InternationalNews

സർക്കാർ വിരുദ്ധ പ്രക്ഷോഭം; ഇറാനിൽ രണ്ടാമതൊരാളെ കൂടി തൂക്കിക്കൊന്നു, ഇറാന് സ്വന്തം ജനങ്ങളെ പേടിയെന്ന് യുഎന്‍

സർക്കാർ വിരുദ്ധ പ്ര​ക്ഷോഭത്തിൽ പങ്കെടുത്തതിന് വീണ്ടുമൊരാളെ കൂടി പരസ്യമായി തൂക്കിക്കൊന്ന് ഇറാൻ. മജിദ്റെസ റഹ്നാവാദ് എന്ന 23 -കാരനെയാണ് മഷ്‍ഹാദ് ന​ഗരത്തിൽ പരസ്യമായി തൂക്കിക്കൊന്നത്. അറസ്റ്റ് ചെയ്യപ്പെട്ട് 23 ദിവസത്തിന് ശേഷമാണ് യുവാവിനെ വധിക്കുന്നത്. 

രണ്ട് സുരക്ഷാ ഭടന്മാരെ കുത്തിക്കൊന്നു, നാലുപേരെ പരിക്കേൽപ്പിച്ചു എന്നതാണ് റഹ്നാവാദിന് മേൽ ചുമത്തിയിരുന്ന കുറ്റം. നവംബർ 29 -നാണ് റഹ്നാവാദിന് വധശിക്ഷ വിധിച്ചത്. ഇതോടെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരിൽ ഇറാനിൽ രണ്ടുപേരുടെ വധശിക്ഷയാണ് നടപ്പിലാക്കിയിരിക്കുന്നത്. 

അഞ്ച് ദിവസം മുമ്പാണ് മൊഹ്സെൻ ഷെക്കാരി എന്ന 24 -കാരനെ തൂക്കിലേറ്റിയത്. സുരക്ഷാ സേനയിലുള്ളവരെ അക്രമിച്ചു എന്ന കുറ്റം തന്നെയാണ് ഈ യുവാവിനെതിരെയും ചുമത്തിയിരുന്നത്. അതേസമയം രഹസ്യ വിചാരണ നടത്തി ഇറാൻ 12 പേരെ എങ്കിലും വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 

ഹിജാബ് നിയമം ലംഘിച്ചു എന്ന് ആരോപിച്ച് മത പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി എന്ന 22 -കാരി മരിച്ചതുമായി ബന്ധപ്പെട്ടാണ് ഇറാനിലെ ഈ സമീപകാല പ്രക്ഷോഭം ആരംഭിച്ചത്. രോഷാകുലരായ ജനങ്ങൾ മത പൊലീസിനെ നിരോധിക്കണം എന്നും അമിനിക്ക് നീതി കിട്ടണം എന്നും ആവശ്യപ്പെട്ട് കൊണ്ട് വലിയ തരത്തിലുള്ള പ്രക്ഷോഭമാണ് നയിച്ചത്. 

റഹ്നാവാദിനെ തൂക്കിക്കൊന്ന ശേഷം മാത്രമാണ് അദ്ദേഹത്തിന്റെ കുടുംബത്തെ പോലും വിവരം അറിയിച്ചത്. റഹ്നാവാദിന്റെ വീട്ടിലേക്ക് വിളിച്ച അധികൃതർ നിങ്ങളുടെ മകനെ ഞങ്ങൾ കൊന്നു എന്നും ഇന്ന സ്ഥലത്ത് അടക്കിയിട്ടുണ്ട് എന്നും അറിയിക്കുകയായിരുന്നു. 

രണ്ടാമതൊരാൾ കൂടി പ്രക്ഷോഭത്തിന്റേ പേരിൽ തൂക്കിലേറ്റപ്പെട്ടതോടെ ലോകത്താകമാനമുള്ള മനുഷ്യാവകാശപ്രവർത്തകർ ഇതിനെതിരെ പ്രതികരിച്ചു. അതിനിടെ യുഎൻ, ഇറാൻ നേതൃത്വം സ്വന്തം ജനങ്ങളെ തന്നെ ഭയക്കുകയാണ്, അതിനാലാണ് ആളുകളെ തൂക്കിലേറ്റുന്നത് എന്ന് പ്രതികരിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button