തിരുവനന്തപുരം: ദത്ത് പോയ കുഞ്ഞിനെ തിരിച്ചുകിട്ടാൻ സമരം ചെയ്ത് വാർത്തകളിലിടം പിടിച്ച അനുപമയും അജിത്തും വിവാഹിതരായി. കോടതി ഉത്തരവിലൂടെ കുട്ടിയെ സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്. മുട്ടട സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്.
രജിസ്ട്രർ വിവാഹം ചെയ്യുന്നതിനായി ഒരുമാസം മുൻപാണ് അപേക്ഷ നൽകിയതെന്നും 2021 അവസാനിക്കുന്ന ദിവസം തന്നെ വിവാഹം രജിസ്ട്രർ ചെയ്യാൻ കഴിഞ്ഞെന്നും അനുപമ പ്രതികരിച്ചു. ഈ ഒരു ദിവസം തന്നെ വിവാഹിതരാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അനുപമ പറഞ്ഞു. നിയമപരമായി വിവാഹിതരാകണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണെന്നും അവർ പറഞ്ഞു.
“കുഞ്ഞിനെയൊക്കെ കിട്ടി സന്തോഷമായി വരികയാണ്, അപ്പോൾ കല്യാണം കഴിക്കാമെന്ന് വിചാരിച്ചു. കുറേ നാളായി ഒരുമിച്ച് ജീവിച്ച് വരികയാണ്. അത് നിയമപരം കൂടിയാകുമ്പോൾ അതിന്‍റേതായ സന്തോഷം ഉണ്ട്. കുട്ടിയും കൂടി ദൃക്സാക്ഷിയായി വരുമ്പോൾ അതിന്‍റെ കൂടി സന്തോഷം ഉണ്ട്” അനുപമ പറഞ്ഞു. അടുത്ത സഹൃത്തുക്കളും ബന്ധുക്കളും കൂടെയുണ്ടെന്നും അനുപമ കൂട്ടിച്ചേർത്തു.
എല്ലാവർക്കും സംശയമായിരുന്നു. ഇവർ നിയമപരമായി വിവാഹം കഴിക്കുമോ, അതോ ഉപേക്ഷിക്കുമോയെന്നൊക്കെ, അതിനൊക്കെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്ലാന്‍ ചെയ്ത പോലെയൊന്നുമല്ല ജീവിതം പോയത്. എല്ലാവർക്കും നന്നായി ജീവിച്ചുകാണിച്ചുകൊടുക്കണമെന്നുണ്ട്. അത്രയേയുള്ളൂവെന്നും അനുപമ രജിസ്ട്രർ വിവാഹത്തിന് പിന്നാലെ പറഞ്ഞു.
ഒരുവർഷത്തോളം നീണ്ട് നിന്ന പോരാട്ടത്തിനൊടുവിലായിരുന്നു അനുപമയ്ക്ക് സ്വന്തം കുഞ്ഞിനെ തിരിച്ചുകിട്ടിയത്. കുഞ്ഞിനെ കിട്ടിയെങ്കിലും കാരണക്കാരായവര്‍ക്കെതിരെ യാതൊരു നടപടിയും എടുത്തിട്ടില്ലെന്നും പരാതി കൊടുത്തിട്ടും നീതി ലഭിച്ചില്ലെന്നും അനുപമ നേരത്തെ പറഞ്ഞിരുന്നു.