KeralaNews

ക്രിമിനൽ കേസിൽ പ്രതിയായവർ വിദേശത്താണെങ്കിലും മുൻകൂർ ജാമ്യഹർജി പരിഗണിക്കാം,നിര്‍ണ്ണായക ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: ക്രിമിനൽ കേസുകളിൽ പ്രതികളായവർ വിദേശത്താണെന്ന കാരണത്താൽ മാത്രം മുൻകൂർ ജാമ്യം നിഷേധിക്കുന്ന അവസ്ഥയ്ക്ക് ഇനി മുതൽ മാറ്റം വരും. ഇത്തരം കേസുകളിൽ ഒരു സുപ്രധാന നിരീക്ഷണം നടത്തിയിരിക്കയാണ് കേരള ഹൈക്കോടതി. ക്രിമിനൽ കേസിൽ പ്രതിയായവർ വിദേശത്തിരുന്ന് ഫയൽചെയ്യുന്ന മുൻകൂർ ജാമ്യഹർജികൾ പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.

ഇത്തരം കേസുകളിളുടെ സാഹചര്യങ്ങളാണ് പരിഗണിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. ഹർജികളിൽ പ്രതി അന്വേഷണവുമായി സഹകരിക്കുമോ ഉടൻ നാട്ടിലേക്ക് വരുമോ എന്നതടക്കം പരിഗണിച്ചായിരിക്കണം തീരുമാനമെടുക്കാൻ.

ഇക്കാര്യത്തിൽ കൃത്യമായ നിർദേശങ്ങൾ നൽകുക അസാധ്യമാണ്. ഒരോ കേസിന്റെയും സ്വഭാവമടക്കം പരിഗണിച്ച് വിവേകപൂർവമായ തീരുമാനമാണ് കോടതികൾ എടുക്കേണ്ടതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ജാമ്യമില്ലാ വകുപ്പുപ്രകാരമുള്ള കേസ് രജിസ്റ്റർ ചെയ്തതായി അറിഞ്ഞശേഷം വിദേശത്തേക്ക് കടന്ന് അവിടെയിരുന്ന് ഫയൽ ചെയ്യുന്ന മുൻകൂർ ജാമ്യഹർജി പരിഗണിക്കേണ്ടതുണ്ടോ എന്നാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസും ജസ്റ്റിസ് സി.എസ്. സുധയും അടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തത വരുത്തിയത്.

വിദേശത്തുനിന്ന് ജാമ്യഹർജി ഫയൽചെയ്യുന്ന കേസിൽ ഹൈക്കോടതിയുടെ വ്യത്യസ്ത ഉത്തരവുകൾ ചൂണ്ടിക്കാട്ടി സിംഗിൾ ബെഞ്ചാണ് വിഷയം ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്കുവിട്ടത്.

പുതുമുഖനടിയെ ബലാത്സംഗംചെയ്ത കേസിൽ വിദേശത്തേക്കുകടന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിനോട് വിയോജിച്ചുകൊണ്ടാണ് വിഷയം ഡിവിഷൻ ബെഞ്ചിന്റെ പരിശോധനയ്ക്കായി വിട്ടത്.

പോക്സോ കേസിൽ പ്രതിയായ പത്തനംതിട്ട സ്വദേശിനിയുടെ മുൻകൂർ ജാമ്യഹർജിയായിരുന്നു വിഷയം ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്കുവിടാൻ കാരണമായത്. എസ്.എം. ഷാഫി കേസിൽ വിദേശത്ത് ചാരുകസേരയിൽ ഇരുന്ന് ഫയൽചെയ്യുന്ന ജാമ്യഹർജി പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

വിജയ് ബാബുവിനെതിരായ കേസിൽ വിദേശത്തിരുന്നും മുൻകൂർ ജാമ്യഹർജി ഫയൽചെയ്യാമെന്നും അന്തിമവാദം നടക്കുമ്പോൾ ഹർജിക്കാരൻ സ്ഥലത്തുണ്ടായാൽ മതിയെന്നുമായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്.

സുശീല അഗർവാൾ കേസിൽ നിയമപരമായ നിയന്ത്രണമില്ലെങ്കിൽ ജാമ്യഹർജികളിൽ കോടതി അനാവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്ന് സുപ്രീംകോടതിയും അഭിപ്രായപ്പെട്ടിരുന്നു. ഈ വിഷയങ്ങളെല്ലാം വിശദമായി പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ച് വിദേശത്തുള്ളയാളുടെ മുൻകൂർ ജാമ്യഹർജിയും പരിഗണിക്കാം എന്ന് വ്യക്തമാക്കിയിരിക്കുന്നത്. പോക്സോ കേസ് പ്രതിക്ക് ഇടക്കാലജാമ്യം അനുവദിച്ചതടക്കം അന്തിമമാക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button