കോഴിക്കോട്∙ പേരാമ്പ്ര അനു കൊലക്കേസിൽ പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റിൽ. തെളിവ് നശിപ്പിക്കാൻ റൗഫീന ശ്രമിച്ചുവെന്നതാണ് കുറ്റം. റിമാൻഡിലുള്ള പ്രതി മുജീബ് റഹ്മാനെ ചോദ്യം ചെയ്തതോടെയാണ് കേസിൽ റൗഫീനയ്ക്കുള്ള പങ്ക് വ്യക്തമായത്. അനുവിനെ കൊലപ്പെടുത്തിയ ശേഷം കൈക്കലാക്കിയ സ്വർണം വിറ്റപ്പോൾ 1.43 ലക്ഷം രൂപയാണ് മുജീബിന് കിട്ടിയത്.
ആദ്യ ചോദ്യം ചെയ്യലില്‍ സ്വർണം വിറ്റ പണം ചീട്ടുകളിയ്ക്കായി ഉപയോഗിച്ചെന്നാണ് മുജീബ് പറഞ്ഞത്. കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് സ്വർണം വിറ്റ പണം മുജീബ്, റൗഫീനയെ ഏൽപ്പിച്ചെന്ന് പൊലീസ് മനസിലാകുന്നത്. തനിക്ക് പണം എങ്ങനെ കിട്ടിയെന്നും ഇയാൾ റൗഫീനയോട് പറഞ്ഞിരുന്നു.
പണം ഉപയോഗിച്ച് ഇരുവരും കാർ വാങ്ങാനും ശ്രമിച്ചു. എന്നാൽ മുജീബ് അറസ്റ്റിലായതോടെ റൗഫീന പണം കൂട്ടുകാരിയെ ഏൽപ്പിക്കുകയായിരുന്നു. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ റൗഫീനയെ റിമാൻഡ് ചെയ്തു. സ്വർണം കണ്ടെടുക്കേണ്ടതുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പേരാമ്പ്ര നൊച്ചാട് സ്വദേശിനിയായ അനുവിനെ തോട്ടിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് നിരവധി കേസുകളില്‍ പ്രതിയായ മുജീബ് റഹ്മാൻ അറസ്റ്റിലാകുന്നത്.
കണ്ണൂരില്‍ നിന്ന് മോഷ്ടിച്ച ബൈക്കിലെത്തി ലിഫ്റ്റ് നല്‍കിയ പ്രതി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് യുവതിയെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു. അനു ധരിച്ച സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതും മുട്ടിനു താഴെവരെ വെള്ളമുള്ള തോട്ടിൽ മുങ്ങിമരിച്ചതും ശരീരത്തിലെ മുറിവേറ്റ പാടുകളുമാണ് മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് പൊലീസിനെ നയിച്ചത്. ബലാത്സംഗം അടക്കം അമ്പതിലേറെ കേസുകളിൽ പ്രതിയാണ് മുജീബ്.