കൊച്ചി: തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്നു നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ രാജിവെച്ചു. സംഘടനാ അധ്യക്ഷനായ ദിലീപിന് ആന്റണി പെരുമ്പാവൂര്‍ രാജി കൈമാറി. മോഹന്‍ലാല്‍ ചിത്രം മരയ്ക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെയാണ് ആന്റണി പെരുമ്പാവൂരിന്റെ രാജി.
ഫിയോക്ക് വൈസ് ചെയര്‍മാനാണ് ആന്റണി പെരുമ്പാവൂര്‍. ഇന്ന് ഉച്ചയ്ക്ക് ഫിയോക്കിന്റെ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ആന്റണി പെരുമ്പാവൂര്‍ രാജിക്കത്ത് കൈമാറിയത്. താന്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ല. രാജി കത്ത് സ്വീകരിക്കണം. മരക്കാര്‍ ഒടിടി റിലീസ് ചെയ്യുന്ന വിഷയത്തില്‍ തന്നോട് ആരും തന്നെ ചര്‍ച്ച നടത്തിയിട്ടില്ല. ചര്‍ച്ച നടന്നത് മോഹന്‍ലാല്‍ സാറുമായുമാണ് എന്നും ആന്റണി പെരുമ്പാവൂരിന്റെ രാജി കത്തില്‍ പറയുന്നതായി ആണ് റിപ്പോര്‍ട്ട്.
ചിത്രത്തിന്റെ റിലീസിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഫിയോക്ക് ഇന്ന് അടിയന്തര യോഗം ചേരുമെന്ന് അറിയിച്ചിരുന്നു. ചിത്രത്തിന്റെ റിലീസിനായി നിരവധി ഉപാധികള്‍ നിര്‍മ്മാതാക്കള്‍ മുന്നോട്ട് വെച്ചിരുന്നു. ചിത്രത്തിന്റെ റിലീസിന്റെ ആദ്യ മൂന്നാഴ്ച്ച പരമാവധി തീയേറ്ററുകള്‍ ചിത്രത്തിന് വിട്ട് നല്‍കണം എന്നത് ഉള്‍പ്പെടയുള്ള ഉപാധികളാണ് നിര്‍മ്മാതാക്കള്‍ തിയേറ്റര്‍ റിലീസിന് മുന്നോട്ട് വെക്കുന്നത്. മരക്കാരിന്റെ റിലീസ് ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് മാറ്റാന്‍ സാധ്യതയുണ്ടെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആയ ആന്റണി പെരുമ്പാവൂര്‍ സൂചിപ്പിച്ചിരുന്നു.
എന്നാല്‍ ഇതിനെ തുടര്‍ന്ന് അടിയന്തര ഇടപടല്‍ വേണമെന്ന് തിയറ്റര്‍ ഉടമകള്‍ ആവശ്യപ്പെടുകയായിരുന്നു. ഈ ആവശ്യത്തെ തുടര്‍ന്നാണ് ഫിലിം ചേംബര്‍ വിഷയത്തില്‍ ഇടപ്പെട്ടത്. കൂടാതെ ചേംബര്‍ പ്രസിഡണ്ട് ജി.സുരേഷ്‌കുമാര്‍ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഇന്ന് ഫിയോക്കുമായി യോഗം ചേരുന്നത്.
ഇതിനിടയില്‍ നിര്‍മ്മാതാവ് തിയേറ്റര്‍ ഉടമകള്‍ നല്‍കിയ തുക തിരികെ നല്‍കാനും ആരംഭിച്ചിരുന്നു. ഒടിടി പ്ലാറ്റ്ഫോമില്‍ ചിത്രം റിലീസ് ചെയ്താലും സമാന്തരമായി തീയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യുമെന്നും അറിയിച്ചിരുന്നു. പക്ഷേ ഇത് തിയേറ്റര്‍ സംഘടന അംഗീകരിക്കാന്‍ സാധ്യതയില്ല.
മലയാളത്തിന്റെ ആദ്യ 100 കോടി ബജറ്റ് ചിത്രമാണ് മരക്കാര്‍ അറബി കടലിന്റെ ചിത്രം. ചിത്രം ഈ ഓണത്തിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട കോവിഡ് രോഗബാധ മൂലം മാറ്റിവെക്കുകയായിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രം ആശിര്‍വാദ് സിനിമാസ്, മൂണ്‍ഷൂട്ട് എന്റ്റര്‍ടൈന്‍മെന്‍ഡ്, കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് എന്നീ ബാനറുകളില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.