കീവ്: റഷ്യയോടു കൂട്ടിച്ചേർക്കുന്നതിനു മുന്നോടിയായി യുക്രെയ്നിലെ 4 പ്രവിശ്യകളിൽ ഹിതപരിശോധന നടക്കുന്നതിനിടെ, റഷ്യൻ നഗരങ്ങളിൽ പുട്ടിൻവിരുദ്ധ പ്രകടനങ്ങൾ. യുക്രെയ്നിൽ യുദ്ധം ചെയ്യാനായി മക്കളെ വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ച് സ്ത്രീകളടക്കമാണു നിർബന്ധിത സൈനിക സേവനത്തിനെതിരെ പ്രതിഷേധിക്കുന്നത്.
യുക്രെയ്നിലെ തെക്കൻ പ്രവിശ്യകളായ സാപൊറീഷ്യ, ഖേർസൻ, കിഴക്കൻ മേഖലയിലെ ലുഹാൻസ്ക്, ഡോണെറ്റ്സ്ക് എന്നിവിടങ്ങളിലാണു വെള്ളിയാഴ്ച ഹിതപരിശോധന ആരംഭിച്ചത്. നിലവിൽ റഷ്യൻസേനയുടെ നിയന്ത്രണത്തിലായ ഈ പ്രദേശങ്ങളിലെ നല്ലൊരു വിഭാഗം ജനങ്ങൾ നേരത്തേ പലായനം ചെയ്തതാണ്. യുക്രെയ്ൻ സേന ചെറുത്തുനിൽക്കുന്ന തെക്കൻ മേഖലയിൽ രൂക്ഷയുദ്ധമാണു നടക്കുന്നത്.
7 മാസം പിന്നിടുന്ന യുദ്ധം നീണ്ടുപോകുന്ന സാഹചര്യത്തിലാണ് കൂടുതൽ സൈനികരെ നിയോഗിക്കാൻ പുട്ടിൻ തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ 3 ലക്ഷം റിസർവ് സൈനികരെ സമാഹരിക്കാനാണ് തീരുമാനം. എന്നാലിത് 10 ലക്ഷം വരെയായേക്കുമെന്നും റിപ്പോർട്ടുണ്ട്. മേലുദ്യോഗസ്ഥരുടെ ഉത്തരവ് അനുസരിക്കാതിരിക്കുകയോ വിട്ടുപോകുകയോ ചെയ്യുന്ന സൈനികർക്കു കടുത്ത ശിക്ഷ നൽകുന്ന ബില്ലിലും ശനിയാഴ്ച പുട്ടിൻ ഒപ്പിട്ടു.
അതേസമയം, റഷ്യ–ജോർജിയ അതിർത്തിയിൽ രാജ്യം വിടാൻ തിക്കിത്തിരക്കി റഷ്യൻ വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. വീസയില്ലാതെ പ്രവേശിക്കാവുന്ന രാജ്യങ്ങളിലേക്കു വിമാനടിക്കറ്റ് നേടാനാണ് തിരക്ക്. കിലോമീറ്ററോളം വാഹനങ്ങളുടെ നിര നീണ്ടതായി റിപ്പോർട്ടുണ്ട്. 18നും 65 നും ഇടയിൽ പ്രായമുള്ളവർ രാജ്യം വിടുന്നതു വിലക്കി സർക്കാർ ഉത്തരവിട്ടിരുന്നു.