സ്ത്രീ വിരുദ്ധ പരാമര്‍ശം: ഇടുക്കി ഡി.സി.സി പ്രസിഡന്റിനെതിരെ പോലീസ് കേസെടുത്തു

ഇടുക്കി: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവിനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്റെ പരാതിയിലാണ് ഇടുക്കി പോലീസ് കേസെടുത്തത്. കേസില്‍ രാജി ചന്ദ്രന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.

കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി സിപിഎമ്മില്‍ ചേര്‍ന്ന രാജി ചന്ദ്രനെതിരെ ഇന്നലെ യുഡിഎഫ് നടത്തിയ പ്രതിഷേധത്തിനിടെ ആയിരുന്നു സിപി മാത്യുവിന്റെ വിവാദ പരാമര്‍ശം. യുഡിഎഫില്‍ നിന്ന് വിജയിച്ച രാജി ചന്ദ്രന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തണലില്‍ സുഖവാസം അനുഭവിക്കുകയാണ്. കാലാവധി പൂര്‍ത്തിയാക്കുന്നത് വരെ രണ്ട് കാലില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ വരാന്‍ അനുവദിക്കില്ലെന്നും മാത്യു ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

അതേസമയം, തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നാണ് ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യുവിന്റെ പ്രതികരണം. സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ല. തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണ്. സിപിഎം എതിരാളികള്‍ക്കെതിരെ പൊലീസിനെക്കൊണ്ട് കള്ളക്കേസ് എടുപ്പിക്കുകയാണ്.

കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും സി പി മാത്യു പ്രതികരിച്ചു. വിവാദ പ്രസംഗത്തില്‍ സി പി മാത്യുവിനെതിരെ പരാതി നല്‍കുമെന്ന് സിപിഐഎമ്മും, രാജി ചന്ദ്രനും പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News