കൊച്ചി: ജിയോഹോട്ട്‌സ്റ്റാറിൽ പുറത്തിറങ്ങിയ ‘റിസോർട്ട്’ എന്ന തമിഴ് വെബ് സീരീസിന്റെ നായകനും എഴുത്തുകാരനുമായ വിജയ് കുമാർ, ഭാര്യ നക്ഷത്രാ മൂർത്തി, നിർമ്മാണക്കമ്പനിയായ ഗ്ലോബൽ വില്ലേജേഴ്‌സ് എന്നിവർക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി മലയാളി നടി അനുഗ്രഹ എസ്. നമ്പ്യാർ. കരാറിൽ കുടുക്കി തന്റെ അഭിനയ അവസരങ്ങൾ തടഞ്ഞുവെച്ചുവെന്നും പ്രതിഫലം നൽകാതെ മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ ആരോപിച്ചത്. ഒരു വർഷത്തെ കരാറിൽ ഒപ്പിട്ട ശേഷം തന്നെ ഷൂട്ടിംഗിന് വിളിക്കാതെ മറ്റ് പ്രൊജക്ടുകളിൽ അഭിനയിക്കുന്നത് തടഞ്ഞുവെന്നും ഇത് തന്നെ ആത്മഹത്യയുടെ വക്കിലെത്തിച്ചുവെന്നും അനുഗ്രഹ വെളിപ്പെടുത്തി.
സീരീസിനായി കരാർ ഒപ്പിട്ട ശേഷം കഴിഞ്ഞ നാല് മാസമായി തന്നെ ഷൂട്ടിംഗിനായി വിളിച്ചിട്ടില്ലെന്ന് നടി പറയുന്നു. മറ്റ് ചിത്രങ്ങളിൽ അഭിനയിക്കാൻ അനുവാദം ചോദിക്കുമ്പോൾ കരാർ നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടി നിർമ്മാണക്കമ്പനി അത് തടയുകയായിരുന്നു. ഇതുമൂലം ജിയോഹോട്ട്‌സ്റ്റാറിന്റെ തന്നെ മറ്റൊരു വലിയ പ്രൊജക്ട് തനിക്ക് നഷ്ടമായെന്നും നടി ആരോപിച്ചു. ഏഴ് മാസമായി തുടരുന്ന ഈ പ്രതിസന്ധികൾ കഴിഞ്ഞ രണ്ട് മാസത്തിനിടെ കൂടുതൽ വഷളായി. സാമ്പത്തികമായും ശാരീരികമായും വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്നതായും കരാർ പ്രകാരമുള്ള പ്രതിഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്നും നടി വീഡിയോയിൽ വ്യക്തമാക്കുന്നു.
നിർമ്മാണക്കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റവും അവഹേളനവും തന്നെ മാനസികമായി തളർത്തിയെന്ന് അനുഗ്രഹ പറഞ്ഞു. തനിക്ക് അസുഖം ബാധിച്ച് ആശുപത്രിയിലായപ്പോൾ സുഹൃത്തിനോട് വിജയ് കുമാറിന്റെ ഭാര്യ പരിഹാസരൂപേണ സംസാരിച്ചുവെന്നും നടി ആരോപിച്ചു. നേരിടേണ്ടി വന്ന കടുത്ത മാനസിക പീഡനങ്ങൾ മൂലം തനിക്ക് അപസ്മാരം ഉണ്ടായതായും ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നതായും താരം വെളിപ്പെടുത്തി. താൻ നേരിട്ട ഈ ദുരനുഭവങ്ങൾ തന്നെ സാമ്പത്തികമായും ശാരീരികമായും തളർത്തിയെന്നും നീതി ലഭിക്കാനാണ് ഇപ്പോൾ പരസ്യമായി രംഗത്തെത്തിയതെന്നും അനുഗ്രഹ പറഞ്ഞു.
Malayalam actress Anugraha S. Nambiar has raised serious allegations against Vijay Kumar, the lead actor and writer of the Tamil web series ‘Resort’, his wife Nakshatra Moorthy, and the production house Global Villagers. In a viral video, she claimed that despite signing a one-year contract, she was denied work and prevented from taking other projects, leading to severe financial and mental distress. She further alleged verbal abuse and professional misconduct that pushed her to the brink of suicide.


