‘അൻസിബ എന്നെ മതം മാറ്റാൻ ശ്രമിച്ചിട്ടില്ല; നോമ്പെടുത്തത് സ്വന്തം താല്പര്യപ്രകാരം’: ടിനി ടോമിന്റെ ആരോപണങ്ങൾ തള്ളി പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ

കൊച്ചി: താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിൽ (AMMA) വലിയ പുകിലിന് കാരണമായ അൻസിബ ഹസ്സൻ-ടിനി ടോം വിവാദത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ആരോപണവിധേയനായ പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ ശ്രീകൈലാസ് രംഗത്ത്. നടി അൻസിബ ഹസ്സൻ തന്നെ മതം മാറ്റാൻ ശ്രമിച്ചുവെന്ന തരത്തിൽ നടനും ‘അമ്മ’ എക്സിക്യൂട്ടീവ് അംഗവുമായ ടിനി ടോം ഉന്നയിച്ച ആരോപണങ്ങൾ ശ്രീകൈലാസ് പൂർണ്ണമായും തള്ളി.

തന്നെ മതം മാറ്റാൻ ആരും നിർബന്ധിച്ചിട്ടില്ലെന്നും സിനിമയുടെ സെറ്റിൽ വെച്ച് അൻസിബ മതവുമായി ബന്ധപ്പെട്ട യാതൊരു വിഷയങ്ങളും സംസാരിച്ചിട്ടില്ലെന്നും ശ്രീകൈലാസ് മാധ്യമങ്ങളോട് വ്യക്തമാക്കി.’പോലീസ് ഡേ’ (Police Day) എന്ന സിനിമയുടെ സെറ്റിൽ വെച്ചുണ്ടായ സംഭവങ്ങളെ മുൻനിർത്തിയാണ് ടിനി ടോം മുൻപ് അൻസിബയ്‌ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നത്. അൻസിബ പ്രൊഡക്ഷൻ കൺട്രോളറുടെ മകനെയും ടിനി ടോമിന്റെ ഡ്രൈവറെയും മതം മാറ്റാൻ ശ്രമിച്ചുവെന്നായിരുന്നു ആരോപണം.

എന്നാൽ ഈ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറായ രാജീവ് കുടപ്പനക്കുന്നിന്റെ മകനാണ് ഇപ്പോൾ വിശദീകരണവുമായി എത്തിയിരിക്കുന്നത്. “അൻസിബ ചേച്ചി അങ്ങനെ ഒന്നും ചെയ്തിട്ടില്ല. ‘പോലീസ് ഡേ’ എന്ന സിനിമയിൽ എന്റെ അച്ഛനായിരുന്നു പ്രൊഡക്ഷൻ കൺട്രോളർ. അച്ഛന്റെ കൂടെ സഹായിയായി ഞാനും ആ സെറ്റിൽ പോയിരുന്നു. ആ സമയത്ത് അവരെ കണ്ടിരുന്നു എന്നതിലുപരി മറ്റൊരു കാര്യവുമില്ല,” ശ്രീകൈലാസ് പറഞ്ഞു.

സെറ്റിൽ താൻ നോമ്പ് അനുഷ്ഠിച്ചതുമായി ബന്ധപ്പെട്ട പശ്ചാത്തലവും ശ്രീകൈലാസ് വെളിപ്പെടുത്തി. “ആ സിനിമയുടെ സെറ്റിൽ വെച്ച് ഞാൻ നോമ്പ് അനുഷ്ഠിച്ചിരുന്നു. അത് പൂർണ്ണമായും എന്റെ വ്യക്തിപരമായ താല്പര്യത്തിന് പുറത്ത് മാത്രമാണ് ചെയ്തത്. സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ച് ആരോഗ്യത്തിന് നല്ലതാണെന്ന് കരുതിയാണ് ഞാൻ നോമ്പെടുത്തത്. അതേ ദിവസം തന്നെ അൻസിബയും അവിടെ അഭിനയിക്കാൻ എത്തിയിരുന്നു. അതെല്ലാം തികച്ചും യാദൃച്ഛികമായി സംഭവിച്ച കാര്യങ്ങൾ മാത്രമാണ്,” ശ്രീകൈലാസ് കൂട്ടിച്ചേർത്തു.

ശ്രീകൈലാസിന് പുറമെ അദ്ദേഹത്തിന്റെ അച്ഛനും പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറുമായ രാജീവ് കുടപ്പനക്കുന്നും ഈ ആരോപണങ്ങൾ പാടെ നിഷേധിച്ചിട്ടുണ്ട്. തങ്ങളുടെ കുടുംബവുമായി ബന്ധപ്പെടുത്തി ഉയർന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാന ദൃക്സാക്ഷികളും ആരോപണത്തിൽ ഉൾപ്പെട്ട വ്യക്തിയും തന്നെ ടിനി ടോമിന്റെ വാദങ്ങൾ തള്ളി രംഗത്തെത്തിയതോടെ, അൻസിബയ്‌ക്കെതിരെ ഉയർന്ന ‘ജിഹാദി’ പരാമർശങ്ങളും ഡി.എൻ.എ അധിക്ഷേപങ്ങളും കൂടുതൽ വിവാദങ്ങളിലേക്ക് വഴിമാറുകയാണ്. തന്നെ വ്യക്തിഹത്യ ചെയ്യാൻ ടിനി ടോം വ്യാജ കഥകൾ ചമച്ചതാണെന്ന അൻസിബയുടെ വാദങ്ങൾക്ക് പുതിയ വെളിപ്പെടുത്തൽ കൂടുതൽ ബലം നൽകുന്നു.

Sreekailas, son of production controller Rajeev Kudappanakkunnu, has refuted the allegations made by actor Tini Tom against actress Ansiba Hassan. Sreekailas clarified that nobody forced him to convert his religion during the shoot of the movie Police Day. He stated that he observed the Islamic fast (Roza) purely out of personal interest for health benefits recommended by friends, and Ansiba’s presence on the set that day was coincidental. Both Sreekailas and his father Rajeev denied Tini Tom’s claims, giving a new turn to the ongoing controversy within the ‘AMMA’ association.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News