തിരുവനന്തപുരം:സമരത്തിന്‍റെ ഭാവിയുടെ കാര്യത്തിൽ നാളെ സഹായിച്ച എല്ലാവരുമായി ചേർന്നാലോചിച്ച് തീരുമാനമെടുക്കുമെന്ന് അനുപമ. ഒരു വർഷം നീണ്ട പോരാട്ടത്തിനാണ് ഫലം കണ്ടിരിക്കുന്നത്, പറഞ്ഞറിയിക്കാനാവുനത്തിൽ അപ്പുറം സന്തോഷമുണ്ടെന്ന് അനുപ വീട്ടിൽ വച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു.
കുഞ്ഞിനെ നല്ലൊരു മനുഷ്യനായി വളർത്തുമെന്നും, അത് എല്ലാവർക്കും കാണാമെന്നും പറഞ്ഞ അനുപമ കുഞ്ഞിനെ കുറച്ച് കാലം നോക്കിയ ആന്ധ്ര ദമ്പതികളോടും നന്ദി മാത്രമേ പറയാനുള്ളൂവെന്ന് പ്രതികരിച്ചു. പോരാട്ടത്തിൽ ഒപ്പം നിൽക്കുകയും മാനസിക പിന്തുണ നൽകുകയും ചെയ്ത എല്ലാവരോടും അവർ നന്ദി അറിയിച്ചു.
എയ്ഡൻ അനു അജിത്ത് എന്നാണ് അനുപമ തന്റെ കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. കോടതിയില്‍ നിന്ന് കുഞ്ഞുമായി സമരപ്പന്തലില്‍ എത്തിയ അനുപമ എല്ലാവരോടും നന്ദി അറിയിച്ച ശേഷമാണ് വീട്ടിലേക്ക് തിരിച്ചത്. വീട്ടിൽ വച്ചായിരുന്നു വിശദമായ വാർത്താസമ്മേളനം.പോരാട്ടം അവസാനിപ്പിക്കില്ലെന്നാണ് അനുപമ വ്യക്തമാക്കുന്നത്. ഗുരുതരമായ വീഴ്ച വരുത്തിയവർക്കെതിരെ നടപടിവേണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.
ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്. ഉച്ചയ്ക്ക് 2.30 ന് ആരംഭിച്ച കോടതി നടപടികള്‍ ഒരു മണിക്കൂറിലധികം നീണ്ടു. എല്ലാ നടപടികളും ജഡ്ജിയുടെ ചേമ്പറിലാണ് നടന്നത്. കുഞ്ഞിനെ കൊടുക്കുന്നതിന് മുമ്പ് അജിത്തിനെയും ചേമ്പറിലേക്ക് വിളിപ്പിച്ചിരുന്നു. കുട്ടിയെ നന്നായി വളർത്തണമെന്ന് കൂടുംബ കോടതി ജഡ്ജി ബിജു മേനോൻ അനുപമയോട് പറഞ്ഞു. കുഞ്ഞ് അനുപമയുടേതും പങ്കാളി അജിത്തിന്‍റേതുമാണെന്നുമുള്ള ഡിഎൻഎ ഫലം വന്നതാണ് കേസിൽ നിർണ്ണായകമായത്.