കൊച്ചി: പേരൂര്‍ക്കടയില്‍ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമ ഹൈക്കോടതിയെ സമീപിച്ചു. കുഞ്ഞിനെ വിട്ടുകിട്ടാന്‍ അനുപമ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു. ആറുപേരെ എതിര്കക്ഷികളാക്കിയാണ് അനുപമ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം പൊലീസ് കമ്മിഷണര്‍, പേരൂര്‍ക്കട പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍,ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍,അച്ഛനും അമ്മയും ഉള്‍പ്പെടെ ആറുപേരെ എതിര്കക്ഷികളാക്കിയാണ് അനുപമ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് മുമ്പാകെ താന്‍ തന്റെ കുട്ടിയുടെ വിശദാംശങ്ങള്‍ ചോദിച്ചും കുട്ടിയെ തിരികെ കിട്ടുന്നതിനുമായി കയറിയിറങ്ങുകയാണ്. പക്ഷെ ഇവരില്‍ ആരില്‍ നിന്നും തനിക്ക് അനുകൂലമായി നീക്കമുണ്ടാകുന്നില്ല. തനിക്ക് തന്റെ കുട്ടിയെ നഷ്ട്ടപ്പെട്ടു. കുട്ടിയെ തിരികെകിട്ടാനുള്ള നടപടി ക്രമങ്ങള്‍ കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് അനുപമയുടെ ആവശ്യം.
ഇതിനിടെ വനിതാ -ശിശുക്ഷേമ ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്ക് ശേഷം ലഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കൂടുതല്‍ പേരുടെ മൊഴി എടുക്കേണ്ടതിനാല്‍ സമയം നീട്ടി ആവശ്യപ്പെട്ടെന്നും മന്ത്രി വ്യക്തമാക്കി.