ബഹിരാകാശത്തേക്ക് പോയത്; കുട്ടികളോട് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ

ഷിംല: ഹനുമാന്‍ ആണ് ആദ്യം ബഹിരാകാശത്തേക്ക് യാത്ര ചെയ്തതെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂര്‍. ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് ഹിമാചല്‍ പ്രദേശില്‍ നടന്ന ഒരു പരിപാടിയില്‍ വെച്ച് വിദ്യാര്‍ഥികളോടായിരുന്നു ഠാക്കൂറിന്റെ പരാമര്‍ശം.

കുട്ടികളുമായുള്ള ഈ സംവാദത്തിന്റെ വീഡിയോ, പിന്നീട് ‘പവന്‍സുത് ഹനുമാന്‍ ജി… ആദ്യത്തെ ബഹിരാകാശ സഞ്ചാരി’ എന്ന അടിക്കുറിപ്പോടെ ഠാക്കൂര്‍ എക്‌സില്‍ പങ്കുവെച്ചു.

പരിപാടിയില്‍ അനുരാഗ് ഠാക്കൂര്‍, ആദ്യത്തെ ബഹിരാകാശ സഞ്ചാരി ആരായിരുന്നു? എന്ന് കുട്ടികളോട് ചോദിച്ചു. കുട്ടികളുടെ പ്രതികരണം വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാനാകുന്നില്ല. തുടര്‍ന്ന് അനുരാഗ് ഠാക്കൂര്‍ ഇങ്ങനെ മറുപടി നല്‍കി, ‘ അത് ഹനുമാന്‍ ആണെന്ന് ഞാന്‍ കരുതുന്നു’.

‘നമ്മള്‍ ഇപ്പോഴും നമ്മളെ കാണുന്നത് വര്‍ത്തമാനകാലത്തിലാണ്. ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള നമ്മുടെ പാരമ്പര്യത്തെയും, വിജ്ഞാനത്തെയും, സംസ്‌കാരത്തെയും അറിയാത്തിടത്തോളം കാലം, ബ്രിട്ടീഷുകാര്‍ നമ്മളെ കാണിച്ചുതന്ന അതേ അവസ്ഥയില്‍ നമ്മള്‍ തുടരും. അതുകൊണ്ട്, പാഠപുസ്തകങ്ങള്‍ക്ക് അപ്പുറം ചിന്തിക്കാനും നമ്മുടെ രാഷ്ട്രത്തെയും പാരമ്പര്യങ്ങളെയും അറിവിനെയും നോക്കിക്കാണാനും ഞാന്‍ പ്രിന്‍സിപ്പലിനോടും നിങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു’ അനുരാഗ് ഠാക്കൂര്‍ കൂട്ടിച്ചേര്‍ത്തു.

ബഹിരാകാശ പര്യവേഷണത്തില്‍ ഇന്ത്യ പുതിയ നാഴികക്കല്ലുകള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ഘട്ടത്തിലാണ് മുന്‍ കേന്ദ്ര മന്ത്രി ഇത്തരത്തിലുള്ള ഒരു പ്രസ്താവന നടത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News