യുക്രൈനിന്റെ ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനം റഷ്യന്‍ ഷെല്ലിംഗില്‍ തകര്‍ന്നു. യുക്രേനിയന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബയാണ് ഇക്കാര്യം അറിയിച്ചത്. യുക്രൈന്‍ നിര്‍മ്മിത ആന്റണോവ് മ്രിയ എന്ന വിമാനമാണ് തകര്‍ക്കപ്പെട്ടത്. കീവിന് സമീപമുണ്ടായ ആക്രമണത്തിലാണ് വിമാനം തകര്‍ക്കപ്പെട്ടത്.
യുക്രേനിയന്‍ വ്യോമയാന മേഖലയില്‍ പ്രധാനിയാണ് മ്രിയ. കീവിലെ ആന്റണോവ് എയര്‍ഫീല്‍ഡിലായിരുന്നു മ്രിയ ഉണ്ടായിരുന്നത്. ഇവിടെയാണ് റഷ്യന്‍ ആക്രമണം നടന്നത്. റഷ്യയ്ക്ക് തങ്ങളുടെ മ്രിയ ഇല്ലാതാക്കാന്‍ കഴിഞ്ഞെന്നിരിക്കാം. എന്നാല്‍, തങ്ങളുടെ ശക്തവും സ്വതന്ത്രവും ജനാധിപത്യപരവുമായ യൂറോപ്യന്‍ രാജ്യമെന്ന സ്വപ്‌നത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നായിരുന്നു ഇതിനോട് കുലേബയുടെ പ്രതികരണം.
സോവിയറ്റ് യൂണിയന്റെ അവസാന കാലത്താണ് മ്രിയ ആന്റണോവ് എഎന്‍ 225 നിര്‍മ്മിക്കപ്പെടുന്നത്. റൈറ്റ് സഹോദരന്മാരുടെ ആദ്യത്തെ വിമാനത്തെ ഉള്‍ക്കൊള്ളാന്‍ മാത്രം വലുപ്പമുള്ള കാര്‍ഗോ വിമാനമാണിത്. നേരത്തെ ബഹിരാകാശ വാഹനങ്ങളെ മറ്റിടങ്ങളിലേയ്ക്ക് കൊണ്ടുപോകാനായി ഉപയോഗിച്ചുകൊണ്ടിരുന്ന ഈ വിമാനം ഏറെ കാലമായി ഉപയോഗിച്ചുവരുന്നില്ല.
മ്രിയ എന്ന വാക്കിന് യുക്രേനിയന്‍ ഭാഷയില്‍ സ്വപ്‌നം എന്നാണ് അര്‍ഥം. 32 വീലുകളും ആറ് എഞ്ചിനുകളും ഇതിനുണ്ട്. കഴിഞ്ഞ മൂന്ന് ദശാബ്ദകാലമായി ലോകത്തെ ഏറ്റവും ഭാരമേറിയ വിമാനമെന്ന റെക്കോര്‍ഡ് ഈ വിമാനത്തിനായിരുന്നു. ലോകത്തെ ഏറ്റവും വലിയ ചിറകുകളോട് കൂടിയ വിമാനം കൂടിയായിരുന്നു ആന്റനോവ്.
ലോകത്തിലെ ഏറ്റവും വലുതും ഭാരം കൂടിയതുമായ ചരക്കുവിമാനമാണ് ആന്റനോവ് എഎൻ – 225 മ്രിയ. 1980-കളിൽ സോവിയറ്റ് യൂണിയന്റെ കാലഘട്ടത്തിലാണ് ആന്റോനോവ്-225 രൂപകൽപ്പന ചെയ്തത്. നിർമ്മിച്ച് 27 വർഷങ്ങൾക്ക് ശേഷവും ലോകത്തിലെ ഭീമൻ വിമാനം എന്ന റെക്കോർഡ് നിലനിർത്താൻ മ്രിയയ്ക്ക് കഴിഞ്ഞു. 640 ടൺ ഭാരം വരെ വഹിക്കുവാൻ ശേഷിയുളള വിമാനത്തിന് 6 ടർബോ എഞ്ചിനുകളും 32 വീലുകളുമുണ്ട്.
ലോകത്തെ ഏറ്റവും വലിയ ചിറകുകളോട് കൂടിയ വിമാനവും ആന്റനോവ് തന്നെയാണ്. ആകെ 84 മീറ്റർ നീളവും 88 മീറ്റർ നീളത്തിൽ ചിറകുകളുള്ള വിമാനത്തിന് ചരക്കുകളോ ഇന്ധനമോ ഇല്ലാതെ തന്നെ 175 ടൺ ഭാരമുണ്ട്. 50 കാറുകൾ ഉൾക്കൊള്ളാൻ കെൽപ്പുളളതാണ് വിമാനത്തിന്റെ കാർഗോ കമ്പാർട്ട്‌മെന്റ്. 1988ൽ ആദ്യമായി പറന്ന ആന്റനോവിന് ‘മ്രിയ’ എന്നാണ് വിളിപ്പേര് നൽകിയിരുന്നത്. യുക്രൈനി ഭാഷയിൽ മ്രിയ എന്നതിന് സ്വപ്നം എന്നാണ് അർത്ഥം.
ബുറാൻ-ക്ലാസ് ഓർബിറ്ററുകളും റോക്കറ്റുകളും കൊണ്ടുപോകുന്നതിനായി രൂപകൽപ്പന ചെയ്ത അന്റോനോവ് ആൻ-124ന്റെ വിപുലീകരണമായാണ് ഈ ഭീമൻ വിമാനം വികസിപ്പിച്ചെടുത്തത്. വലിയ ലാൻഡിംഗ് ഗിയർ, ഫ്രണ്ട് എൻഡ് വഴി ചരക്ക് പുറത്തിറക്കാനുളള സംവിധാനം, പിൻ ഭാഗം പിളർന്ന രൂപകൽപന എന്നിവയെല്ലാം ആന്റനോവിനെ മറ്റുളളവയിൽ നിന്നും വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ ആണ്. ആ കാലഘട്ടത്തിൽ നിരവധി An-225 വിമാനങ്ങൾ നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും സോവിയറ്റ് യൂണിയന്റെ പതനവും ഷട്ടിൽ പ്രോഗ്രാമിന്റെ തകർച്ചയും കാരണം അവയൊന്നും പ്രാവർത്തികമായില്ല.
ഇതുവരെ 200 ഓളം ലോക വ്യോമയാന റെക്കോർഡുകൾ AN-225 സ്വന്തമാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഭാരമേറിയതും ദൈർഘ്യ മേറിയതുമായ കാർഗോ എയർലിഫ്റ്റിംഗ്, ഏറ്റവും ഭാരമേറിയ കാർഗോ വഹിച്ച വിമാനം, 2004-ൽ 247 ടൺ ഓയിൽ പൈപ്പ്‌ലൈൻ യന്ത്രം ഉസ്‌ബെക്കിസ്ഥാനിലേക്ക് എത്തിച്ചു എന്നത് ഉൾപ്പെടെയാണ് ആന്റനോവ് സ്വന്തമാക്കിയ റൊക്കാേർഡുകൾ.
90കളിൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ ആന്റനോവിന്റെ പ്രവർത്തനം നിലച്ചു. എന്നാൽ 2001-ൽ കൂറ്റൻ ബഹിരാകാശ വാഹനങ്ങളെ വഹിക്കാൻ മറ്റ് പകരക്കാരില്ലെന്ന് തിരിച്ചറിഞ്ഞതോടെ ആന്റനോവിനെ പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തിച്ചു. 2009-ലെ അമേരിക്കൻ സമോവൻ സുനാമി, 2011-ലെ ജാപ്പനീസ് ഭൂകമ്പം, 2010ലെ ഹെയ്തി ഭൂകമ്പം എന്നിവ ഉൾപ്പെടെയുള്ള ദുരന്ത മുഖത്ത് ആന്റനോവിനെ വൻ തോതിൽ പ്രയോജനപ്പെടുത്തിയിരുന്നു. റഷ്യയുടെ യുക്രൈൻ അധിനിവേശത്തോടെ മ്രിയയുടെ ഉദ്യോഗജനകമായ കാലഘട്ടവും അവസാനിക്കുകയാണ്