കോട്ടയം: ശബരിമല തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് ചെന്നൈ – കോട്ടയം റൂട്ടിൽ പുതിയ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ചെന്നൈ എഗ്മോർ സ്റ്റേഷനിൽ നിന്ന് കോട്ടയത്തേക്കാണ് പുതിയ സർവീസ്. ശബരി സ്പെഷ്യൽ വന്ദേ ഭാരത് ചെന്നൈ – കോട്ടയം റൂട്ടിൽ സർവീസ് തുടങ്ങിയതിന് പിന്നാലെയാണ് പുതിയ സർവീസും പ്രഖ്യാപിച്ചത്. ഡിസംബർ 18 തിങ്കളാഴ്ച മുതൽ 2024 ജനുവരി 30വരെയുള്ള ദിവസങ്ങളിലാണ് ശബരി സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. ട്രെയിനിന്‍റെ ബുക്കിങ് ആരംഭിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു.
06117/06118 ചെന്നൈ എഗ്മോർ – കോട്ടയം – ചെന്നൈ എഗ്മോർ ട്രെയിനാണ് ഉത്സവ സീസണിൽ സർവീസ് നടത്തുക. ചെന്നൈയിൽ നിന്ന് കോട്ടയത്തേക്കുള്ള ട്രെയിൻ രാത്രി 10:45നാണ് സർവീസ് ആരംഭിക്കുക. പിറ്റേദിവസം ഉച്ചയ്ക്ക് 1:10ന് ട്രെയിൻ കോട്ടയത്ത് എത്തിച്ചേരും.
ആദ്യ സർവീസ് ഡിസംബർ 18 തിങ്കളാഴ്ച രാത്രിയാണ് പുറപ്പെടുക. 2024 ജനുവരി 1, 8, 15, 22, 29 തീയതികളിലാണ് ചെന്നൈയിൽനിന്ന് കോട്ടയത്തേക്കുള്ള മറ്റു സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ആറ് സർവീസുകളാണ് ട്രെയിൻ നടത്തുക.
കോട്ടയത്തുനിന്ന് ചെന്നൈയിലേക്കുള്ള മടക്കയാത്ര കോട്ടയം സ്റ്റേഷനിൽനിന്ന് രാത്രി 07 മണിയ്ക്കാണ് ആരംഭിക്കുക. പിറ്റേന്ന് രാവിലെ 10:30നാണ് ട്രെയിൻ ചെന്നൈയിലെത്തുക. ഡിസംബർ 19, 2024 ജനുവരി 2, 9, 16, 23, 30 തീയതികളിലാണ് ചെന്നൈയിലേക്കുള്ള ആറ് സർവീസുുകൾ.
രണ്ട് എസി ടു ടയർ കോച്ചുകളും 9 സ്ലീപ്പർ ക്ലാസ് കോച്ചുകളും, 5 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും ഭിന്നശേഷിക്കാർക്കായുള്ള രണ്ട് സെക്കൻഡ് ക്ലാസ് കോച്ചുകളുമുള്ള ട്രെയിനാണ് സർവീസ് നടത്തുക.
ചെന്നൈ എഗ്മോറിന് പുറമെ പേരമ്പൂർ, ആരക്കോണം, കാട്പാടി, ജോളാർപേട്ടൈ, സേലം, ഈറോഡ്, തിരുപ്പൂർ, പോടനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം നോർത്ത് കോട്ടയം എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുകളുണ്ടാവുക. 12 സർവീസുകളുടെയും ബുക്കിങ് ആരംഭിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു.