KeralaNews

അരിക്കൊമ്പന്‍ പോയെങ്കിലും രക്ഷയില്ല,ചിന്നകനാലിൽ വീണ്ടും കാട്ടാന ആക്രമണം, ചക്കകൊമ്പൻ ഉൾപ്പെട്ട കൂട്ടം ഷെഡ് തക‍ർത്തു

ഇടുക്കി : അരിക്കൊമ്പനെ നീക്കിയതിന് പിന്നാലെ ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. കാട്ടാന കൂട്ടം ഷെഡ് തകർത്തു. വിലക്ക് മൗണ്ട് ഫോർട്ട് സ്കൂളിന് സമീപം രാജൻ്റെ ഷെഡാണ് കാട്ടാനക്കൂട്ടം തകർത്തത്. ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ഷെഡിൽ ആരും ഉണ്ടായിരുന്നില്ല.

ചക്കകൊമ്പൻ ഉൾപ്പെട്ട കൂട്ടമാണ് ആക്രമണം നടത്തിയത്. രണ്ട് ദിവസം മുമ്പാണ്, അപകടകാരിയായ അരിക്കൊമ്പനെ ഏറെ പണിപ്പെട്ട് ചിന്നക്കനാലിൽ നിന്ന് പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ സീനിയറോട വനമേഖലയിൽ ഇറക്കി വിട്ടത്. ഇതിന് പിന്നാലെ ചിന്നക്കനാലിലെ ജനങ്ങൾ ഏറെ സമാധാനത്തോടെ ഇരിക്കെയാണ് ചക്കക്കൊമ്പനടങ്ങിയ സംഘത്തിന്റെ ആക്രമണം.

പെരിയാർ കടുവ സങ്കേതത്തിലെ വനമഖലയിൽ ചുറ്റിത്തിരിയുകയാണ് അരിക്കൊമ്പൻ. ഇന്നലെ വൈകീട്ട് ലഭിച്ച സിഗ്നൽ പ്രകാരം മേദകാനം ഭാഗത്താണുണ്ടായിരുന്നത്. ഇറക്കി വിട്ട സ്ഥലത്തുനിന്നും മൂന്ന് കിലോമീറ്റ‌ർ ദൂരത്തിനുള്ളിൽ അരിക്കൊമ്പൻ ഉണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

തുമ്പിക്കൈയിലെ മുറിവിനുള്ള മരുന്ന് നൽകിയിരുന്നു. ഇന്ന് മുതൽ ആന പൂർണമായും മയക്കത്തിൽ നിന്ന് ഉണരുമെന്നാണ് വനം വകുപ്പിന്‍റെ കണക്കൂകൂട്ടൽ. അതേസമയം,അരിക്കൊമ്പൻ ജനവാസ മഖലയിലേക്ക് കടക്കില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. 

അരിക്കൊമ്പൻ ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിനെ കുറിച്ച് വിശദീകരിച്ച് ദൗത്യ സംഘാംഗങ്ങളായ ഡോ.  അരുൺ സക്കറിയയും സിസിഎഫ് ആർ എസ് അരുണും സംസാരിച്ചിരുന്നു. പെരിയാർ കടുവാ സങ്കേതത്തിലെ ഉൾക്കാട്ടിൽ വിട്ട അരിക്കൊമ്പനെ റേഡിയോ കോളർ വഴി നിരീക്ഷിച്ചുവരികയാണെന്നും ചെറിയ പരിക്കുകൾ സാരമുള്ളതല്ലെന്നും ഡോ.  അരുൺ സക്കറിയ വിശദീകരിച്ചു. 

റേഡിയോ കോളർ വഴി ശക്തമായ നിരീക്ഷണം തുടരും. പുതിയ സ്ഥലവുമായി പൊരുത്തപ്പെടാൻ ആനയ്ക്ക് സമയം എടുക്കും. ഇനി ജനവാസ മേഖലയിൽ ഇറങ്ങില്ലെന്നാണ് കരുതുന്നത്. അഞ്ചു മയക്കുവെടി വെച്ചത് ആരോഗ്യത്തെ ബാധിക്കില്ല. ശരീരത്തിലുള്ള മുറിവുകൾക്ക് ചികിത്സ നൽകിയിട്ടുണ്ട്. അരിക്കൊമ്പനെ പുതിയ സ്ഥലത്തേക്ക് മാറ്റുമ്പോൾ കുമളിയിൽ ഉൾപ്പെടെ എല്ലായിടത്തും ലഭിച്ച സ്വീകരണം വലിയൊരു മാതൃകയാണ്.

വിവിധ വകുപ്പുകളുടെ ടീം വർക്കാണ് ദൗത്യം വിജയത്തിലേക്കെത്തിച്ചതെന്നും സിസിഎഫ് ആർ എസ് അരുൺ വിശദീകരിച്ചു. നാട്ടുകാരും ആരോഗ്യവകുപ്പും വനം വകുപ്പും കെഎസ് ഇബിയും അടക്കം ചേർന്നുള്ള ടീം വർക്കാണ് വിജയത്തിലേക്ക് എത്തിച്ചത്. നാട്ടുകാരുടെ സഹകരണം എടുത്തുപറയേണ്ടതായിരുന്നുവെന്നും സിസിഎഫ് ആർ എസ് അരുൺ വിശദീകരിച്ചിരുന്നു. പുലർച്ചെ നാലേടെയാണ് അരിക്കൊമ്പനെ പെരിയാർ വനമേഖലയിൽ തുറന്നുവിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button