തിരുവനന്തപുരം: രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സംസ്ഥാനത്ത് മറ്റൊരു പ്രതിരോധ വാക്സിന് കൂടി നല്കുന്നു. ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് (പി.സി) എന്ന വാക്സിനാണ് മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിലും നല്‍കുന്നത്. ന്യുമോണിയക്കെതിരേയുള്ള പ്രതിരോധ കുത്തിവെയ്പ്പാണിത്.
ഒന്നരമാസത്തിലും മൂന്നരമാസത്തിലും ഒരോ ഡോസ് വീതവും ഒരു വയസിന് ശേഷം ബൂസ്റ്റര്‍ ഡോസുമാണ് പി.സി വാക്സിന് നടപ്പിലാക്കിയ സംസ്ഥാനങ്ങളില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നത്. അതേസമയം, കേരളത്തില്‍ വാക്സിന് വിതരണം ഏത് തരത്തിലാണെന്ന് തീരുമാനമായിട്ടില്ല.
പലപ്പോഴും ന്യുമോണിയ ഗുരുതരമാകാനുള്ള കാരണം ന്യൂമോ കോക്കല്‍ ബാക്ടീരിയയാണ്. പുതിയ വാക്സിന് ന്യുമോണിയയും അതുമായി ബന്ധമുള്ള മറ്റ് രോഗങ്ങളും തടയാനാകും. രക്തത്തിലും ചെവിയിലുമുണ്ടാകുന്ന അണുബാധയ്ക്കും മെനിഞ്ചൈറ്റിസിനും ന്യൂമോ കോക്കല്‍ ബാക്ടീരിയ കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
അതേസമയം എഴുപത്തിയൊന്ന് ശതമാനം കുട്ടികളിലും കൊറോണക്കെതിരായ പ്രതിരോധശേഷി വര്‍ദ്ധിച്ചുവെന്നും അതിനാല്‍ കൊറോണ മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കല്ലെന്നുമാണ് പഠനം. ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്യുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആനഡ് റിസര്‍ച്ച് (പിജിഐഎംഇആര്‍) ഡയറക്ടര്‍ ഡോ. ജഗത് റാമാണ് ഇക്കാര്യം അറിയിച്ചത്.
2,700 കുട്ടികളില്‍ നടത്തിയ പഠനത്തില്‍ എഴുപത്തിയൊന്ന് ശതമാനം കുട്ടികള്‍ക്കും കൊറോണ പ്രതിരോധശേഷി വര്‍ദ്ധിച്ചു എന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇതുകൊണ്ട് തന്നെ മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ല. പഠനത്തിനായി ചണ്ഡീഗഡിലെ ഗ്രാമങ്ങളില്‍ നിന്നും, പട്ടണങ്ങളില്‍ നിന്നും സ്വീകരിച്ച കുട്ടികളുടെ സാമ്പിളുകളാണ് ഉപയോഗിച്ചത്. കുട്ടികള്‍ക്കുള്ള വാക്സിന് ഇതുവരെ നല്കി തുടങ്ങിയിട്ടില്ല എന്നാലും അവരുടെ ശരീരങ്ങളിലുള്ള പ്രതിരോധശേഷിയിലൂടെ കൊറോണയെ ഒരു പരിധി വരെ നേരിടാന്‍ ഇവര്‍ക്ക് സാധിക്കും.
അതസമയം, രണ്ടാം തംരഗത്തില്‍ കുട്ടികളില്‍ കൊറോണ ബാധ വര്‍ദ്ധിച്ചു. മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ നടത്തിയ പഠനമനുസരിച്ച് ഒന്നു മുതല്‍ പത്തു വയസ്സുവരെയുള്ള കുട്ടികളില്‍ രോഗബാധിതരുടെ ശതമാനം ഉയര്‍ന്നു. നൂറ് രോഗികളില്‍ ഏഴ് പേര് കുട്ടികള്‍ എന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രതയാണ് ആവശ്യമെന്നും അധികൃതര്‍ അറിയിച്ചു. കൊറോണ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണ് രാജ്യം. ഇതിനാല്‍ ജാഗ്രത കൈവിടരുതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത അധികാര സമിതിക്ക് പിജിഐഎംഇആര്‍ മുന്നറിയിപ്പ് നല്കി.