‘ടിനി ടോം സാമൂഹിക വിപത്ത്, എന്നെ ജിഹാദിയാക്കി ജയിലിലടക്കാൻ നോക്കി’; കപടമുഖം അഴിയണമെന്ന് പൊട്ടിക്കരഞ്ഞ് അൻസിബ ഹസൻ

കൊച്ചി: മലയാള സിനിമാ രംഗത്തെയും താരസംഘടനയായ ‘അമ്മ’യെയും (AMMA) പിടിച്ചുലയ്ക്കുന്ന പുതിയ വിവാദത്തിൽ നടൻ ടിനി ടോമിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി നടി അൻസിബ ഹസൻ. ടിനി ടോം വെറുമൊരു വ്യക്തിയോട് മാത്രമല്ല, കേരളം പോലുള്ള ഒരു മതേതര സമൂഹത്തോടാണ് കടുംദ്രോഹം ചെയ്തതെന്നും ഇത്തരക്കാരുടെ കപടമുഖം സമൂഹത്തിന് മുന്നിൽ പൂർണ്ണമായി അഴിഞ്ഞുവീഴണമെന്നും അൻസിബ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

നടിയും ‘അമ്മ’ വൈസ് പ്രസിഡന്റുമായ ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറ വനിതാ എസ്‌ഐ വി.ആർ. രേഷ്മ എന്നിവർക്കെതിരെ താൻ നൽകിയ ഔദ്യോഗിക പരാതിയിൽ തൃക്കാക്കര എസിപി ഓഫീസിൽ മൊഴി നൽകാൻ എത്തിയപ്പോഴാണ് അൻസിബ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിച്ചത്. ടിനി ടോം തന്നെ ലക്ഷ്യമിട്ട് നടത്തിയ വർഗീയ പ്രചാരണങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് താരം വെളിപ്പെടുത്തിയത്.

‘പേര് അൻസിബ ഹസ്സൻ ആയതുകൊണ്ട് ഇതങ്ങ് ഉപയോഗിച്ചു’

വ്യക്തിവൈരാഗ്യം തീർക്കാൻ വേണ്ടി തനിക്കെതിരെ ഒന്നും കിട്ടാതെ വന്നപ്പോഴാണ് തന്റെ പേര് നോക്കി മതപരമായ ആയുധം ടിനി ടോം എടുത്ത പ്രയോഗിച്ചതെന്ന് അൻസിബ ആരോപിച്ചു. അൻസിബ ഹസൻ എന്ന പേരുള്ളതുകൊണ്ട് തന്നെ ഒരു ‘ജിഹാദി’യായി ചിത്രീകരിക്കാൻ അദ്ദേഹം ശ്രമിച്ചു. ടിനി ടോം പ്രധാന വേഷത്തിലെത്തിയതും അൻസിബ അഭിനയിച്ചതുമായ ഒരു സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനക്കുന്നിന്റെ മകനെ അൻസിബ നിർബന്ധിച്ച് മതപരിവർത്തനം നടത്താൻ ശ്രമിച്ചുവെന്നായിരുന്നു ടിനി ടോമിന്റെ പ്രധാന പ്രചാരണം.

ഇതുസംബന്ധിച്ച് ‘അമ്മ’ സംഘടനയ്ക്കുള്ളിലും പുറത്തും ടിനി ടോം കള്ളക്കഥകൾ പ്രചരിപ്പിച്ചു. “ഭാഗ്യത്തിന് രാജീവ് കുടപ്പനക്കുന്നും അദ്ദേഹത്തിന്റെ മകനും സത്യസന്ധമായി നിലകൊണ്ടു. അവർ ഈ പ്രചാരണം വ്യാജമാണെന്ന് തുറന്നുപറഞ്ഞ് രംഗത്തെത്തിയതുകൊണ്ടാണ് ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നത്; അവരും കൂടി മാറ്റിപ്പറഞ്ഞിരുന്നെങ്കിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ഞാൻ ഇപ്പോൾ ഏതെങ്കിലും ജയിലിൽ കിടക്കേണ്ടി വന്നേനെ” എന്ന് അൻസിബ വൈകാരികമായി പറഞ്ഞു. ഇത്രയും വലിയ ക്രിമിനൽ ഗൂഢാലോചന നടത്തിയ ടിനി ടോം ഇതിനുള്ള ശിക്ഷ അനുഭവിച്ചേ തീരൂ എന്നും അൻസിബ വ്യക്തമാക്കി.

‘അമ്മ’ ഭരണസമിതിയിൽ വിശ്വാസമില്ല; പുതിയ സമിതി വേണം

താരസംഘടനയായ ‘അമ്മ’യ്ക്കെതിരെയും കടുത്ത വിമർശനങ്ങളാണ് മുൻ ജോയിന്റ് സെക്രട്ടറി കൂടിയായ അൻസിബ ഉന്നയിച്ചത്. സംഘടനയ്ക്കുള്ളിൽ താൻ നേരത്തെ പലതവണ പരാതി നൽകിയിട്ടും ആരും കേൾക്കാൻ കൂട്ടാക്കിയില്ല. പിന്നീട് മാധ്യമങ്ങളുടെ കടുത്ത സമ്മർദ്ദം ഉണ്ടായപ്പോൾ മാത്രമാണ് പരാതി കേൾക്കാൻ പോലും ഭരണസമിതി തയ്യാറായത്. നിലവിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ ഒട്ടും വിശ്വാസമില്ലാത്തതുകൊണ്ടാണ് താൻ പദവി രാജിവെച്ചതെന്നും അൻസിബ ഓർമ്മിപ്പിച്ചു.

“എനിക്ക് നീതി തരാത്ത, ടിനി ടോമിനെ പരസ്യമായി പിന്തുണയ്ക്കുന്ന പ്രസിഡന്റും എനിക്കെതിരെ വ്യാജപരാതി നൽകിയ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയയും ഇരിക്കുന്ന അതേ കമ്മിറ്റിക്ക് മുന്നിൽ ഞാൻ ചെന്ന് ഹാജരാകണമെന്ന് പറയുന്നത് എന്നെ പരിഹസിക്കുന്നതിന് തുല്യമാണ്. കുറ്റാരോപിതർ തന്നെ ജഡ്ജിമാരായി ഇരുന്ന് ഇരയ്ക്ക് നീതി തരുന്ന കാര്യം ഞാൻ ആദ്യമായാണ് കേൾക്കുന്നത്.” അൻസിബ പറഞ്ഞു.

ഭരണസമിതിക്ക് മുൻപിൽ ഹാജരാകില്ലെന്ന് വ്യക്തമാക്കിയ അൻസിബ, പരാതി അന്വേഷിക്കാൻ പക്ഷപാതമില്ലാത്ത മറ്റൊരു സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു. മാലാ പാർവതി, രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ എന്നിവരുടെ പേരുകൾ സമിതിക്കായി താൻ നിർദേശിച്ചുവെന്നും, അവർക്ക് അസൗകര്യമുണ്ടെങ്കിൽ മറ്റാരെയെങ്കിലും വെച്ച് പുതിയ സമിതിയുണ്ടാക്കാൻ ആവശ്യപ്പെട്ടിട്ടും സംഘടനയിൽ നിന്നും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി.

വനിതാ എസ്‌ഐക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

നടി ലക്ഷ്മിപ്രിയ നൽകിയ ഒരു വ്യാജ പരാതിയുടെ പേരിൽ തൃപ്പൂണിത്തുറ ഹിൽപ്പാലസ് പോലീസ് സ്‌റ്റേഷനിലെ വനിതാ എസ്‌ഐ വി.ആർ. രേഷ്മ തട്ടിക്കൊണ്ടുപോകുന്നതിന് സമാനമായ രീതിയിൽ തന്നെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ക്രൂരമായി മാനസികമായി പീഡിപ്പിച്ചുവെന്നും അൻസിബ ആരോപിച്ചു. ഇതുസംബന്ധിച്ച് അൻസിബ മുഖ്യമന്ത്രിക്ക് നൽകിയ പരാതി അടിയന്തര തുടർനടപടികൾക്കായി ഡിജിപിക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൃക്കാക്കര എസിപി ഓഫീസിൽ അൻസിബയുടെ വിശദമായ മൊഴിയെടുപ്പ് പൂർത്തിയാക്കിയത്.

English Summary

Actress and former ‘AMMA’ Joint Secretary Ansiba Hassan launched a scathing attack against actor Tini Tom, calling him a “social hazard” and accusing him of communal profiling. Speaking to the media in Kochi, Ansiba alleged that Tini Tom falsely labeled her a ‘Jihadi’ and spread rumors within the association and outside that she attempted to forcefully convert a production controller’s son. Ansiba stated she would have been jailed for treason if the family hadn’t exposed the lie. Refusing to appear before the current AMMA executive body, which includes accused members, she demanded an independent committee featuring members like Mala Parvathi or Ramesh Pisharody to probe her complaint. She gave her official statement to the Thrikkakara ACP regarding her harassment complaint against Tripunithura Women’s SI V.R. Reshma and actress Lakshmipriya.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News